ചങ്കിന്റെ 'ചങ്ക് ' തച്ചങ്കരിയെ കണ്ടു: സന്തോഷം പങ്കിട്ട് മടങ്ങി
തിരുവനന്തപുരം: താന്‍ സ്ഥിരമായി സഞ്ചരിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനെ ചങ്കോളം സ്‌നേഹിച്ച റോസ്മി സണ്ണി തച്ചങ്കരിയെ കാണാന്‍ തലസ്ഥാനത്തെത്തി. ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍.എ.സി 140 നമ്പര്‍ വേണാട് ബസ് റൂട്ട് മാറ്റിയതില്‍ പ്രതിഷേധിച്ച് ആലുവ ഡിപ്പോയിലേക്ക് റോസ്മി ഫോണ്‍ ചെയ്തതും തുടര്‍ന്ന് ബസ് തിരിച്ചെത്തിയതും സാമൂഹ്യമധ്യമങ്ങളില്‍ വൈറലായിരുന്നു.
താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന വണ്ടി ആലുവ കെ.എസ്.ആര്‍.ടി.സി റീജ്യനല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ഈരാറ്റുപേട്ട ഡിപ്പോയില്‍ തിരിച്ചെത്തിയതിനുപിന്നാലെയാണ് റോസ്മി തച്ചങ്കരിയെ കാണാനെത്തിയത്.
ഇന്നലെ രാവിലെ 11ഓടെയാണ് റോസ്മി തച്ചങ്കരിയുടെ ഓഫിസിലെത്തിയത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയും സ്പീഡ് വിങ്‌സ് ഏവിയേഷന്‍ അക്കാദമി വിദ്യാര്‍ഥിനിയുമാണ് റോസ്മി. ബസ് തിരികെത്തിയതിന് റോസ്മി തച്ചങ്കരിക്ക് നന്ദി പറഞ്ഞു. ബസ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആലുവ ഡിപ്പോയിലേക്ക് ഫോണ്‍ചെയ്യാന്‍ സഹായിച്ച കൂട്ടുകാരിയും റോസ്മിക്കൊപ്പം ഉണ്ടായിരുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ വലിയ ആരാധികയാണ് താനെന്നും ബസ് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഫോണ്‍ വിളിച്ചതെന്നും റോസ്മി പറഞ്ഞു. സ്ഥിരം യാത്രചെയ്യുന്ന ആ ബസിനെക്കുറിച്ച് നല്ല ഓര്‍മകളുള്ളതിനാല്‍ ബസ് നഷ്ടപ്പെടുന്നത് ചിന്തിക്കാനേ കഴിയുമായിരുന്നില്ല.
തന്റെ ഫോണ്‍ സംഭാഷണം ഇത്രവേഗം പ്രചരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും റോസ്മി പറഞ്ഞു. റോസ്മി ഫോണ്‍ വിളിച്ചതിന്റെ ശബ്ദരേഖ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് തച്ചങ്കരി ഇടപെട്ടാണ് ബസ് തിരികെ ഈരാറ്റുപേട്ടയിലെത്തിയത്.
വിദ്യാര്‍ഥിനിയുടെ പരാതി ക്ഷമയോടെ കേള്‍ക്കുകയും മറുപടി പറയുകയുംചെയ്ത ആലുവ ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ സി.ടി ജോണിക്ക് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി അഭിനന്ദിച്ച് കത്തയച്ചിരുന്നു.
ആലുവയിലെ റീജ്യനല്‍ വര്‍ക്ക്‌ഷോപ്പിലെ അറ്റകുറ്റപ്പണിക്കുശേഷം കണ്ണൂര്‍ ഡിപ്പോയിലേക്ക് ബസ് വിടാനായിരുന്നു നേരത്തെ ഉദ്ദേശിച്ചിരുന്നത്. സംഭവം ജനശ്രദ്ധ ആകര്‍ഷിച്ചതോടെ ഈ ബസിന് ചങ്ക് വണ്ടി എന്ന പേരും നല്‍കി. ഈരാറ്റുപേട്ടയിലെത്തിയ ബസിനെ നാട്ടുകാര്‍ ഹാരാര്‍പ്പണം നല്‍കിയാണ് വരവേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."