മഴയ്ക്കൊപ്പം ചുഴലിക്കാറ്റ്; രണ്ടു വീടുകള്‍ തകര്‍ന്നു
നിലമ്പൂര്‍: മലയോര മേഖലയില്‍ കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഇടിവണ്ണ, മുട്ടിയേല്‍, പെരുമ്പത്തൂര്‍ ഭാഗങ്ങളിലാണ് വ്യാപകമായി കാറ്റുവീശിയത്. മുട്ടിയേലില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒരാള്‍ക്കു പരുക്കേറ്റു.
തേക്ക്, റബര്‍, കശുമാവ്, തെങ്ങ് എന്നിവ വ്യാപകമായി നിലംപൊത്തി. രണ്ടായിരത്തോളം റബര്‍ കടപുഴകിവീണിട്ടുണ്ട്. വൈദ്യുതിത്തൂണുകള്‍ പൊട്ടിവീണ് പ്രദേശം ഇരുട്ടിലായി. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് കനത്ത മഴയും ഇടിയും കാറ്റുമുണ്ടായത്. മുട്ടിയേല്‍ മന്തോണി നഫീസ, തിരുത്തിപറമ്പില്‍ നബീസ എന്നിവരുടെ വീടുകളുടെ മുകളിലേക്കു തേക്ക്, തെങ്ങ്, റബര്‍ മരങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നു.
നബീസയുടെ തലയിലേക്ക് ഓട് വീണ് പരുക്കേറ്റു. കുരുക്കുത്തി പാത്തുമ്മ, കാഞ്ഞപ്ലാക്കല് ഏലിയാസ്, അരിമ്പ്രക്കുന്ന് ഷാഹിന എന്നിവരുടെ വീടുകള്‍ക്ക് മരം വീണ് നാശമുണ്ടായി. വീണ മരത്തില്‍ തട്ടി ബൈക്ക് മറിഞ്ഞ് നമ്പൂരിപ്പൊട്ടിയിലെ രാഹുലിനും പരുക്കേറ്റു. മുട്ടിയേല്‍ ജുമാമസ്ജിദിന്റെ മേല്‍ക്കൂര പാറിപ്പോയി. മുട്ടിയേല്‍ സെന്റ് അല്‍ഫോന്‍സ പള്ളി, വലിയാട് അബ്ദുര്റഹിമാന്, മേലേതൊടിക ആരിഫ്, ജാബിര്‍ എന്നിവരുടെ റബര്‍ മരങ്ങള്‍ നിലംപൊത്തി. താണിയില്‍ താമിയുടെ രണ്ടേക്കറിലെ മരങ്ങള്‍ പൂര്‍ണമായും നശിച്ചു.
ആഢ്യന്‍പാറ, പെരുമ്പത്തൂര്‍, മുട്ടിയേല്‍, ചെട്ട്യാമ്പാറ ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. വൈകിട്ട് ആറോടെയാണ് ഇടിവണ്ണ, മൂലേപ്പാടം ഭാഗത്തു ചുഴലിക്കാറ്റ് വീശിയത്. മൂലേപ്പാടം എച്ച് ബ്ലോക്കില്‍ കൊല്ലകൊമ്പില്‍ വിന്‍സെന്റിന്റെ വീടിനു മുകളില്‍ തേക്ക് വീണ് നാശം സംഭവിച്ചു. പാറപ്പുറം ബിനുവിന്റെ റാട്ടപുരയുടെ ഷീറ്റ് പറന്നുപോയി. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വൈദ്യുതി എന്നു പുനഃസ്ഥാപിക്കാനാകുമെന്ന് പറയാനാകില്ലെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."