ലൈറ്റ് ഓഫ് മദീനക്ക് ഇന്ന് സമാപനം
തൃക്കരിപ്പൂര്‍: മഹല്ല് സംവിധാനം സമൂഹത്തിന്റെ അധികാരകേന്ദ്രമല്ല, ജനനം മുതല്‍ മരണം വരെയുള്ള വ്യവസ്ഥിതിയാണെന്ന് ദൃശ്യാവിഷ്കാരങ്ങളിലൂടെ കാണിച്ചും അനുഭവങ്ങള്‍ പങ്കുവച്ചും വെള്ളിയാഴ്ച തുടക്കംകുറിച്ച സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന സമ്മേളനമായ ലൈറ്റ് ഓഫ് മദീനക്ക് ഇന്ന് സമാപനം. കാസര്‍കോട് ജില്ലയിലെ കൈതക്കാട് സംഘടിപ്പിച്ച പവലിയനുകള്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം പ്രതിനിധികളാണ് സന്ദര്‍ശിച്ചത്.
സന്ദര്‍ശകര്‍ക്ക് മദീനയുടെ വെളിച്ചം പകര്ന്നുനല്കാന് 110 ആര്.പിമാരാണ് വിവിധ പവലിയനുകളില്‍ സേവനസന്നദ്ധരായിട്ടുള്ളത്.
സംസ്ഥാനത്തെ 5000 മഹല്ലുകളില്‍ നിന്നായി മാസങ്ങള്‍ക്കുമുന്‍പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്കാണ് സന്ദര്‍ശനം അനുവദിച്ചത്. കണ്ടുമടുത്ത സമ്മേളന രൂപങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങളുടെ വലിയ പെരുപ്പങ്ങള്ക്കുമപ്പുറം എസ്.എം.എഫ് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ അടുത്തറിയാനുള്ള വേദിയായി സമ്മേളനത്തെ മാറ്റുകയായിരുന്നു. ഇന്നലെ രാത്രി നടന്ന മജ്ലിസുന്നൂര് സംഗമത്തോടെയാണ് രണ്ടാംദിന പരിപാടി സമാപിച്ചത്.
മജ്ലിസുന്നൂര് സംഗമം ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. കാളാവ് സൈതലവി മുസ്ലിയാര് അധ്യക്ഷനായി. ഹസന് സഖാഫി പൂക്കോട്ടൂര്‍ ഉദ്ബോധന പ്രഭാഷണം നടത്തി. എ.കെ ആലിപ്പറമ്പ് പ്രസംഗിച്ചു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്കി. കെ.ടി അബ്ദുല്ല ഫൈസി, ചുഴലി മുഹ്യദ്ദീന് മൗലവി, ശരീഫ് ദാരിമി കോട്ടയം, നാസര്‍ മൗലവി വയനാട് സംബന്ധിച്ചു.
ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനാകും.
എ.വി അബ്ദുറഹ്മാന് മുസ് ലിയാര്‍ നന്തി, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര് നെല്ലായ, ഹൈദറൂസ് മുസ്ലിയാര് ചെറുവാളൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസംഗിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്ലിയാര് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."