സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നഗരസഭാ കാര്യാലയം വളഞ്ഞു; പ്രവര്‍ത്തനം സ്തംഭിച്ചു
നിലമ്പൂര്‍: നഗരസഭയുടെ ജനവിരുദ്ധ ഭരണത്തിനെതിരേ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫിസ് വളഞ്ഞ് പ്രതിഷേധ സമരം നടത്തി. പ്രകടനത്തിലും പ്രതിഷേധ സമരത്തിലും നൂറുകണക്കിനു പേര്‍ പങ്കെടുത്തു. സമരത്തെ തുടര്‍ന്ന് ഉച്ചവരെ നഗരസഭയുടെ പ്രവര്‍ത്തനവും പൂര്‍ണമായും സ്തംഭിച്ചു. ടൗണില്‍നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്കു മുന്നിലെത്തുകയായിരുന്നു.
സി.പി.എം ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷന്‍ ഉദ്ഘാടനം ചെയ്തു. യു.ടി പ്രവീണ്‍ അധ്യക്ഷനായി. വി.ടി രഘുനാഥ്, കെ.റഹീം, പി.ടി ഉമ്മര്‍, എന്‍.വേലുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭയുടെ അഴിമതിയും ഭരണ സ്തംഭനവും അവസാനിപ്പിക്കുക, മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുക, പാട്ടഭൂമി പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സമരത്തെ നേരിടാനായി നിലമ്പൂര്‍, എടക്കര, എടവണ്ണ, പൂക്കോട്ടുംപാടം സ്റ്റേഷനുകളില്‍ നിന്നായി പൊലിസും സ്ഥലത്തുണ്ടായിരുന്നു.
നഗരസഭ ഓഫിസ് ഗേറ്റ് സമരം തീരുംവരെ അടഞ്ഞുകിടന്നു. ഓഫിസ് പ്രവര്‍ത്തനം തടസപ്പെടുത്തിയതില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേസെടുക്കുമെന്ന് പൊലിസും പറഞ്ഞു.
120 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു
നിലമ്പൂര്‍: പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ തടസപ്പെടുത്തുന്ന തരത്തില്‍ നിലമ്പൂര്‍ നഗരസഭാ കാര്യാലയം വഴി തടഞ്ഞുകൊണ്ടുള്ള സി.പി.എം സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ നിലമ്പൂര്‍ പൊലിസ് കേസെടുത്തു.
വിവിധ കുറ്റങ്ങള്‍ ചുമത്തി കണ്ടാലറിയാവുന്ന 120പേര്‍ക്കെതിരെയാണ് കേസ്.
ഓഫിസ് പ്രവര്‍ത്തനം തടസപ്പെടുത്തിയതിന് നഗരസഭ ചെയര്‍പേഴ്‌സണും, ഗതാഗതം തടസപ്പെടുത്തിയതിന് മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയും പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."