ഓഖി ദുരന്തം: സര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
കൊച്ചി: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി. വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ മാത്രം പോരാ ജനങ്ങളുടെ ദുരിതം അകറ്റുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ക്കായുള്ള നടപടികളും ഉണ്ടാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്ക് പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് നിര്‍മിച്ചു നല്‍കുന്ന അഞ്ചു സ്‌നേഹവീടുകളില്‍ നായരമ്പലം വാടേല്‍ കടപ്പുറത്തെ വിധവയായ മേരി ജോസഫിനു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
സംസ്ഥാനത്തെ മത്സ്യതൊഴിലാളികളുടെ വായ്പ അടക്കമുള്ള കടങ്ങള്‍ എഴുതി തള്ളുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തുവെങ്കിലും പാലിച്ചില്ല. ദുരന്ത ബാധിതരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഇനിയും വൈകിയാല്‍ സര്‍ക്കാരിനെതിരേ സമരം ചെയ്യേണ്ടി വരും.
സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ നടപടികള്‍ വാഗ്ദാനങ്ങളായി മാത്രം നിലനില്‍ക്കെ കെ.വി തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ചെല്ലാനം കണ്ണമാലി പ്രദേശത്ത് നിര്‍മിക്കുന്ന നാലു സ്‌നേഹവീടുകളുടെ നിര്‍മാണം മെയ് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രൊഫ. കെ.വി തോമസ് എം.പി പറഞ്ഞു. വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിതിന്റെ മകളുടെ വദ്യാഭ്യാസത്തിനായി വിദ്യാധനം ട്രസ്റ്റ് നല്‍കുന്ന രണ്ടര ലക്ഷം രൂപ 23ന് ഉമ്മന്‍ ചാണ്ടി ശ്രീജിതിന്റെ കുടുംബത്തിനു കൈമാറുമെന്ന് കെ.വി തോമസ് അറിയിച്ചു. രണ്ട് കിടപ്പുമുറികള്‍, ശുചി മുറി, സ്വീകരണമുറി എന്നിവ അടങ്ങുന്ന സ്‌നേഹ വീടിന്റെ ആശീര്‍വാദ കര്‍മം വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് റവ. ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു.
പ്രൊഫ.കെ.വി തോമസ്. എം.പി. അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍ എം.എല്‍.എ. എം.എ ചന്ദ്രശേഖരന്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വൈപ്പിന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ജോഷി, നായരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഷിബു, ജില്ലാ പഞ്ചായത്തംഗം റോസ് മേരി ലോറന്‍സ്, വൈപ്പിന്‍ ബ്ലോക് പഞ്ചായത്തംഗം സി.സി സിജി, നായരമ്പലം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോബി വര്‍ഗീസ്, നായരമ്പലം ഗ്രാമ പഞ്ചായത്തംഗം കെ.എസ് രാജന്‍ എന്നിവര്‍ പങ്കടുത്തു. വിദ്യാധന ട്രസ്റ്റി എന്‍.എന്‍ സുഗുണപാലന്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."