രണ്ടരക്കിലോ കഞ്ചാവുമായി പെണ്‍കുട്ടി ഉള്‍പ്പെട്ട അഞ്ചംഗ സംഘം അറസ്റ്റില്‍
കുമളി: രണ്ടരക്കിലോ കഞ്ചാവുമായി പെണ്‍കുട്ടി ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. വൈക്കം തലയോലപ്പറമ്പ് കുഴിയംതടത്തില്‍ ആഭാ ശ്രീനി (20), കോട്ടയം പാലാ സ്വദേശികളായ കീഴ്തടിയൂര്‍ മണിമന്ദിരത്തില്‍ രാഹുല്‍ (23), വള്ളിച്ചിറ പ്ലാത്തോട്ടത്തില്‍ അലന്‍ (22), രാമപുരം വറ്റിലപ്പള്ളി ചിറയില്‍വിള അസിന്‍ ജെ അഗസ്റ്റിന്‍, പുലിയന്നൂര്‍ തെക്കുംമുറിക്കര പടിഞ്ഞാറ്റേതില്‍ അഭിലാഷ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 280 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ഇന്നലെ രാവിലെ ഒന്‍പതോടെ കുമളി അതിര്‍ത്തി ചെക്‌പോസ്റ്റില്‍ വച്ചാണ് സംഭവം. തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും വാങ്ങിയ കഞ്ചാവുമായാണ് സംഘം അതിര്‍ത്തി ചെക്‌പോസ്റ്റിലെത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനക്കിടെ വാഹനത്തിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ സംശയമുണ്ടായി. ഇതേതുടന്ന് വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറിന്റെ ബോണറ്റിനുള്ളില്‍ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തത്.
സുഹൃത്തുക്കളായ രാഹുലും ആഭാ ശ്രീനിയും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണ്. പാലായിലെ വിദ്യാഭ്യാസത്തിനിടയിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി കഞ്ചാവ് ഉപയോഗിക്കുന്ന രാഹുലാണ് ആഭാ ശ്രീനിക്ക് ആദ്യമായി കഞ്ചാവ് നല്‍കിയത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ഈരാറ്റുപേട്ടയിലുള്ള സുഹൃത്തിന്റെ കാറുമായി ഇവര്‍ പലായില്‍ നിന്നും കഞ്ചാവ് വാങ്ങുന്നതിനായി കമ്പത്ത് എത്തിയത്.
ആയിരം രൂപയ്ക്കു കഞ്ചാവ് വാങ്ങിയ ശേഷം സ്വദേശത്തേയ്ക്ക് മടങ്ങുന്നതിനിടെയാണ് ഇവര്‍ കുമളിയില്‍ വച്ച് പിടിയിലായത്. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റ്യന്‍, കുമളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കമാലുദ്ദീന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ചന്ദ്രന്‍ കുട്ടി, പ്രിവന്റീവ് ഓഫീസര്‍മാരായ രാജീവ് കെ.എച്ച്, സതീഷ് കുമാര്‍ ഡി, ഹാപ്പി മോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അന്‍സാര്‍ ഒ.വൈ, നിഥിന്‍, അനില്‍കുമാര്‍ കെ.പി, ബിജുമോന്‍ പി.എല്‍, രാജ്കുമാര്‍ ബി, ഷൈന്‍.എഫ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എന്‍ ശശികല എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."