വ്യാപാര സമുച്ചയത്തില്‍ അഗ്നിബാധ: കോടികളുടെ നഷ്ടം
കോട്ടയം: വ്യാപാരസമുച്ചയത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ കോടികളുടെ നഷ്ടം. കലക്ടറേറ്റിന് സമീപത്തുള്ള കണ്ടത്തില്‍ റസിഡന്‍സി എന്ന മൂന്നു നില കെട്ടിടത്തിനാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ തീപിടിച്ചത്. സൂപ്പര്‍മാര്‍ക്കറ്റ്, തുണിക്കട, ലോഡ്ജ് എന്നിവയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും തുണിക്കട ഭാഗികമായും കത്തിനശിച്ചു.
വന്‍ അഗ്നിബാധയാണുണ്ടായതെങ്കിലും ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവിധയിടങ്ങളില്‍ നിന്നായി അഗ്നിശമനസേനയുടെ പത്തോളം യൂനിറ്റുകളെത്തി രാവിലെ പത്ത് വരെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. 2012-ല്‍ പണി പൂര്‍ത്തിയായ കെട്ടിടത്തിന് എതിര്‍ വശത്ത് ഒരു പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്നുണ്ട്. ഇക്കാര്യം പരിഗണിച്ച് തീ കെട്ടിടത്തിന് പുറത്തേക്ക് പടരുന്നത് തടയാനുള്ള നീക്കങ്ങളാണ് ഫയര്‍ ഫോഴ്‌സ് ആദ്യം നടത്തിയത്. പുക പടര്‍ന്നപ്പോള്‍ മൂന്നാം നിലയിലെ ലോഡ്ജില്‍ ഉണ്ടായിരുന്നവരെ ആദ്യം ഒഴിപ്പിച്ചു. കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. നഷ്ടം വിലയിരുത്തി വരുന്നതേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."