മഴക്കെടുതികള്‍ മാപ്പിളപ്പാട്ടുകളില്‍
ചുട്ടുപൊള്ളുന്ന വേനല്‍ചൂടിനറുതി വരുത്തി മണ്ണിനും മനസിനും കുളിരുപകര്‍ന്ന് വീണ്ടുമൊരു മഴക്കാലം. മലയാളിയുടെ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാവാത്തതാണ് മഴയും മഴക്കാലവും. മലയാളിയുടെ കുന്നിലും വയലിലും പാടത്തും പറമ്പത്തും മഴപെയ്യുന്നതുപോലെ മലയാളത്തിന്റെ വരകളിലും വരികളിലും അക്ഷരക്കൂട്ടങ്ങളിലും സജീവസാന്നിധ്യമാണ് മഴ. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരില്‍ പലരും തങ്ങളുടെ രചനകള്‍ക്കു നല്‍കിയ തലക്കെട്ട് തന്നെ മഴയുമായി ബന്ധപ്പെട്ടതാണ്.
മഹാകവി പിയുടെ 'കര്‍പ്പൂരമഴ', സുഗതകുമാരിയുടെ 'രാത്രിമഴ,' റോസ് മേരിയുടെ 'ചാഞ്ഞുപെയ്യുന്ന മഴ,' എന്‍ മോഹനന്റെ 'ഇന്നലത്തെ മഴ,' പെരുമ്പടവം ശ്രീധരന്റെ 'ഇലത്തുള്ളികളിലെ മഴ,' കാക്കനാടന്റെ 'മഴനിഴല്‍ പ്രദേശം,' വിജയലക്ഷ്മിയുടെ 'മഴതന്‍ മറ്റേതോ മുഖം,' കെ.എ സെബാസ്റ്റിയന്റെ 'നാല്‍പതാം നമ്പര്‍ മഴ,' പ്രിയ എ.എസിന്റെ 'നനയാത്ത മഴ,' ടി പത്മനാഭന്റെ 'ഒടുവിലത്തെ മഴ'...ഇങ്ങനെ നീണ്ടുപോകുന്നു അവ. 'മഴ'എന്ന പേരില്‍തന്നെ പത്മരാജനും സാറാ ജോസഫും കഥയെഴുതിയിട്ടുണ്ട്.
മലയാളത്തിലെ നോവലുകളിലും കഥകളിലും കവിതകളിലുമൊക്കെ മഴ കടന്നുവരുന്നത് പോലെ മാപ്പിളപ്പാട്ടുകളിലും മഴയും മഴക്കെടുതികളും വിഷയമായിട്ടുണ്ട്. അസാധാരണമായി കാണുന്നവ എന്തും കാവ്യങ്ങളാക്കിയിരുന്ന പൂര്‍വികരായ മാപ്പിള കവികള്‍ക്ക് ഇഷ്ടവിഷയമായിരുന്നു വെള്ളപ്പൊക്കം. ധാരാളം മാപ്പിള കവികള്‍ തദ്‌വിഷയത്തില്‍ ഇശല്‍മാല കോര്‍ത്തിട്ടുണ്ട്.
ആ ഗണത്തില്‍ ഏറെ ശ്രദ്ധേയവും മാപ്പിള ഗാനാസ്വാദകരുടെ ഹൃദയാന്തരങ്ങളില്‍ ആഴ്ന്നിറങ്ങിയതുമായ ഒരു ഗാനമുണ്ട്. 1923 ലുണ്ടായ വെള്ളപ്പൊക്കക്കെടുതികള്‍ ആസ്പദമാക്കി കൊടുവള്ളി പന്നൂര്‍ സ്വദേശി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ രചിച്ച ഈ ഗാനം ഗാനഗന്ധര്‍വന്‍ യേശുദാസ് ആലപിച്ചിട്ടുണ്ട്.
''ഇമ്മലയാളത്തിക്കുറി വന്നതുപോലൊത്തൊരു മലവെള്ളം
ദമ്മ്‌ല് മുമ്പ് കേറിയതാരും കണ്ടില്ല
എത്തറമാടം പീടിക വീടും തോടും മലകുന്നും
കുത്തിയിടിഞ്ഞു ഒലിച്ചതിനൊന്നും മട്ടില്ല''
എന്നു തുടങ്ങുന്ന ഈ ഗാനത്തില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളെയും അതുണ്ടാക്കി വച്ച കെടുതികളെയും വിവരിക്കുന്നുണ്ട്. കൂട്ടത്തില്‍ പൊങ്ങിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ നിന്നു പ്രാണന്‍ രക്ഷിക്കാനായി വളര്‍ത്തു മൃഗങ്ങളായ പട്ടിയും പൂച്ചയും പുരപ്പുറമേറുന്ന രംഗങ്ങള്‍ വരെ ചിത്രീകരിച്ചിട്ടുണ്ട്.
