ശ്രീജിത്തിനെ മര്‍ദിച്ചവരെ രക്ഷിക്കാന്‍ രഹസ്യനീക്കം
തിരുവനന്തപുരം: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ മര്‍ദിച്ച പൊലിസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ രഹസ്യനീക്കങ്ങള്‍ സജീവം. പൊലിസ് സേനയുടെ ഉന്നതതലത്തിലാണ് ഇത്തരത്തില്‍ രഹസ്യനീക്കം നടക്കുന്നത്.
അറസ്റ്റിലായ നാലുപേരില്‍ വരാപ്പുഴ എസ്.ഐ ആയിരുന്ന ദീപക് മാത്രമാണ് ശ്രീജിത്തിനെ മര്‍ദിച്ചതെന്നാണ് പറയുന്നത്. തിരുവനന്തപുരത്തെ സ്വന്തം വീട്ടില്‍നിന്ന് ബൈക്കില്‍ യാത്ര ചെയ്ത് സ്റ്റേഷനില്‍ എത്തിയതിന്റെ അരിശം തീര്‍ക്കാനായി ശ്രീജിത്തിന്റെ നാഭിയില്‍ എസ്.ഐ തൊഴിക്കുകയായിരുന്നു എന്നും സാക്ഷിമൊഴിയുണ്ട്. ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരും ഈ മൊഴി നല്‍കിയിട്ടുണ്ട്.
റൂറല്‍ എസ്.പി എ.വി ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായെങ്കിലും തങ്ങള്‍ യഥാര്‍ഥ പ്രതികളല്ലെന്ന് അവര്‍തന്നെ പറഞ്ഞിരുന്നു.
കേസിലെ യഥാര്‍ഥ പ്രതികള്‍ കുടുങ്ങാതിരിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇവരെ റിമാന്‍ഡ് ചെയ്തതെന്നും പറയുന്നു.
സ്റ്റേഷനില്‍വച്ച് ശ്രീജിത്തിനെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്താല്‍ അവര്‍ ശിക്ഷിക്കപ്പെട്ടേക്കും. അത് ഒഴിവാക്കാനായാണ് യഥാര്‍ഥത്തില്‍ പ്രതികളല്ലാത്ത മൂന്നുപേരെ പ്രതിചേര്‍ത്തതും അറസ്റ്റ് ചെയ്തതും.
പിന്നീട് ഇവര്‍ തെളിവുകളുടെ അഭാവത്തില്‍ കേസില്‍നിന്നു കുറ്റവിമുക്തരാകുകയും അതിനുശേഷം സര്‍വിസില്‍ പ്രവേശിക്കാനുമാകും. അപ്പോള്‍ യഥാര്‍ഥ പ്രതികളേയും നിരപരാധികളേയും രക്ഷപ്പെടുത്താമെന്നുള്ള ഗൂഢാലോചനയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്കെല്ലാം പിന്നിലുള്ളത്. സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
അതുകൊണ്ടുതന്നെ സ്റ്റേഷനിലെ മറ്റു പൊലിസുകാര്‍ അറസ്റ്റിലാകാതിരിക്കാനുള്ള ശക്തമായ സമ്മര്‍ദവും അന്വേഷണ സംഘത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."