നട്ടും നനച്ചും പരിസ്ഥിതി ദിനാഘോഷം
തിരുവനന്തപുരം: പരിസ്ഥിതി ദിനം ജില്ലയില്‍ നിരവധി പരിപാടികളോടെ ആഘോഷിച്ചു. കനകക്കുന്ന് കൊട്ടാര വളപ്പില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിക്കൊപ്പം വനംവകുപ്പ് മന്ത്രി കെ.രാജു, കെ.മുരളീധരന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍( പരിസ്ഥിതി), അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫോറസ്റ്റ് ആന്റ് വൈല്‍ഡ് ലൈഫ്) പി.മാര പാണ്ഡ്യന്‍ എന്നിവരും പങ്കെടുത്തു.
രാജ് ഭവനില്‍ 25 മാവിന്‍ തൈകള്‍ നട്ടു. ആദ്യ തൈ തൈ ഗവര്‍ണര്‍ പി. സദാശിവം നട്ടു.മരങ്ങള്‍ വച്ചുപിടിപ്പിച്ചും പരിസരശുചിത്വമുറപ്പാക്കിയും പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നു ഗവര്‍ണര്‍ പറഞ്ഞു. വെള്ളായണികാര്‍ഷിക കോളേജില്‍ നിന്ന് എത്തിച്ച അല്‍ഫോണ്‍സോ ഇനത്തില്‍പ്പെട്ട മാവാണ് ഗവര്‍ണര്‍ നട്ടത്. ബാംഗളൂറ, മല്ലിക, കര്‍പ്പൂരം, നീലം എന്നീ ഇനം തൈകളും രാജ് ഭവന്‍ വളപ്പില്‍ നട്ടു. മേയര്‍ വി.കെ. പ്രശാന്ത് നഗരസഭാ ഓഫിസ് വളപ്പില്‍ വൃക്ഷത്തൈ നട്ടു. ഒപ്പം മഴക്കാല പൂര്‍വ്വ പരിപാടികള്‍ക്കും ഇന്നലെ നഗരസഭ തുടക്കം കുറിച്ചു.
പൊലിസ് ആസ്ഥാനത്ത് നടന്ന ദിനാചരണ പരിപാടികള്‍ക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി. അനില്‍കാന്ത് നേതൃത്വം നല്‍കി. നെല്ലി, ജാമ്പ, ചെറി, ആത്തി, പുളി, വേപ്പ്, ഗ്രാമ്പു തുടങ്ങിയ വൃക്ഷത്തൈകളാണ് പൊലിസ് ആസ്ഥാനത്ത് നട്ടത്. എസ്.പി. മാരായ സഞ്ജയ്കുമാര്‍ ഗുരുഡിന്‍,കെ.അജിത്, ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്.രാജശേഖരന്‍, ഹൈടെക് സെല്‍ എ.സി. വിനയകുമാരന്‍ നായര്‍, ഡിവൈ.എസ്.പി. ഇ.എന്‍.സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വെള്ളയമ്പലം ലിറ്റില്‍ ഫ്‌ളവര്‍ പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍ച്ച്ബിഷപ്പ് സൂസ പാക്യം പങ്കെടുത്തു.
ഇന്നലെ അവധിയായിരുന്നതിനാല്‍ സ്‌കൂളുകളിലും കോളേജുകളിലും ഇന്നാണ് പരിപാടികള്‍ നടക്കുന്നത്. വിപുലമായ പരിപാടികളാണ് ഇന്ന് സ്‌കൂളുകളിലും കോളജുകളിലും സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പസ് ഒരു പാഠപുസ്തകം എന്നതാണ് ഈവര്‍ഷത്തെ മുദ്രാവാക്യം. പരിസ്ഥിതി ക്ലാസുകള്‍ക്കു പുറമെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ സന്ദേശവും സ്‌കൂളുകളില്‍ വായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."