ഷി ജിന്‍പിങുമായി കൂടിക്കാഴ്ച: ഈമാസം 27, 28ന് മോദിയുടെ നാലാമത്തെ ചൈനീസ് സന്ദര്‍ശനം
ബീജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തുന്നു. ഇതിനായി മോദി രണ്ടു ദിവസത്തെ ചൈനാ സന്ദര്‍ശനം നടത്തും. ഈമാസം 27, 28 തിയ്യതികളിലാണിത്. അധികാരത്തിലേറിയ ശേഷമുള്ള മോദിയുടെ നാലാമത്തെ ചൈനീസ് യാത്രയാണിത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അടക്കം വിവിധ രാജ്യങ്ങളിലെ എട്ടോളം വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഷാങ്ഹായ് ദ്വിദിന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇരുരാഷ്ട്ര തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച് സുഷമ അറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായാണ് ഷി ജിന്‍പിങ് മോദിയെ ക്ഷണിച്ചിരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ദോക്ലാം, പാക് അടക്കമുള്ള വിഷയങ്ങളില്‍ ഇടയ്ക്കിടെയുണ്ടായ നയതന്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."