ഫെഡറേഷന് കപ്പ് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ്
കോയമ്പത്തൂര്‍: ഫെഡറേഷന് കപ്പ് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് പോരാട്ടത്തിന്റെ അവസാന ദിനത്തില്‍ കേരളത്തിന് രണ്ട് സ്വര്‍ണം. നേരത്തെ രണ്ടാം ദിനത്തില്‍ ജിസ്ന മാത്യുവിലൂടെ കേരളം ഒരു സ്വര്‍ണം നേടിയിരുന്നു. ഇതോടെ മൂന്ന് സ്വര്‍ണവുമായി 96 പോയിന്റോടെ കേരളം അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം മൂന്നാം സ്ഥാനത്തും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം നാലാമതുമാണ് എത്തിയത്. ഹരിയാനയാണ് ജേതാക്കള്‍. തമിഴ്നാട് രണ്ടാം സ്ഥാനവും ഉത്തര്‍ പ്രദേശ് മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ വിഷ്ണു പ്രിയയും പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലുമാണ് ഇന്നലെ കേരളത്തിന്റെ സുവര്‍ണ നേട്ടം. മൂന്ന് വെള്ളി രണ്ട് വെങ്കലം മെഡലുകളും അവസാന ദിനത്തില്‍ കേരളം ബാസ്ക്കറ്റിലെത്തിച്ചു.
പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ 1.01.65 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് വിഷ്ണു പ്രിയ സ്വര്‍ണം സ്വന്തമാക്കിയത്. ഇതേ ഇനത്തില്‍ വെള്ളിയും കേരളം നേടി. അബിഗെയ്ല്‍ ആരോക്യനാഥന് 1.02.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്.
പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയില്‍ അബിഗെയ്ല്‍ ആരോക്യനാഥന്, ജിസ്ന മാത്യു, പ്രിസില്ല ഡാനിയേല്‍, സൂര്യ മോള് ടി എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വര്‍ണം സ്വന്തമാക്കിയത്. 3.48.36 സെക്കന്‍ഡിലാണ് ടീം മത്സരം പൂര്‍ത്തിയാക്കിയത്. ആണ്‍കുട്ടികളുടെ ഇതേ ഇനത്തില്‍ വെള്ളി നേട്ടത്തില്‍ എത്താന്‍ കേരളത്തിന് സാധിച്ചു.
ബിനു രാജ്, അക്ഷയ് പ്രകാശന്, അഭിഷേക് മാത്യു, ഗോകുല്‍ എന്നിവരടങ്ങിയ ടീം 3.14.91 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനത്തെത്തിയത്. ഈയിനത്തില്‍ ഹരിയാനയ്ക്കാണ് സ്വര്‍ണം.
പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ സാന്ദ്ര ബാബു വെള്ളി നേടി. 12.82 മീറ്റര്‍ താണ്ടിയാണ് സാന്ദ്ര രണ്ടാം സ്ഥാനത്തെത്തിയത്. നേരിയ വ്യത്യാസത്തിലാണ് സാന്ദ്രയ്ക്ക് സ്വര്‍ണം നഷ്ടമായത്. ഈയിനത്തില്‍ തമിഴ്നാടിന്റെ പ്രിയദര്‍ശിനി എസ് സുരേഷിനാണ് സ്വര്‍ണം.
ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യു കേരളത്തിനായി വെങ്കലം നേടി. 1.51.30 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് താരത്തിന്റെ നേട്ടം. പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആന്‍സി സോജനാണ് ഇന്നലെ കേരളത്തിനായി രണ്ടാം വെങ്കലം നേടിയത്. 25.14 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."