ലിഗയുടെ മരണം: മുഖ്യമന്ത്രിയും പൊലിസും അവഗണിച്ചെന്ന് ആരോപണം
തിരുവനന്തപുരം: ലിത്വാനിയ സ്വദേശിനി ലിഗയുടെ മരണത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടന്നതായി വെളിപ്പെടുത്തല്‍. സംഭവത്തില്‍ സംസ്ഥാന പൊലിസും മുഖ്യമന്ത്രിയുമാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. ലിഗയെ കാണാതായയുടന്‍ പൊലിസിനെ സമീപിച്ചെങ്കിലും കടുത്ത അവഗണനയാണ് നേരിടേണ്ടിവന്നതെന്ന് സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി എല്‍സയും ആന്‍ഡ്രൂസും വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് ഒപ്പമുണ്ടായിരുന്ന അശ്വതി ഇക്കാര്യം വ്യക്തമാക്കിയത്.
ഡി.ജി.പിയെ കാണാന്‍ പോയപ്പോള്‍ പിറ്റേന്നു ചെല്ലാനായിരുന്നു മറുപടി. വിദേശവനിതയുടെ ബന്ധുക്കള്‍ വന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുപോലും ഡി.ജി.പി തിരിഞ്ഞുനോക്കിയില്ല. രണ്ടുദിവസത്തിനുശേഷം വീണ്ടും കാണാന്‍ പോയപ്പോള്‍ വളരെ മോശമായാണ് പെരുമാറിയത്. പൊലിസിനെ പഠിപ്പിക്കേണ്ടെന്നും കൂടുതല്‍ പഠിപ്പിച്ചാല്‍ മറ്റ് കേസുകള്‍ പോലെ ഇതിന്റെയും ഫയല്‍ ക്ലോസ് ചെയ്യുമെന്നും ഡി.ജി.പി പറഞ്ഞു.
താങ്കളുടെ ഭാര്യയെയാണ് കാണാതാകുന്നതെങ്കില്‍, താങ്കള്‍ വീട്ടില്‍ പോയിരുന്ന് റിലാക്‌സ് ചെയ്യുമോയെന്ന് ആന്‍ഡ്രൂസ് ചോദിച്ചതോടെയാണ് ഡി.ജി.പി ചെറുതായെങ്കിലും ഇരുവരെയും കേള്‍ക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയെ കാണാനുള്ള മുന്‍കൂര്‍ അനുമതിയെടുത്ത് ഒരുദിവസം രാവിലെ മുതല്‍ നിയമസഭയ്ക്ക് മുന്നില്‍ കാത്തുനിന്നു.
മൂന്നുമണിക്കൂര്‍ കാത്തുനിന്നിട്ടും മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. മണിക്കൂറുകള്‍ക്കുശേഷം എല്‍സയുടെയും ആന്‍ഡ്രൂസിന്റെയും മുന്നിലൂടെ മുഖ്യമന്ത്രി കടന്നുപോയി. എന്നിട്ടും അവരെ കണ്ട ഭാവം നടിച്ചില്ലെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.
കൊലപാതകമെന്ന് സഹോദരി
തിരുവനന്തപുരം: ലിഗ ആത്മഹത്യ ചെയ്യില്ലെന്നും അവരുടെ മരണം കൊലപാതകമാണെന്നും സഹോദരി എല്‍സ. ലിഗ കടുത്ത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ലിഗയെ മരിച്ചനിലയില്‍ കണ്ടെത്തിയ കണ്ടല്‍ക്കാട്ടില്‍ തനിച്ച് അവര്‍ക്ക് എത്താനാവില്ല. ആരെങ്കിലും അവിടെ എത്തിച്ചതായിരിക്കാമെന്നും എല്‍സ പറഞ്ഞു.
ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലിസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ലിഗയെ കാണാതായ അന്നുതന്നെ കൃത്യമായ രീതിയില്‍ അന്വേഷണം നടന്നിരുന്നെങ്കില്‍ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. ലിഗയെ കാണാതായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലിസ് ഗൗരവമായി അന്വേഷണം തുടങ്ങിയത്. മരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരിക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നത് വരെ പോരാട്ടം തുടരും.
കോവളം ബീച്ചിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ലിഗ അവിടെനിന്ന് ആറ് കിലോമീറ്റര്‍ മാറിയുള്ള ഇത്തരമൊരു പ്രദേശത്ത് എങ്ങനെ എത്തിപ്പെട്ടുവെന്നത് ദുരൂഹമാണ്.
പ്രദേശവാസികളുമായി നടത്തിയ സംഭാഷണത്തില്‍ അവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്ന് അറിയാനിടയായി.
പകല്‍ സമയത്തുപോലും പ്രദേശവാസികള്‍ എത്താന്‍ മടിക്കുന്ന ഇവിടേക്ക് ലിഗ ഒരിക്കലും ഒറ്റയ്ക്ക് എത്തില്ലെന്നും അവര്‍ പറഞ്ഞു.
പൊലിസിന് ഗുരുതര വീഴ്ചപറ്റി: ചെന്നിത്തല
തിരുവനന്തപുരം: ലിഗയുടെ തിരോധാനം അന്വേഷിക്കുന്നതില്‍ പൊലിസിന് ഗുരുതര വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവരെ കാണാനില്ലെന്ന പരാതിയുമായി പൊലിസിനെ സമീപിച്ച ഭര്‍ത്താവിനും സഹോദരിക്കും തിരിച്ചെത്തിക്കോളുമെന്ന നിരുത്തരവാദപരമായ മറുപടിയാണ് പൊലിസ് നല്‍കിയതെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ദൈവത്തിന്റെ സ്വന്തംനാട് കാണാനെത്തിയ വിദേശ വനിതക്കുണ്ടായ ഈ ദുരന്തം ലോകത്തിനുമുന്നില്‍ കേരളത്തെ നാണം കെടുത്തുന്നതാണ്. നിയമസഭ നടക്കുന്ന സമയത്ത് ലിഗയുടെ സഹോദരി തന്നെ വന്നുകണ്ട് സഹായം ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഡി.ജി.പിയെ വിളിച്ച് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. വളരെ വൈകിയാണ് ലിഗയെ കണ്ടെത്താനുള്ള അന്വേഷണസംഘം രൂപീകരിച്ചതെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ കേരള പൊലിസിന്റെ കാര്യക്ഷമതയെ ചോദ്യംചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സത്യം പുറത്തുകൊണ്ടുവരുമെന്ന് ഡി.ജി.പി
തിരുവനന്തപുരം: ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് സത്യം പുറത്തുകൊണ്ടുവരുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ലിഗയുടെ കേസ് പൊലിസിന് ഒരു വെല്ലുവിളിയാണ്. അതിനാല്‍ മുന്‍വിധിയോടെ പ്രതികരിക്കാന്‍ ഇല്ല. ഒറ്റ ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാവില്ല. ഈ കേസ് പൊലിസിന്റെ അഭിമാനപ്രശ്‌നമാണ്. ഏറ്റവും മികച്ച ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തും. അന്വേഷണത്തിന്റെ വസ്തുതകള്‍ പരസ്യപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."