ചെറുമീനുകളുമായി എത്തിയ അഞ്ചു മീന്‍പിടുത്ത ബോട്ടുകള്‍ പിടിയില്‍
വാടാനപ്പള്ളി: ചെറുമീനുകളുമായിയെത്തിയ അഞ്ചു മീന്‍പിടുത്ത ബോട്ടുകള്‍ ചേറ്റുവ ഹാര്‍ബറിനടുത്തു പിടികൂടി. രഹസ്യ വിവരത്തെത്തുടര്‍ന്നു ഫിഷറീസ് വകുപ്പും തീരദേശ പൊലിസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണു തളാന്‍ (പാമ്പാടി) ഇനത്തില്‍പ്പെട്ട ചെറുമീനുകള്‍ നിറച്ച ബോട്ടുകള്‍ കണ്ടെത്തിയത്. രണ്ടു ബോട്ടുകള്‍ പരിശോധനക്കിടയില്‍ സ്ഥലംവിട്ടു. ഇത്തരം ചെറുമീനുകളെ പിടിക്കാന്‍ അനുമതിയില്ല.
മീന്‍വളം ഉണ്ടാക്കുന്ന കമ്പനികള്‍ക്കു വേണ്ടിയാണു ചെറുമീനുകളെ കൊണ്ടുവന്നത്. ഹാര്‍ബറില്‍ ഇത്തരം മീനുകള്‍ ഇറക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണു ഹാര്‍ബറിനു വടക്കുവശം സ്വകാര്യവ്യക്തിയുടെ യാര്‍ഡില്‍ ബോട്ടുകള്‍ അടുപ്പിച്ചത്.
പിടിച്ചെടുത്ത മീന്‍കുഞ്ഞുങ്ങളെ പിന്നീടു കടലില്‍ ഉപേക്ഷിച്ചു. ബോട്ടുകള്‍ തീരദേശ പൊലിസിന്റെ കസ്റ്റഡിയിലാണ്.
കൊല്ലത്തും കുളച്ചിലിലും രജിസ്റ്റര്‍ ചെയ്തവയാണു പിടിച്ചെടുത്ത ബോട്ടുകള്‍. കര്ണന്, നക്ഷത്രം, ആഞ്ജനേയന്, സാഗര്ബോസ് ഒന്ന്, സാഗര്ബോസ് രണ്ട് എന്നീ ബോട്ടുകളിലാണു ചെറുമീനുകള്‍ കൊണ്ടുവന്നത്. മുനമ്പത്ത് മീന്‍ ഇറക്കിയ ശേഷമാണു ചെറുമീനുകളുമായി ബോട്ടുകള്‍ ചേറ്റുവയില്‍ എത്തിയതെന്നു പറയുന്നു.
കുറച്ചു കാലമായി ചെറുമീനുകളുമായി ബോട്ടുകള്‍ ചേറ്റുവയില്‍ എത്തുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നു ഫിഷറീസ് വകുപ്പ് മറൈന്‍ പട്രോളിങ് നടത്തി വരുന്നുണ്ടായിരുന്നു. ഇതിനിടയിലാണു ബോട്ടുകള്‍ അടുപ്പിച്ചതായി രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്നു ഫിഷറീസ് അസി. ഡയരക്ടര്‍ പ്രശാന്ത്, സബ് ഇന്‍സ്പെക്ടര്‍മാരായ പി.എ ഫാത്തിമ, ഷിനി വില്സന്, സുരേഷ്ബാബു, മനീഷ് മോഹന്‍, മുനയ്ക്കക്കടവ് തീരദേശ പൊലിസ് എസ്.ഐ സി.ജെ പോള്സന്, സി.പി.ഒമാരായ പി.ബി രാജു, സൗമല്‍, സൂവീഷ്, ബോട്ട് സ്രാങ്ക് വിനോദ്, ലസ്കര്‍ സതീശന് ആണു പരിശോധനക്ക് നേതൃത്വം നല്‍കിയത്.
അനുവദിച്ചതിനേക്കാള്‍ വലുപ്പം കുറഞ്ഞ മീന്‍ പിടിക്കുന്നതു കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന തുടരുമെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ എം.എസ് ഷാജു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."