''ഇടവരാത്രിതന്‍ കരിമുകില്‍ചിറ
മുറിഞ്ഞ പേമഴയിടിഞ്ഞു ചാടുന്നു
ഇടയ്ക്കു കൊള്ളിയാന്‍ വെളിച്ചത്തില്‍ കാണാം
കടപുഴകിയ മരങ്ങളും ചത്ത മൃഗങ്ങളും
മര്‍ത്യജഡങ്ങളും ജലപ്രവാഹത്തില്‍
ചുള്‍ന്നൊലിച്ചു പോവുന്നു''
എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രളയത്തെപ്പറ്റി എഴുതിയ അതേരംഗങ്ങള്‍ മിക്ക മാപ്പിളകവികളും ഇശലുകളില്‍ കോര്‍ത്തിട്ടുണ്ട്. ''ഏറിയ ഊരിന്നാടും കാടും മറ്റും മുങ്ങിപ്പൊങ്ങി
അണ്ണിയെടുത്ത് മലച്ചു ചവങ്ങളായിട്ട്
എത്തറകോഴി പരുത്ത പെരുമ്പാമ്പിന്റെ മലമൂര്‍ക്കന്‍
കുത്തിയൊലിച്ചു പുള്‍ക്കുമേല്‍ ചീര്‍ത്ത് പോയിട്ടേ''
1961 ല്‍ ഉണ്ടായ വെള്ളപ്പൊക്ക കെടുതികള്‍ വിവരിച്ചുകൊണ്ട് പ്രശസ്ത മാപ്പിളപ്പാട്ടു കവി പുലിക്കോട്ടില്‍ ഹൈദര്‍ 'വെള്ളപ്പൊക്കമാല' എന്ന പേരില്‍ ഒരു കാവ്യം രചിച്ചിട്ടുണ്ട്. കൊമ്പ് ഇശലാണ് ഇതിന് കവി സ്വീകരിച്ചത്. വെള്ളപ്പൊക്കമുണ്ടായ കാലം രേഖപ്പെടുത്തിയാണ് തുടക്കം.
''കൊല്ലം ഒരുനൂറ്റി മുപ്പത്താറിതില്‍
വെള്ളപ്പൊക്കം കൊണ്ടുളള പത്ത്-പിണ
ഞ്ഞല്ലോ വളരെയിക്കാലത്ത്
തുള്ളിമുറിയാതെ മാരിചൊരിഞ്ഞും
നാരം ഉറഞ്ഞും
തോടും പുള്‍കളും പാടം നിറഞ്ഞും
റോഡ് കവിഞ്ഞും-വന്ന്
പുരയില്‍ കടന്ന്-ചുമരും തകര്‍ന്ന്
പൊട്ടിപ്പൊളിന്താനെ-മനമുറ്റം
തമര്‍ന്നാനെ...''
ഇങ്ങനെ പോകുന്നു സാമാന്യം നീണ്ട ഈ കാവ്യം. മാപ്പിള കവികളുടെ ഇഷ്ടവിഷയമായിരുന്ന വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള നിരവധി മാപ്പിളപ്പാട്ടുകള്‍ കണ്ടെത്താനാവും.
''ഒട്ടേറെയാളുകള്‍ വീട്ടീന്നൊഴിയും
കാട്ടില്‍ വസിച്ചും ഊക്കം പാലം റോഡും കുത്തിയൊലിച്ചും ചത്ത് മലച്ചുംപോയി.
പട്ടിയും, നാടി പൂച്ചയും കോഴി കൂടെ
പെരുത്താടും പശുമാടും നശിച്ചാനെ...''
ഇതുപോലുള്ള വരികളില്‍ പുലിക്കോട്ടില്‍ ഹൈദര്‍ വെള്ളപ്പൊക്ക മാല സമ്പുഷ്ടമാക്കിയിട്ടുണ്ട്. 1961 ലെ വെള്ളപ്പൊക്കം, മറ്റൊരു കവിയായിരുന്ന ഹാജി അബ്ദുറസാഖ് 'ഇബ്‌റാഹിം നബി മണവാളും ഇരിക്കുമ്പോള്‍' എന്ന ഇശലില്‍ മനോഹരമായ കെസ്സ് രചിച്ചിട്ടുണ്ട്.
