കടല്‍ക്ഷോഭം തുടരുന്നു
കോഴിക്കോട്: ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടല്‍ ഉള്‍വലിയലും കടല്‍ക്ഷോഭവും. ഉച്ചയോടെ കടല്‍ ഉള്‍വലിഞ്ഞെങ്കിലും പിന്നീട് തിരമാലകള്‍ രൂക്ഷമായി ആഞ്ഞടിച്ചു. ഓഖിയുടെ സമയത്തുള്ളതിനേക്കാള്‍ വലിയ തിരമാലകളാണ് ആഞ്ഞടിച്ചതെന്ന് തീരദേശവാസികള്‍ പറഞ്ഞു.
ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ വിവരം അനുസരിച്ച് ജില്ലയിലെ തീരപ്രദേശത്ത് ഇന്നലെ ഉച്ചയോടെ 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചു. നാളെ അര്‍ധരാത്രിവരെ കടല്‍ക്ഷോഭം തുടര്‍ന്നേക്കും. ഇന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്. വമ്പന്‍ തിരമാലകള്‍ ആഞ്ഞടിച്ചതിനാല്‍ പലയിടത്തും കടല്‍ഭിത്തി കവിഞ്ഞ് വീടുകളില്‍ വെള്ളംകയറി.
മാറാട്, ചാലിയം, ബേപ്പൂര്‍ ബീച്ച്, ചേറോട്, അഴീക്കല്‍, വടകര, കൊയിലാണ്ടി, കൈതവളപ്പ് എന്നിവിടങ്ങളില്‍ ഇന്നലെയും ശക്തിയായ തിരമാലകള്‍ ആഞ്ഞടിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. മുഖദാറില്‍ തിരമാലകള്‍ റോഡിലെത്തി. കാലവര്‍ഷക്കാലത്ത് അനുഭവപ്പെടുന്ന കടലാക്രമണത്തെ അനുസ്മരിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസത്തേതെന്ന് തീരദേശവാസികള്‍ പറഞ്ഞു. കോഴിക്കോട് താലൂക്കില്‍ കാര്യമായ നാശനഷ്ടങ്ങളില്ലെന്ന് ജില്ലാ കണ്‍ട്രോള്‍ റൂമില്‍നിന്ന് അറിയിച്ചു. കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ റവന്യൂ വകുപ്പിന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് കലാക്രമണം രൂക്ഷമായ 19 വില്ലേജുകളിലും തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ ക്യാംപ് ചെയ്യുന്നുണ്ട്.
കാപ്പാട് വിനോദ കേന്ദ്രം, കവലാട്, പൊയില്‍ക്കാവ് ഭാഗങ്ങളില്‍ കടലാക്രമണത്തില്‍ കടല്‍ഭിത്തികള്‍ താഴ്ന്നു. കൊയിലാണ്ടി ഹാര്‍ബര്‍ ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. വടകര മേഖലയില്‍ അഴിത്തല, കൊയിലാണ്ടിവളപ്പ്, താഴെഅങ്ങാടി, മുകച്ചേരി, ആവിക്കല്‍, കുരിയാടി തുടങ്ങിയ പ്രദേശങ്ങളില്‍ പെട്ടെന്നാണ് കടല്‍ പ്രക്ഷുബ്ധമായി തീരം കവര്‍ന്നത്.
ചാലിയം-ബേപ്പൂര്‍ ജങ്കാര്‍ സര്‍വിസ് നിര്‍ത്തിവച്ചു. കടുക്ക ബസാര്‍, ബൈത്താനി നഗര്‍, കപ്പലങ്ങാടി, വാക്കടവ്, കടലുണ്ടിക്കടവ് ഭാഗങ്ങളില്‍ മൂന്നു മീറ്റര്‍വരെ പൊക്കമുള്ള തിരയടിച്ചു.
അഴിത്തല മുതല്‍ കുരിയാടി വരെയുള്ള റോഡുകള്‍ തകര്‍ന്ന നിലയിലാണ്. പയ്യോളി മുതല്‍ കൊളാവിപ്പാലം അഴിമുഖം വരെയുള്ള ഭാഗങ്ങളില്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി. കൊളാവിപ്പാലത്തെ കോട്ടപ്പുഴയില്‍ ശക്തമായ വെള്ളപ്പൊക്കവുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."