പൊന്നാനി നഗരസഭ ജൂനിയര്‍ സൂപ്രണ്ടിനെയും മുന്‍ സെക്രട്ടറിയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടി
തിരുവനന്തപുരം: വോട്ടര്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ നടപടിക്രമങ്ങള്‍ പാലിക്കാതെ പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ സമ്മതിദായകരുടെ പേര് ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്ത ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ കെ.കെ മനോജ്, അസി. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ വി.വി അരുണ്‍കുമാര്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിച്ചു. പൊന്നാനി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ക്രിമിനല്‍ നടപടി നിയമം190, 200 വകുപ്പുകള്‍ പ്രകാരം കേരള മുനിസിപ്പാലിറ്റി ആക്ട് 84എ ഇന്ത്യന്‍ ശിക്ഷാ നിയമം 34 എന്നിവയില്‍ പറയുന്ന കുറ്റങ്ങള്‍ക്കാണ് കേസ് എടുത്തിരിക്കുന്നത്. സംസ്ഥാന തെഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യമായാണ് വോട്ടര്‍പ്പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് കോടതിയെ സമീപിക്കുന്നത്.
അഴീക്കല്‍ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമായി ലഭിച്ച അപേക്ഷകളിന്‍മേല്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസറും അസി.ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസറും ചട്ട വിരുദ്ധമായി പ്രവര്‍ത്തിച്ചു.18 വയസ് പൂര്‍ത്തിയാകാത്തവരെയും വാര്‍ഡിലെ സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. നിരവധി വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായും കമ്മിഷന്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."