ആശ്വാസത്തെക്കാളേറെ ആശങ്കയില്‍ കടലിന്റെ മക്കള്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച തീരമേഖലാ നിയന്ത്രണ നിയമത്തിന്റെ കരടു വിജ്ഞാപനം നല്‍കുന്ന ആശ്വാസത്തിനൊപ്പം അതിലേറെ ആശങ്കകളുമായി കടലിന്റെ മക്കള്‍. നിയമത്തിലെ ചില വ്യവസ്ഥകള്‍ തീരദേശത്തിന്റെ ആവാസ വ്യവസ്ഥയെ തകിടംമറിയ്ക്കുമെന്ന ആശങ്ക കടലോര മേഖലയില്‍ വ്യാപകമാണ്.
നേരത്തെയുണ്ടായിരുന്ന വ്യവസ്ഥകളില്‍ മാറ്റംവരുത്തി കടല്‍ത്തീരത്ത് നിന്ന് 50 മീറ്ററിനപ്പുറം മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത് ഏറെ ആശ്വാസകരമായാണ് കടലോര ജനത വിലയിരുത്തുന്നത്. കടലില്‍ പോയി മത്സ്യബന്ധനം നടത്തി ജീവിക്കുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമാണിത്. നേരത്തെ മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. എന്നാല്‍, ഈ ആനുകൂല്യങ്ങള്‍ ടൂറിസം മേഖലക്കുകൂടി നല്‍കിയതിനെ വലിയ ആശങ്കയോടെയാണ് അവര്‍ കാണുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വന്‍കിട സ്ഥാപനങ്ങള്‍ ഈ പ്രദേശങ്ങളില്‍ ഉയര്‍ന്നുവരുന്നതോടെ തീരപ്രദേശം മത്സ്യത്തൊഴിലാളി സമൂഹത്തിന് അന്യമാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
സംരക്ഷിത മേഖലയായിരുന്ന ഇവിടെ നേരത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍, ഇവിടെ ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കുകയാണ്. ഇതുവരെ അനധികൃതമായി നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത ലഭിക്കാനിടയുണ്ട്. തീരമേഖല സ്വകാര്യ സ്ഥാപനങ്ങള്‍ കൈയടക്കാന്‍ ഈ ഇളവ് സൗകര്യമൊരുക്കിയേക്കും. അതൊഴിവാക്കിക്കൊണ്ടുള്ള സമഗ്ര നിയമനിര്‍മാണം വേണമെന്ന ആവശ്യം മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉന്നയിക്കുന്നു.തീരദേശത്തിന്റെ പാരിസ്ഥിതിക സുരക്ഷ ഇതോടെ തകിടംമറിയുമെന്ന ആശങ്കയുമുണ്ട്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടല്‍ക്കാടുകളുള്ള പ്രദേശങ്ങളില്‍ വിജ്ഞാപനമനുസരിച്ച് ഇക്കോ ടൂറിസം പദ്ധതികള്‍ ആരംഭിക്കാം. പകരം മൂന്നിരട്ടി കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനത്തെക്കുറിച്ച് ഉത്തരവില്‍ വ്യക്തതയില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
വിവിധതരം ചെറുജീവികളുടെ സവിശേഷമായ ആവാസ വ്യവസ്ഥ കണ്ടല്‍ക്കാടുകളില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ഓരോ ഇടങ്ങളിലും വ്യത്യസ്തമാണ്. ടൂറിസം പദ്ധതികള്‍ വരുമ്പോള്‍ ഒരിടത്ത് നഷ്ടമാകുന്ന ഈ ആവാസ വ്യവസ്ഥ പുതുതായി നട്ടുപിടിപ്പിക്കപ്പെടുന്ന കണ്ടല്‍ക്കാടുകളിലേക്ക് മാറിക്കൊള്ളണമെന്നില്ല. ഫലത്തില്‍ ഇത്തരം പദ്ധതികള്‍ കടലോരങ്ങളിലെ ചെറുകിട ജീവികളുടെ വംശനാശത്തിനു കാരണമായേക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."