പോസ്റ്റ് ഓഫിസിലേക്കുള്ള വഴി അടച്ചു; ജനം ദുരിതത്തില്‍
ഹരിപ്പാട്: പോസ്റ്റ് ഓഫിസിലേക്കുള്ള വഴി കെട്ടി അടച്ചു. ഹരിപ്പാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്കുള്ള വഴിയാണ് ഇതോടെ ഇല്ലാതായത്. പഴയ താലൂക്ക് ഓഫിസിനും കോടതിക്കെട്ടിടത്തിനും നടുവിലൂടെയായിരുന്നു പോസ്‌റ്റോഫിസിലേക്കുള്ള വഴി ഉണ്ടായിരുന്നത്. റവന്യൂ ടവ്വര്‍ പണിയുന്നതിന് വേണ്ടി പുരാതനമായ താലൂക്ക് ഓഫിസ് കെട്ടിടവും കോടതി കെട്ടിടവും പൊളിച്ച സമയത്ത് പോസ്റ്റ് ഓഫിസിലേക്കുള്ള വഴി തടസപ്പെടുത്തുകയില്ലെന്നും പുതിയ റവന്യൂ കെട്ടിടം പണി തീരുമ്പോള്‍ കിഴക്കുഭാഗത്ത് കൂടി പോസ്റ്റ് ഓഫിസിലേക്കുള്ള വഴി നല്‍കുമെന്നുമുള്ള റവന്യു അധികാരികളുടേയും ഹൗസിങ് ബോര്‍ഡ് അധികൃതരുടേയും ഉറപ്പുകള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ട് വഴി കെട്ടിയടക്കുവാന്‍ തുനിഞ്ഞത്.
പ്രധാന ഗേറ്റിലൂടെ പോസ്റ്റ് ഓഫിസിലേക്ക് വഴി സൗകര്യം കൊടുക്കാമെന്നാണ് ഹൗസിങ് ബോര്‍ഡ് അധികൃതരുടെ നിലപാട്. വളരെയേറെ തിരക്കേറിയ പോസ്റ്റ് ഓഫിസാണ് ഹരിപ്പാട്ടേത്. പുരാതനമായ അഞ്ചല്‍ ഓഫിസ് കെട്ടിടവും സ്ഥിതി ചെയ്യുന്നതിവിടെയാണ്. പുതിയ റവന്യു ടവ്വറില്‍ 24 സര്‍ക്കാര്‍ ഓഫിസുകളാണ് പ്രവര്‍ത്തിച്ചു തുടങ്ങുന്നത് ഇത്രയും ഓഫിസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും ജനത്തിരക്കേറും. കൂടാതെ സമരപരിപാടികളും മുടങ്ങാതെ നടക്കും.ഇതിനൊക്കെ പുറമേ റവന്യൂ ടവറിന്റെ മുന്നിലൂടെയുള്ള റോഡിലെ തിരക്കും. ഇതൊക്കെ കൂടിയാകുമ്പോള്‍ പോസ്റ്റ് ഓഫിസിലേക്ക് പോകേണ്ട പ്രായമായവരും സ്ത്രീകളും നന്നേ ബുദ്ധിമുട്ടിലാകും.
പോസ്റ്റ് ഓഫീസ് കെട്ടിടത്തിലും മറ്റും മരാമത്ത് പണികള്‍ വേണ്ടിവന്നാല്‍ അതിനാവശ്യമായ സാധനങ്ങള്‍ എത്തിയ്ക്കുന്നതിനും പ്രയാസമനുഭവപ്പെടും. റവന്യൂ കെട്ടിടത്തിന്റെ കിഴക്കുഭാഗത്തു കൂടി പോസ്റ്റ് ഓഫിസിലേക്കുള്ള വഴികൊടുക്കുകയും മതില്‍ കെട്ടി അടയ്ക്കുന്നതിന് പകരം മതിലില്‍ ഗേറ്റ് സ്ഥാപിക്കുകയും ചെയ്താല്‍ തീരുന്ന ഈ പ്രശ്‌നം അധികൃതരുടെ പിടിവാശി മൂലം നീളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."