ഇരുപതുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
കൊച്ചി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്ന 20 കിലോ കഞ്ചാവുമായി രണ്ടുതമിഴ്‌നാട് സ്വദേശികള്‍ എക്‌സൈസ് പിടിയിലായി. തമിഴ്‌നാട് തേനി ജില്ലയിലെ ഉത്തമപാളയം താലൂക്കില്‍ സുരേഷ് (38), തേനി പശുപൊന്‍ മുത്തുരാമലിംഗം തെരുവില്‍ മാരി രാജന്‍ (31) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ എറണാകുളം മറൈന്‍ഡ്രൈവിലെ പേ ആന്‍ഡ് പാര്‍ക്കിങ്ങിനു സമീപം പത്തുകിലോ കഞ്ചാവ് ഏജന്റിനു കൈമാറുവാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരേഷ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ് ശശികുമാറിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍നിന്ന് ട്രെയിനില്‍ കഞ്ചാവ് കൊണ്ടുവരുന്നതായി വിവരം ലഭിച്ചു.
തുടര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തുനിന്ന് പത്തുകിലോ കഞ്ചാവുമായി മാരി രാജനെ (31) എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജ് അറസ്റ്റു ചെയ്യുകയായിരുന്നു.
വിശാഖപട്ടണത്തുനിന്നും ഈസ്റ്റ് ഗോദാവരിയില്‍ നിന്നുമാണ് ഇവര്‍ കേരളത്തിലേക്ക് വില്‍പനക്കായി കഞ്ചാവ് എത്തിക്കുന്നത്. തോട്ടത്തില്‍ വച്ചു തന്നെ ആധുനിക രീതിയില്‍ കഞ്ചാവ് ചതുരക്കട്ടക്കളാക്കി അമര്‍ത്തി ഗന്ധം പുറത്തുവരാത്ത വിധം പായ്ക്ക് ചെയ്യും.
തുടര്‍ന്ന് ട്രെയിനിലും ഓയില്‍ ടാങ്കറിനകത്തും ഒളിപ്പിച്ച് കഞ്ചാവ് നാട്ടില്‍ എത്തിച്ചതിനുശേഷം കേരളത്തിലെ ഏജന്റുമാര്‍ക്ക് വില്‍പന നടത്തുകയാണ് ചെയ്യുന്നതെന്ന് പ്രതികള്‍ എക്‌സൈസിനോടു പറഞ്ഞു.
വിശാഖപ്പട്ടണത്തെ ഏജന്റുമായി വാട്‌സ്ആപ്പ് മുഖേനയാണ് ഇവര്‍ ബന്ധപ്പെടുന്നത്. ഇരുവരും ഇതിനുമുന്‍പും കഞ്ചാവ് കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്ന് അധികൃതര്‍ പറഞ്ഞു. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.എ നെല്‍സന്റെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ പ്രവന്റീവ് ഓഫിസര്‍മാരായ സി.കെ. മധു, സത്യനാരായണന്‍, കെ. ജയ്‌ലാല്‍, സ്‌ക്വാഡ് അംഗങ്ങളായ സതീഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ദിലീപ് പരമേശ്വരന്‍, ജയകുമാര്‍, ജോബ്, ആഷ്‌ലി, ധീരു ജെ. അറക്കല്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."