ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കുടുംബശ്രീ മികവിന്റെ കേന്ദ്രങ്ങള്‍ വരുന്നു
മുക്കം: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി കുടുംബശ്രീ. സാമൂഹിക ഉന്നമനം ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികളാണ് കുടുംബശ്രീ ആസൂത്രണം ചെയ്യുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് കുടുംബശ്രീക്ക് 112.5 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചിരുന്നു.
മുന്‍വര്‍ഷങ്ങളില്‍ കുടുംബശ്രീ നടപ്പാക്കിയ പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വ്യാപ്തിയും വിലയിരുത്തിയ ശേഷമാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കായി 112.5 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ നാല്‍പത് ശതമാനം സംസ്ഥാന വിഹിതമാണ്.
അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ച് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് മുഖ്യമായും കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഒപ്പം മാതൃകാ പദ്ധതിയായ അട്ടപ്പാടിയിലെ പഞ്ചായത്ത് ബ്ലോക്ക് സമിതികള്‍ ശക്തിപ്പെടുത്തും.
സാമൂഹ്യ വികസനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആദിവാസി മേഖലയില്‍ സമഗ്രമായ ഇടപെടലുകള്‍ നടത്താനും കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട്.
ഇതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള അട്ടപ്പാടി പ്രത്യേക പദ്ധതി വഴി ആദിവാസികളുടെ സാമൂഹ്യവും സാമ്പത്തികവുമായ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. കൂടാതെ പദ്ധതി തുക ലഭിക്കുന്നതിനനുസരിച്ച് നിലവില്‍ തിരുനെല്ലി, ആറളം ഫാം, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ അട്ടപ്പാടി മാതൃകയില്‍ നടപ്പാക്കി വരുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്താനും ആലോചനയുണ്ട്.
ദാരിദ്ര്യ നിര്‍മാര്‍ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ തൊഴില്‍ദായക പദ്ധതികള്‍ക്കും സംഘടനാ സംവിധാനം, മൈക്രോഫിനാന്‍സ് എന്നിവ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പരിശീലന പരിപാടികള്‍ക്കും മറ്റ് നൂതന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ ഫണ്ട് ലഭ്യമാക്കുന്നതുവഴി സാധിക്കുമെന്നാണ് കുടുംബശ്രീ കണക്കുകൂട്ടല്‍.
അയല്‍ക്കൂട്ട വനിതകളായ സംരംഭകര്‍ക്ക് പരിശീലനങ്ങള്‍, ലഘു വായ്പകള്‍, അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് ലിങ്കേജിന്റെ പലിശ സബ്‌സിഡി എന്നിവ നല്‍കുന്നതിനും പദ്ധതി തുക വിനിയോഗിക്കും.
ഇതോടൊപ്പം സാമ്പത്തിക സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും സംഘകൃഷി ഗ്രൂപ്പ് അംഗങ്ങള്‍, കേരള ചിക്കന്‍ സംരംഭകര്‍ എന്നിവര്‍ക്കുള്ള വായ്പകളും ആവശ്യാനുസരണം നല്‍കാനും കഴിയുമെന്നാണ് കണക്കുകൂട്ടുന്നു.
കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ആദിവാസി മേഖലയിലെ സാമൂഹിക വികസനം, സ്ത്രീ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍, സി.ഡി.എസ് ചെയര്‍പഴ്‌സണ്‍മാര്‍, പഞ്ചായത്ത് ഭാരവാഹികള്‍, കമ്യൂണിറ്റി റിസോഴ്‌സ് പഴ്‌സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം തുടങ്ങിയ പരിപാടികളും പദ്ധതി തുക ഉപയോഗിച്ച് നടത്താനും കുടുംബശ്രീ ലക്ഷ്യമിടുന്നു.
ഉപജീവന വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് 172 തൊഴില്‍ പരിശീലന ഏജന്‍സികളെ എംപാനല്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 2016-17ല്‍ 5100 ഓളം പേര്‍ക്ക് തൊഴില്‍ പരിശീലനം ലഭ്യമാക്കിയിരുന്നു.
ഈ വര്‍ഷം ഇതുവരെ 8352 അയല്‍ക്കൂട്ടങ്ങള്‍ക്ക് പലിശ സബ്‌സിഡി ഇനത്തില്‍ 1.33 കോടി രൂപ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഏഴു കോടി രൂപ നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
കൂടാതെ റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ 15 കോടി രൂപ നല്‍കുന്നതിനായി 10,000 അയല്‍ക്കൂട്ടങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."