'പേരും നാടും വിലാസവും ഓര്‍മയില്ല'
മനാമ: സ്വന്തം പേരും നാടും വീടുമറിയാതെ കഴിഞ്ഞ ഏഴു വര്‍ഷമായി ഒരു മലയാളി ബഹ്‌റൈനിലെ ആശുപത്രിയില്‍ കഴിയുന്നു. 45 വയസ് തോന്നിക്കുന്ന ഈ മലയാളി മധ്യവയസ്‌കനെ തലക്ക് ഗുരുതരമായി പരുക്കേറ്റ് 2011 ലാണ് ആദ്യം സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുന്നത്.
ഇപ്പോള്‍ ഇയാള്‍ മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലാണുള്ളത്. റോഡരികില്‍ നിന്നും ബി.ഡി.എഫ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച ഇയാളുടെ പക്കല്‍ ബഹ്‌റൈന്‍ ഐഡന്റിറ്റി കാര്‍ഡായ സി.പി.ആര്‍, പാസ്‌പോര്‍ട്ട് തുടങ്ങി യാതൊരു രേഖയുമുണ്ടായിരുന്നില്ല. തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്‍ ഓര്‍മശക്തി നഷ്ടപ്പെട്ടിരുന്ന ഇയാള്‍ക്ക് സ്വന്തം പേരും നാടും വീടും ഒന്നുമറിയില്ല.
വൈകാതെ അസുഖം ഭേദമാകുന്ന ഇയാള്‍ക്ക് ഉടനെ നാട്ടില്‍ പോകാന്‍ കഴിയുമെങ്കിലും ഇനി എങ്ങോട്ട് പോകണമെന്നുപോലും അറിയാത്തത് ആശുപത്രി അധികൃതര്‍ക്കും വെല്ലുവിളിയായിരിക്കുകയാണ്.
ഒരു ഘട്ടത്തില്‍ തന്റെ പേര് പൊന്നപ്പനെന്നും സ്ഥലം എറണാകുളം തോപ്പുംപടിയാണെന്നും ഇയാള്‍ പറഞ്ഞിരുന്നെങ്കിലും ചില സമയങ്ങളില്‍ ഇതും മാറ്റി പറയുന്നുണ്ട്. ആശുപത്രിരേഖയില്‍ പുരു എന്നാണ് ഇദ്ദേഹത്തിന്റെ പേര്.
ഇയാള്‍ തെക്കന്‍ കേരളത്തിലെ ഒരാളാണെന്ന് മനസിലാക്കി ഈ ഭാഗത്തെ സാമൂഹ്യ പ്രവര്‍ത്തകരോട് വിശദാംശങ്ങള്‍ അന്വേഷിക്കാനും നാട്ടിലെത്തിക്കാനാവശ്യമായ നടപടികളും ഏറ്റെടുത്തു ചെയ്യാനും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ 00973 394 21718, 3305763 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ഇവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."