തണ്ണീര്‍മുക്കം ബണ്ട് നിര്‍മാണം അവസാന ഘട്ടത്തില്‍
ആലപ്പുഴ: കുട്ടനാട് പാക്കേജില്‍ നിര്‍മിക്കുന്ന വേമ്പനാട് കായലിന് കുറകേയുള്ള തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തില്‍. ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ക്കാണ് മൂന്നാംഘട്ടം പൂര്‍ത്തീകരിക്കുന്നതിലൂടെ അവസാനമാകുന്നത്. 181 കോടി രൂപ ചെലവഴിച്ച് മൂന്നാംഘട്ടത്തില്‍ 433 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലാണ് കായലിന്റെ മധ്യഭാഗത്തുള്ള മണല്‍ത്തിട്ട ഒഴിവാക്കുന്നതിന്റെ ഭാഗമായി ഷട്ടര്‍ ഉള്‍പ്പെടെയുള്ള ബണ്ട് നിര്‍മ്മിച്ചത്. ഇതോടെ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള വന്‍കിട ബണ്ടുകളിലൊന്നായി തണ്ണീര്‍മുക്കം ബണ്ട് മാറും. പുതിയ ഷട്ടറുകള്‍ കൂടി കമ്മിഷന്‍ ചെയ്യുമ്പോള്‍ 1410 മീറ്റര്‍ ആയി ബണ്ടിന്റെ നീളം വര്‍ധിക്കും. 28 ഷട്ടറുകളാണ് പുതുതായി ഘടിപ്പിക്കാനുണ്ടായിരുന്നത്. ഇതില്‍ 14 എണ്ണം ഘടിപ്പിച്ച് കഴിഞ്ഞു.
ബാക്കിയുള്ളത് ഈ മാസം അവസാനത്തോടെ ഘടിപ്പിക്കുമെന്ന്് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പി. ഹരന്‍ബാബു, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.എന്‍ സന്തോഷ് എന്നിവര്‍ പറഞ്ഞു. പണി പൂര്‍ത്തീകരിക്കുന്നതോടെ രണ്ട് ബോട്ട് ലോക്കുകള്‍ പൂര്‍ത്തിയാകും.പുതുതായി പണിത ബോട്ട് ലോക്ക് ഹൈഡ്രോളിക് ആണ്. യന്ത്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 14 മീറ്റര്‍ വീതിയുള്ള ബോട്ട് ലോക്ക് ദേശീയ ജലപാതയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ്. ഇതോടെ ബോട്ടുകളുടെ യാത്ര സുഗമമാകും.മേരിമാത കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിനാണ് ബണ്ടിന്റെ നിര്‍മ്മാണ ചുമതല.
പുതിയ ബണ്ടിനായി 31 സ്പാനുകള്‍ ആണ് നിര്‍മ്മിച്ചിട്ടുള്ളത്. ബണ്ടിന് ഇരുവശവും 1.4 മീറ്റര്‍ നടപ്പാതയുണ്ട്. 14 ഷട്ടറുകള്‍ കൂടി ഘടിപ്പിക്കുന്നതോടെ കിഴക്ക് പടിഞ്ഞാറ് ദിശയിലുള്ള ഇപ്പോള്‍ ഗതാഗതം നടക്കുന്ന മണ്‍ച്ചിറ പൂര്‍ണമായി പൊളിച്ചു നീക്കും. ഇതിന്റെ പ്രരംഭ നടപടിയായി ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കുന്ന ജോലിയും മരങ്ങള്‍ വെട്ടുന്ന പ്രവര്‍ത്തിയും പൂര്‍ത്തിയായി വരുന്നു. കായലിന്റെ മധ്യഭാഗത്ത് പണിത ബണ്ടിന്റെ ഇരുവശങ്ങളേയും നിലവിലുള്ള ബണ്ടുകളുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ പ്രവര്‍ത്തികളും പൂര്‍ത്തിയായി. മണല്‍ചിറ പൊളിക്കുന്നതിന് മുമ്പായി ഗതാഗതം പുതിയ ബണ്ടിലൂടെ തിരിച്ച് വിടേണ്ടി വരും. അതിനുള്ള ഒരുക്കങ്ങള്‍ ഇറിഗേഷന്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ രാജ്യം സ്വതന്ത്രമായതിന് ശേഷം ഏറ്റെടുത്ത വന്‍കിട പദ്ധതികളിലൊന്നാണ് പൂര്‍ത്തിയാകുന്നത്. ഒന്നാം പഞ്ചവത്സര പദ്ധതിയിലാണ് കുട്ടനാട് വികസന പദ്ധതിയില്‍പ്പെടുത്തി തണ്ണീര്‍മുക്കം ബണ്ട് നിര്‍മിക്കുന്നത്. ബണ്ടിന്റെ രൂപകല്‍പ്പന 1956ല്‍ സൂചനയിലുള്ള സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ സ്റ്റേഷന്‍ മോഡല്‍ സ്റ്റഡി നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് . ഒന്നാംഘട്ടം 1965ലും രണ്ടാംഘട്ടം 75ലുമാണ് പൂര്‍ത്തീകരിച്ചത്.
ബണ്ടിന്റെ മൂന്നാംഘട്ട പൂര്‍ത്തീകരണത്തിന് കാരണമായത് 2007ലെ എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടാണ്. കുട്ടനാടിന്റെ വിവിധ മേഖലകളിലെ നെല്‍കൃഷിയുള്‍പ്പെടയുള്ള ആവശ്യങ്ങള്‍ക്കായി ജലനിയന്ത്രണമാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രധാനദൗത്യം. മൂന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടുകൂടി വെള്ളപ്പൊക്ക സമയത്ത് കുട്ടനാട്ടിലെ ജലവിതാനം ഒരു പരിധിവരെ കുറയ്ക്കാനും തെക്ക് ഭാഗം കായലില്‍ മണ്ണടിഞ്ഞ് ആഴവും സംഭരണ ശേഷിയും കുറയുന്നത് തടയാനും ഉപ്പുവെള്ളം നിയന്ത്രിക്കാനും സാധിക്കുമെന്നതാണ് ബണ്ടിന്റെ പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."