മന്ത്രിസഭാ വാര്‍ഷികം: റൂറല്‍ പൊലിസ് ആസ്ഥാനത്തിന് വീണ്ടും ശിലാസ്ഥാപനം നടത്താന്‍ നീക്കം
കൊട്ടാരക്കര: ഒരിക്കല്‍ ശിലാസ്ഥാപനം നടത്തിയ റൂറല്‍ പൊലിസ് ജില്ലാ ആസ്ഥാന മന്ദിരത്തിന് വീണ്ടും ശിലാസ്ഥാപനം നടത്താന്‍ നീക്കം. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണിത്. വി.എസ് സര്‍ക്കാരിന്റെ അവസാന വര്‍ഷത്തിലാണ് കൊല്ലം പൊലിസ് ജില്ല വിഭജിച്ച് കൊട്ടാരക്കര കേന്ദ്രമാക്കി ജില്ലാ റൂറല്‍ പൊലിസ് രൂപീകരിക്കുന്നത്.
വാടകക്കെട്ടിടത്തില്‍ ആരംഭിച്ച ആസ്ഥാനം അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. സ്വന്തമായി ആസ്ഥാന മന്ദിരവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നും പ്രഖ്യാപനം ഉണ്ടായെങ്കിലും ഒന്നും നടന്നില്ല. തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാരില്‍ രമേശ് ചെന്നിത്തല അഭ്യന്തരമന്ത്രിയായപ്പോള്‍ പരിമിതികളില്‍ വീര്‍പ്പുമുട്ടിയിരുന്ന വാടകക്കെട്ടിടത്തില്‍ നിന്ന് പൊലിസ് ആസ്ഥാനം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസ് പരിസരത്തെ സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറ്റി.
ഇതിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തലയാണ് നിര്‍വഹിച്ചത്. ഈ യോഗത്തില്‍ റൂറല്‍ പൊലിസിന് എത്രയും പെട്ടെന്ന് ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് തൃക്കണ്ണമംഗലിലുള്ള കെ.ഐ.പി വക രണ്ടേക്കറോളം സ്ഥലം ഇതിനായി സര്‍ക്കാര്‍ ആഭ്യന്തര വകുപ്പിന് കൈമാറുകയുണ്ടായി. നിര്‍മാണത്തിന് കേന്ദ്ര ഫണ്ടായി രണ്ടുകോടി രുപ അനുവദിക്കുകയും ചെയ്തു. 2016 ഫെബ്രുവരി 18ന് ഈ സ്ഥലത്ത് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെട്ടിട നിര്‍മ്മാണത്തിന് ശിലാസ്ഥാപനവും നടത്തി. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടര്‍നടപടികള്‍ ഉണ്ടായതുമില്ല. സര്‍ക്കാര്‍ കെട്ടിടത്തിന്റെ പരിമിതികളില്‍ വീര്‍പ്പുമുട്ടുകയാണ് ഇപ്പോഴും പൊലിസ് ആസ്ഥാനം.
സ്വന്തമായി കെട്ടിടവും സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ സായുധ സേനാക്യാംപ് മറ്റ് അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുമില്ല. രണ്ടുവര്‍ഷം മുന്‍പ് ശിലാസ്ഥാപനം നടത്തിയിടത്ത് വീണ്ടും ശിലാസ്ഥാപനം നടത്തി കെട്ടിടനിര്‍മാണം ആരംഭിക്കാനാണ് ഇപ്പോഴത്തെ നീക്കം. മന്ത്രിസഭാ വാര്‍ഷികത്തിന്റെ വികസനപദ്ധതികളില്‍ ഉള്‍പ്പെടുത്തി ശിലാസ്ഥാപനം ആവര്‍ത്തിക്കപ്പെടുമെന്നു ചുരുക്കം. വാര്‍ഷികത്തിന്റെ ഭാഗമായി കൊട്ടാരക്കര മിനി സിവില്‍സ്റ്റേഷന്റെ ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രിയെക്കൊണ്ട് ശിലാസ്ഥാപന കര്‍മ്മം നടത്തിക്കാനാണ് ആലോചന. പൊലിസിലെ ഒരു വിഭാഗമാണ് ഈ നീക്കത്തിനുപിന്നില്‍. ഒരിക്കല്‍ ശിലാസ്ഥാപനം നടന്ന കെട്ടിടത്തിന് വീണ്ടും ശിലാസ്ഥാപനം നടത്തിയാല്‍ അത് അപൂര്‍വ്വസംഭവമായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."