ലോകമുത്തശ്ശി വിടവാങ്ങി
ടോക്കിയോ: ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ജപ്പാന്‍ സ്വദേശി അന്തരിച്ചു. ജപ്പാനിലെ കാഗോഷിമ മേഖലയിലുള്ള കികായ് സ്വദേശി നബി താജിമയാണ് 117 വയസില്‍ ലോകത്തോട് വിടപറഞ്ഞത്. കികായിയിലെ ഒരു ആശുപത്രിയുടെ വൃദ്ധസദനത്തില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണു മരണമെന്നാണു വിവരം.
1900 ഓഗസ്റ്റ് നാലിനായിരുന്നു നബി താജിമ ജനിച്ചത്. 2015 സെപ്റ്റംബറില്‍ ലോകത്തെ ഏറ്റവും പ്രായമേറിയ വനിതയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതര്‍ അംഗീകരിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജമൈക്കക്കാരനായ വയലറ്റ് ബ്രൗണ്‍ അന്തരിച്ചതോടെയാണ് അവര്‍ ലോകത്തെ ഏറ്റവും മുതിര്‍ന്ന വ്യക്തിയായത്. 117 വയസായിരുന്നു വയലറ്റ് ബ്രൗണിനും.ജപ്പാനിലെ മസാസോ നൊനാക്കയെ ലോകത്തെ ഏറ്റവും പ്രായമേറിയ പുരുഷനായി ഈ മാസം പത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും ആയുസേറിയ മനുഷ്യര്‍ക്കു പേരു കേട്ട നാടാണ് ജപ്പാന്‍. ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തി, പുരുഷന്‍, സ്ത്രീ എന്നീ ഇനങ്ങളിലെല്ലാം നിരവധി ജപ്പാന്‍ പൗരന്മാര്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. നിലവില്‍ നൂറു വയസ് പ്രായമുള്ള 68,000ത്തോളം പേര്‍ രാജ്യത്തുണ്ടെന്നു കഴിഞ്ഞ വര്‍ഷം ജാപ്പനീസ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."