പേപ്പട്ടി ആക്രമണം: നാലുപേര്‍ക്ക് കടിയേറ്റു
ചാരുംമൂട്: പേപ്പട്ടിയുടെ ആക്രമണത്തില്‍ നാലു പേര്‍ക്ക് കടിയേറ്റു. ചുനക്കര തെക്ക് നഗരൂര്‍ ഈശ്വരിയമ്മ (75), മുളവന തെക്കതില്‍ ഹുസൈബ (50), കൊച്ചുതുണ്ടില്‍ ഷൗക്കത്ത് (39), കുറത്തികാട് ചൂരല്ലൂര്‍ തുണ്ടില്‍ കിഴക്കതില്‍ പ്രകാശ് (29) എന്നിവര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ചുനക്കര തെക്ക് അരീക്കരേത്ത് ജങ്ഷനു കിഴക്കുള്ള പാടശേഖരത്തില്‍ നിന്ന് പേപ്പട്ടിയുടെ അക്രമണം തുടങ്ങിയത്.
പാടത്തിനു സമീപം തോട്ടില്‍ തുണി അലക്കി കൊണ്ടിരുന്ന ഹുസൈബയുടെ കാലിലാണു കടിയേറ്റത്. തുടര്‍ന്ന് ഇവര്‍ ബഹളം വെച്ചതോടെ സമീപവാസികള്‍ എത്തിയപ്പോഴേക്കും ഈശ്വരിയമ്മയെയും അക്രമിച്ചിരുന്നു. തുടര്‍ന്ന് പട്ടി ചാരുംമൂട് ഭാഗത്തേക്ക് പോയി. ഇതിനിടയില്‍ സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനുശേഷം മൈക്ക് സെറ്റ് അഴിക്കുകയായിരുന്നവരെ കടിക്കാനുള്ള ശ്രമത്തിനിടെ ഇവര്‍ ബഹളം വെച്ചപ്പോള്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കവേയാണ് ഷൗക്കത്തിന്റെ കൈവിരലിന് കടിയേറ്റത്.
ഇതിനിടയില്‍ ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിനു വടക്ക് വശം അപ്‌ഹോള്‍സ്റ്ററി സ്ഥാപനത്തില്‍ എത്തിയാണു പ്രകാശിനെ കടിച്ചത്. ഇദ്ദേഹത്തിനും വിരലുകള്‍ക്കാണ് കടിയേറ്റത്. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് പേപ്പട്ടിയെ തല്ലി കൊല്ലുകയായിരുന്നു. പരുക്കേറ്റവര്‍ക്ക് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ നിന്ന് വാക്‌സിന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികത്സ തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."