ആള്‍ദൈവം ചമഞ്ഞ് തട്ടിപ്പ്: യുവതി പിടിയില്‍
ഇരിട്ടി: ആള്‍ദൈവം ചമഞ്ഞ് നിരവധി പേരില്‍നിന്നു പണം തട്ടിയ വിളക്കോട് സ്വദേശിനിയെ മുഴക്കുന്ന് പൊലിസ് പിടികൂടി. വിളക്കോട് ആവിലത്തെ നാല്‍പതുകാരിയെയാണ് നിരവധിപേരുടെ പരാതിയെ തുടര്‍ന്ന് മുഴക്കുന്ന് എസ്.ഐ പി. രാജേഷ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ സഹായികളായ മറ്റ് മൂന്നുപേരെയും പൊലിസ് കസ്റ്റഡിയിലെടുത്തു. കാക്കയങ്ങാട് ടൗണില്‍ ഒരു സ്വകാര്യ ബാര്‍ ഹോട്ടലില്‍ അടുക്കളയില്‍ ജോലി ചെയ്തിരുന്ന യുവതി തനിക്ക് മൂകാംബിക ദേവിയുടെ ദര്‍ശനം ലഭിച്ചതായും തന്നില്‍ ദേവിയുടെ ചൈതന്യം ഉള്ളതായും സ്വയം പ്രഖ്യാപിച്ച് 'ആവിലം കാവിലമ്മ' എന്ന പേരില്‍ ആള്‍ദൈവം ചമഞ്ഞ് നാട്ടുകാരെ പറ്റിച്ച് 'ഭഗവതിസേവ' നടത്തിവരികയായിരുന്നു. ബാധയൊഴിവാക്കാനും കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക, ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനും ദേവീപൂജ നടത്താമെന്ന് പറഞ്ഞ് പലരില്‍ നിന്നായി പണം വാങ്ങുകയായിരുന്നു. ഒടുവില്‍ പണം കൊടുത്തിട്ടും പ്രശ്‌നം തീരാത്തവര്‍ യുവതിയുടെ കോവിലിലെത്തി ബഹളം വച്ചതിനെ തുടര്‍ന്ന് സമീപവാസികളായ നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പണം വാങ്ങി പ്രശ്‌നം തീര്‍ക്കുന്നതിനു പുറമെ തന്റെ ദര്‍ശനത്തിനായി കോവിലിലെത്തുന്ന ഭക്തര്‍ ദക്ഷിണയായി തേങ്ങയും സമര്‍പ്പിക്കണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ദക്ഷിണയായി ലഭിച്ച തേങ്ങ കൊപ്രയാക്കി ഇവര്‍ വിറ്റിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ യുവതി മൂന്നു മക്കളുടെ അമ്മ കൂടിയാണ്. ഒരാഴ്ചയ്ക്കകം വാങ്ങിയ പണം തിരികെ നല്‍കാമെന്നും പ്രശ്‌നം പരിഹരിക്കാമെന്നും ഇനി കാവിലമ്മ ചമയാനില്ലെന്നും മുഴക്കുന്ന് പൊലിസ് മുമ്പാകെ ഇവര്‍ ഉറപ്പുനല്‍കി പരാതിക്കാരുമായി ധാരണയിലെത്തിയതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."