ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ പുതിയ സേവന വഴിയിലേക്ക്
കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ പുതിയ സേവന വഴിയിലേക്ക്. സൗജന്യ ഡയാലിസിസിന് പുറമെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സംരക്ഷണം, രോഗ പ്രതിരോധ ബോധവല്‍ക്കരണത്തിനായി മൊബൈല്‍ ലബോറട്ടറിയും പ്രവര്‍ത്തിപ്പിക്കുന്നതിനാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്റര്‍ നാല് മാസത്തിനകം നെടിയിരുപ്പ് കോടങ്ങാട്ട് നിര്‍മാണം പുരോഗമിക്കുന്ന സ്ഥിരം കെട്ടിടത്തിലേക്ക് മാറാനാണ് ശ്രമം. ഇതോടെയാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സംരക്ഷണവും, രോഗ പ്രതിരോധ ബോധവല്‍ക്കരണത്തിനായി മൊബൈല്‍ ലബോറട്ടറിയും ഒരുക്കുക.
കോടങ്ങാട് 40 സെന്റ് സ്ഥലത്ത് മൂന്ന് നിലയിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. താഴെ നിലയില്‍ സൗജന്യ ലാബും, ഫാര്‍മസിയും, ഓഫിസും പ്രവര്‍ത്തിക്കും. ഒന്നാം നിലയിലാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുക. താലൂക്ക് ആശുപത്രിയില്‍ 16 മെഷീനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ആറെണ്ണം സര്‍ക്കാരിന്റെതാണ്. സഊദി പൗരന്‍ അബ്ദുല്ല ആമിര്‍ ഇബ്‌നു മുനീഫ് അല്‍നഹ്ദി ഉള്‍പ്പെടെയുള്ള ഉദാരമതികള്‍ പത്ത് മെഷിന്‍ സംഭാവനയായും നല്‍കി. തുടര്‍ന്നാണ് രണ്ട് വര്‍ഷം മുന്‍പ് ആശുപത്രിയില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ തുടങ്ങിയത്.
മൂന്ന് ഷിഫ്റ്റുകളിലായി 72 പേര്‍ക്ക് നിലവില്‍ ഡയാലിസ് ചെയ്യുന്നുണ്ട്. പുതിയ കെട്ടിടത്തില്‍ നൂറിലേറെ പേര്‍ക്ക് ഡയാലിസിസ് നല്‍കാന്‍ 25 മെഷിനുകളാണ് സ്ഥാപിക്കുന്നത്. ആശുപത്രിയിലെ പത്ത് മെഷിനുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റും. കൊണ്ടോട്ടി ജെ.സി.ഐ നല്‍കിയ ആംബുലന്‍സ് സാധാരണക്കാരയ രോഗികളുടെ യാത്രക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.
ഒരുമാസത്തില്‍ 12 ലക്ഷം വരെ ചെലവ് വരുന്ന സെന്ററിന് വിദേശത്തും നാട്ടിലെ സാധാരണക്കാരില്‍ നിന്നും ഫണ്ട് ശേഖരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ രോഗികളും ചെലവുംകൂടും.ഇതിനുളള ഫണ്ട് കണ്ടെത്തുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍. കൊണ്ടോട്ടി, പുളിക്കല്‍ മേഖലയില്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ എണ്ണം കൂടുതലാണെന്ന് സര്‍വേയില്‍ കണ്ടതിനെ തുടര്‍ന്നാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സെന്റര്‍ തീരുമാനിച്ചതെന്ന് ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ പി.എ ജബ്ബാര്‍ഹാജി പറഞ്ഞു.സഞ്ചരിക്കുന്ന ലബോറട്ടറിയും സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കുക. നേരത്തെ വൃക്ക രോഗികള്‍ കൊണ്ടോട്ടി മേഖലയില്‍ വര്‍ധിക്കുന്നതായി വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത്.
പി.എ ജബ്ബാര്‍ഹാജി(ചെയര്‍മാന്‍), പി.വി മൂസ(ജന.സെക്രട്ടറി), കെ.പി ബാപ്പുഹാജി, പി.വി മുഹമ്മദലി (വൈസ് ചെയര്‍മാന്‍ന്മാര്‍), എം.അബൂബക്കര്‍ ഹാജി(ട്രഷറര്‍)എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നോതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."