''പെരുത്തുണ്ട് പറയാന്‍ ഇക്കൊല്ലം മലവെള്ളം
വരുത്തിവെച്ചനര്‍ഥപാരമെ
പതിവിതില്‍ പടിവെള്ളം പണ്ടും കയറലു-
ണ്ടിതുപോലിലൊരിക്കലും ഘോരമേ
ഉരത്തില്‍ ഉഗ്രതയോടെ മലവെള്ളം പുളച്ചു
ഉടന്‍ ഭയങ്കര ശബ്ദം മുഴക്കിക്കൊണ്ടലച്ചു
തുരുത്തിക്കുന്നുകള്‍ മല ചുരവും കൊള്ളിടിച്ചു
തുളുമ്പി പൊങ്ങിടും വെള്ളച്ചുഴലില്‍ പെട്ടുലച്ചു
തെങ്ങ്, കവുങ്ങ്, പിലാവിട മാവുകളും-വിലകൂടും
തേക്ക് കരിമരം വീട്ടി ഇരുളുകളും- അടിതെറ്റി
പൊട്ടി മുറിഞ്ഞും പൊരിഞ്ഞും
കെട്ടി മറിഞ്ഞും ചെരിഞ്ഞും
കുത്തിയൊലിച്ചു വരുന്നതാവെള്ളം
കത്തിയെരിഞ്ഞു പൊരിഞ്ഞിടുന്നുള്ളം''
പ്രസിദ്ധ കത്തുപാട്ട് രചയിതാവായായിരുന്ന കൊണ്ടോട്ടിയിലെ തൊട്ടോളി മുഹമ്മദ് തന്റെ സുഹൃത്തിനയച്ച കത്തുപാട്ടില്‍ മഴക്കെടുതികള്‍ വിവരിച്ചിരുന്നു. പിന്നീടത് ആ ഗണത്തിലെ പ്രധാനപ്പെട്ടൊരു കലാസൃഷ്ടിയാവുകയായിരുന്നു.
(ഇശല്‍-കൊമ്പ്)
''പെന്നേവന്‍ ഇടിമിന്നും മഴവെള്ളം കൊടുങ്കാറ്റും
പെരുത്ത്പാലവും റോട്ടില്‍ മരങ്ങളും മറ്റും-വീണ്
പൊളിഞ്ഞുള്ള പുരകള്‍ക്ക് കണക്കില്ലൊട്ടും
പലപല പതിക്കായിട്ടും
മഴ തിമിര്‍ത്ത് പെയ്ത് ദുരിതം വിതച്ച മാസവും തിയ്യതിയും സമയവും ഇതില്‍ കവി വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
''വന്നുള്ള ദുരിതങ്ങള്‍ ജമാദുല്‍ അവ്വല്‍ മാസം
പതിമൂന്നും പകല്‍പത്ത് മണിക്കുശേഷം-ഇന്തെ
പതിക്കൊരു കൊടുങ്കാറ്റും ജലത്തിന്‍ നാശം-
കൊണ്ട് ഭവിത്തെ ക്ലേശം''
വെള്ളപ്പൊക്കം ഇശിലുകളാക്കുന്ന കാര്യത്തില്‍ വടക്കിന്റെ കവികളും പിന്നിലായിരുന്നില്ല. ഇശല്‍ ഗ്രാമമായ മൊഗ്രാല്‍ കവികളില്‍ പ്രമുഖനും നിരവധി മാപ്പിളപ്പാട്ടുകളുടെ രചയിതാവുമായ മൊഗ്രാല്‍ അഹ്മദ് ഇസ്മാഈല്‍ 1944 ല്‍ ദക്ഷിണ കന്നഡയില്‍ വന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി രചിച്ച 'ജലബാധ' എന്ന ഗാനം ഈ രംഗത്ത് പ്രസിദ്ധിയാര്‍ജിച്ചതാണ്.
''സൗത്ത് കനറ ജില്ലയില്‍ വന്നൊരു
വെള്ളപ്പൊക്കം കൊണ്ടുണ്ടായൊരു
നാശം നഷ്ടം കഷ്ടം ചിന്താനെന്തന്നേ
ഇക്കുറി പോലോത്തൊരു മലവെള്ളം
സാക്ഷാല്‍ ഇതിനു മുമ്പൊരു കൊല്ലം
വന്നതും കണ്ടതും കേട്ടതുമില്ലാ
വയസ്സന്‍മാരും ചിന്തുന്നേ...''
എന്നു തുടങ്ങുന്ന പ്രസ്തുത ഗാനം വെള്ളപ്പൊക്കത്തില്‍പെട്ട ഒരു വീട്ടിലെ പലതരം വീട്ടുപകരണങ്ങള്‍ ഒഴുകിപ്പോകുന്ന രംഗം വിവരിക്കുന്നത് കാണുക:
''ചൂലും അയലും വസ്ത്രം കയിലും കലവും ഒഴുകുന്നേ
സൂക്ഷിച്ചുള്ളൊരു പെട്ടീം പൊന്നും പണവും പോകുന്നേ
കാലിപോത്തും കോഴി ആടും മാടും ചാകുന്നേ
കട്ടില് മേശ കസേര്‍ കുര്‍സ് കപാട്ടും നീങ്ങുന്നേ
സ്വത്തായും പത്തായും എള്ളും പലപല നെല്ലും അരിയും...''
പ്രാദേശികമായി ധാരാളം നിമിഷ കവികള്‍ കെസ്സുപാട്ടുകള്‍ രചിച്ചവരുണ്ട്. അവരില്‍ പലരും മഴയും മഴക്കെടുതികളും കാവ്യവിഷയമാക്കിയതായി കാണാന്‍ കഴിയും. മാപ്പിളപ്പാട്ടിലെ മഴസാന്നിധ്യം ചികഞ്ഞുപോയാല്‍ പരശ്ശതം കണ്ടെത്താനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."