അറപ്പാക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു
മാള: മാള ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡിലുള്ള അറപ്പാക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു. അറപ്പാക്കുളം പായലും പുല്ലും മാലിന്യങ്ങളും നിറഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടു നാളുകളേറെയായി. തിരുത്തിക്കുളങ്ങര ജലസേചന പദ്ധതിയുടെ ഭാഗമാണ് അറപ്പാക്കുളം. കുളത്തിലേക്ക് മഴവെളളമെത്തിയിരുന്ന സ്വാഭാവിക തോടുകള്‍ കൈയേറുകയും നികത്തുകയും ചെയ്തിട്ടുണ്ട്.
പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് മൂന്നു പതിറ്റാണ്ടു മുന്‍പാണ് അറപ്പാക്കുളം ജലസേചന പദ്ധതിക്കു തുടക്കമിട്ടത്. ഇതിനായി കുളത്തിനോടു ചേര്‍ന്നു കിണറും മോട്ടോര്‍പുരയും നിര്‍മിച്ചിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചില്ല. കുഴൂര്‍ കരിക്കാട്ടുചാലില്‍ നിന്നു തോടുമാര്‍ഗം കുളത്തിലേക്ക് വെളളമെത്തിച്ചാണ് പദ്ധതി നടപ്പാക്കാനിരുന്നത്. കുളത്തില്‍ നിന്നു വെളളം മോട്ടോര്‍ ഉപയോഗിച്ചു പമ്പിങ് നടത്തി പ്രദേശങ്ങളിലേക്കു എത്തിക്കുകയായിരുന്നു പദ്ധതി.
പദ്ധതി നിലച്ചതോടെ പായല്‍, പുല്ല്, ചെളി, മാലിന്യങ്ങള്‍ തുടങ്ങിയവ നിറഞ്ഞും വശങ്ങള്‍ ഇടിഞ്ഞും കുളം നാശത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കയാണ്. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരിക്കാട്ടുചാലില്‍ നിന്നു വെളളമെത്തിക്കുന്ന തോട് വര്‍ഷാവര്‍ഷം വൃത്തിയാക്കാറുണ്ടെങ്കിലും ഈ കുളത്തിലേക്ക് വെള്ളമെത്താറില്ല.
മുന്‍കാലങ്ങളില്‍ പ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ കുളിക്കാനും അലക്കാനും മത്സ്യബന്ധനത്തിനു വരെ ഉപയോഗിച്ചിരുന്ന കുളമാണു അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കുറ്റകരമായ അനാസ്ഥ നിമിത്തം നശിച്ചുകൊണ്ടിരിക്കുന്നത്.
വര്‍ഷക്കാലത്ത് മഴ കുറഞ്ഞു കുറഞ്ഞു വരുന്നതിനാല്‍ വരും വര്‍ഷങ്ങളിലെങ്കിലും ജനങ്ങള്‍ക്കു ഉപകാരപ്രഥമാകുന്ന തരത്തില്‍ കുളത്തെ മാറ്റാനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കണമെന്നാണു ശക്തമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."