മിനി സിവില്‍സ്റ്റേഷനിലെ കിണര്‍ ശുചീകരിച്ചു
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരി മിനി സിവില്‍സ്‌റ്റേഷനില്‍ ശുദ്ധജലം ഉറപ്പാക്കാന്‍ ഒടുവില്‍ അധികൃതരുടെ നടപടി. കിണറില്‍ കക്കൂസ് മാലിന്യമെന്ന് പരാതിയുയര്‍ന്നെങ്കിലും അധികൃതര്‍ തികഞ്ഞ മൗനത്തിലായിരുന്നു. നിരവധി ഓഫിസുകളിലേക്ക് വെള്ളം എത്തിക്കുന്ന കിണര്‍ മലിനമായതോടെ ജീവനക്കാര്‍ കടുത്തപ്രതിഷേധത്തിലായിരുന്നു.
തഹസില്‍ദാര്‍ക്കും, നഗരസഭക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണമുയരുകയും ചെയ്തു. നിരവധി ജീവനക്കാരെ കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം കുടിപ്പിക്കുന്ന നിലപാടാണ് അധികൃതര്‍ കൈകൊള്ളുന്നതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തിയിരു ന്നു. നഗരഹൃദയത്തിലാണ് മാലിന്യം നിറഞ്ഞ കിണര്‍ സ്ഥിതി ചെയ്തിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി ഈ വെള്ളത്തിന് നീല നിറമാണെന്നും, രൂക്ഷമായ ദുര്‍ഗന്ധമാണെന്നും ജീവനക്കാര്‍ പരാതിപ്പെട്ടിരുന്നു. സിവില്‍ സ്‌റ്റേഷനിലെ എല്ലാ ഓഫിസുകളിലേക്കും ഈ കിണറില്‍ നിന്നാണ് വെള്ളം പമ്പു ചെയ്തിരുന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസുകളിലെത്തുന്ന നിരവധി ജനങ്ങള്‍കുടിച്ചിരുന്നതും ഈ വെള്ളമാണ്. വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തതാണെന്ന് അറിയിച്ച് ജോയിന്റ് ആര്‍.ടി.ഒ തലപ്പിള്ളി തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കിയിരുന്നതാണ്. എന്‍.ജി.ഒ യൂനിയനും രംഗത്തെത്തിയിരുന്നു. ഇതിനൊടുവിലാണ് കിണര്‍ ശുചീകരിച്ചതും, പുതിയ കുഴല്‍ കിണര്‍ നിര്‍മിച്ചതും.
മലനമായ കിണറിലെ വെള്ളം മുഴുവന്‍ അടിച്ച് വറ്റിച്ചതിന് ശേഷമാണ് ശുചീകരണം നടന്നത്. ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കുഴല്‍ കിണര്‍ നിര്‍മിച്ചത്. നഗരഹൃദയത്തില്‍ 160 അടി താഴ്ത്തിയപ്പോള്‍ തന്നെ ജലസമൃദ്ധി ഉറപ്പാവുകയും ചെയ്തു.
പ്രതിസന്ധി തീരുന്നതുവരെയുള്ള ജല ഉപയോഗത്തിനായി 12,000 ലിറ്റര്‍ വെള്ളം ടാങ്കുകളില്‍ സംഭരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."