പിണറായിയിലെ കൊലപാതകങ്ങള്‍ പ്രതി സൗമ്യയെ കസ്റ്റഡിയില്‍വിട്ടു
തലശ്ശേരി: പിണറായി പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവതിയെ കോടതി നാലുദിവസത്തെ പൊലിസ് കസ്റ്റഡിയില്‍വിട്ടു. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍കണ്ടി വീട്ടില്‍ സൗമ്യയെ (28) ആണ് അന്വേഷണ സംഘത്തിന്റെ ആവശ്യ പ്രകാരം തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഡൊണാള്‍ഡ് സെക്യൂറ നാലുദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണു പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. 29 വരെയാണ് ചോദ്യം ചെയ്യാനായി വിട്ടുനല്‍കിയത്.
സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍ (78), കമല (65), മകള്‍ ഐശ്യര്യ കിഷോര്‍ (എട്ട്) എന്നിവരെ ഭക്ഷണത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതാണെന്ന സൗമ്യയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇവരെ ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇളയമകള്‍ കീര്‍ത്തന കിഷോര്‍ (ഒന്നര) മരിച്ച സംഭവത്തില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും അതു സ്വാഭാവിക മരണമാണെന്നും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. കാമുകനുമൊത്തു ജീവിക്കുന്നതിനു തടസം നിന്ന മകള്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് മാരകമായ എലി വിഷം നല്‍കി കൊലപ്പെടുത്തിയത്.
അമ്മ കമലയ്ക്കു മത്സ്യക്കറിയിലും അച്ഛന്‍ കുഞ്ഞിക്കണ്ണനു രസത്തിലുമാണ് എലി വിഷം ചേര്‍ത്തു നല്‍കിയത്. മകള്‍ ഐശ്യര്യയ്ക്കു വറുത്ത മത്സ്യത്തിനകത്തും കലര്‍ത്തി നല്‍കി. എല്ലാവര്‍ക്കും ഒരേ വിഷമാണു നല്‍കിയത്. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട മൂവരും ആശുപത്രികളില്‍ വച്ചാണു മരിച്ചത്. ആശുപത്രിയില്‍ എല്ലാവര്‍ക്കും കൂട്ടായിരുന്നതും പ്രതിയായ സൗമ്യ തന്നെയായിരുന്നു. നിരവധി പേരുമായി അവിഹിത ബന്ധമുണ്ടായിരുന്ന സൗമ്യ തന്റെ ഇംഗിതത്തിന് എതിരു നിന്നവരെയാണു വകവരുത്തിയത്.
പ്രണയത്തിലായ നിട്ടൂര്‍ ഇല്ലിക്കുന്ന് സ്വദേശിയായ യുവാവിനൊപ്പം കഴിയാന്‍ സൗമ്യ ഇഷ്ടപ്പെട്ടിരുന്നു. ഇയാളുള്‍പ്പെടെ നാലുയുവാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധമില്ലെന്ന് കണ്ട് മറ്റ് മൂന്ന് പേരെ വിട്ടയച്ചു. ഇല്ലിക്കുന്ന് സ്വദേശിയായ യുവാവ് പൊലിസ് കസ്റ്റഡിയിലാണുള്ളത്. ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
ഈ വര്‍ഷം ജനുവരി 31നാണ് ഐശ്യര്യ കിഷോര്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ മരിച്ചത്. ബന്ധുവിന്റെ പരാതിയില്‍ കഴിഞ്ഞദിവസം കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. മാര്‍ച്ച് മാസത്തില്‍ പ്രതിയുടെ അമ്മ കമലയും മരണപ്പെട്ടു. ഏപ്രില്‍ 13നാണ് സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണന്‍ ഛര്‍ദിയെതുടര്‍ന്ന് മരിച്ചത്.
ഇതെല്ലാം എലിവിഷം നല്‍കി താന്‍ കൊലപ്പെടുത്തിയതാണെന്നു സൗമ്യ കുറ്റ സമ്മതമൊഴി നല്‍കിയിട്ടുണ്ട്. 2012 സെപ്റ്റംബര്‍ ഒന്‍പതിനു സൗമ്യയുടെ മകള്‍ കീര്‍ത്തന മരിച്ചതും ഇതേ രോഗ ലക്ഷണങ്ങള്‍ തന്നെ കാണിച്ചായിരുന്നു. എന്നാല്‍ ഈ കുട്ടിയുടെ മരണത്തില്‍ തനിക്കു പങ്കില്ലെന്നാണ് സൗമ്യ പൊലിസിനു മൊഴിനല്‍കിയത്.
യുവതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു
തലശ്ശേരി: ഒരുകുടുംബത്തിലെ മൂന്നുപേര്‍ വിഷം അകത്തുചെന്ന് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ സൗമ്യയെ അന്വേഷണസംഘം പടന്നക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെ.ഇ പ്രേമചന്ദ്രന്‍, ധര്‍മടം എസ്.ഐ എം.ആര്‍ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു തെളിവെടുപ്പ്. പൊലിസ് ജീപ്പും മാധ്യമപ്പടയെയും കണ്ടതോടെ പരിസരവാസികളും പിറകെ നാട്ടുകാരും വണ്ണത്താന്‍ വീട്ടിലേക്ക് ഇരച്ചെത്തി. ഇതിനകം സൗമ്യയെയും കൂട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടില്‍ കയറിയിരുന്നു. പിന്നെ വാതില്‍ അടച്ചായിരുന്നു തെളിവെടുപ്പ്. ഏതാണ്ട് 20 മിനിറ്റോളം വീട്ടിനകത്തു നിന്ന് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ഉച്ചകഴിഞ്ഞ് 2.40ഓടെ അകത്ത് കയറിയസംഘം 3.05ഓടെയാണ് പുറത്തുവന്നത്. ഈസമയം പുറത്ത് വന്‍ ജനക്കൂട്ടമായിരുന്നു. ഇവര്‍ക്കിടയിലൂടെ പൊലിസ് സംഘം സൗമ്യയുമായി ജീപ്പിനടുത്തേക്കു നീങ്ങവെ ആള്‍ക്കൂട്ടം കൂക്കിവിളിച്ച് രോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. വനിതാ പൊലിസ് വലയത്തിലായിരുന്നു വരവും പോക്കും. ബുധനാഴ്ച രാത്രി ഒന്‍പതോടെയാണു തലശ്ശേരി റസ്റ്റ് ഹൗസില്‍ സൗമ്യ അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."