വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ട കേസ്: യുവാവ് പിടിയില്‍
പോത്തുകല്‍: പൊലിസുകാരന്റെ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു തീയിട്ട കേസില്‍ യുവാവ് അറസ്റ്റില്‍. ചുങ്കത്തറ കൈപ്പിനിയില്‍ കരിമ്പ് ജ്യൂസ് വില്പന നടത്തുന്ന കൈതക്കുടിയില് ജയനെ (30) യാണ് പോത്തുകല്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
തീവയ്ക്കാന്‍ ഉപയോഗിച്ച സാധനങ്ങളും കത്തിയ തോര്‍ത്തുമുണ്ട്, ഡീസല്‍ കൊണ്ടുവന്ന കുപ്പി എന്നിവയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ 12നു രാത്രി വഴിക്കടവ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ മാട്ടട ഉണ്ണികൃഷ്ണന്റെ ചുങ്കത്തറ കൈപ്പിനിയിലുള്ള വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ആക്ടീവ, ബുള്ളറ്റ് വാഹനങ്ങളാണ് മണ്ണെണ്ണ ഒഴിച്ചു തീയിട്ടത്. സ്കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചിരുന്നു.
വീട്ടുമുറ്റത്തെ കിണറ്റില്‍ മണ്ണെണ്ണ ഒഴിച്ചതായും കണ്ടെത്തിയിരുന്നു. ജയനെ നിലമ്പൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കു പൊലിസുകാരന് ഉണ്ണികൃഷ്ണനോടുണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് തീവയ്പില്‍ കലാശിച്ചത്. ഉണ്ണികൃഷ്ണന്റെ വീടിനു മുന്‍വശത്തെ പൊതുറോഡില്‍ മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടു നാട്ടുകാര്‍ നല്കിയ പരാതിയില്‍ പോത്തുകല്‍ പൊലിസ് കേസെടുത്തിരുന്നു. ആ കേസില്‍ പിഴ അടക്കാത്തതു കാരണം വാറന്ഡായതും പ്രതിയെ പ്രകോപിതനാക്കി.
ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ പോത്തുകല്‍ എസ്.ഐ കെ. ദിജേഷ് കൃഷ്ണ, എ.എസ്.ഐ ജോസ്, സീനിയര്‍ സി.പി.ഒ ദിനേശ് കുമാര്‍, സി.പി.ഒമാരായ സി.എ മുജീബ്, ഫിര്‍സാദ്, സക്കീര്‍, ഹര്‍ഷാദ്, സുകേഷ്, ബിജോയ്, രാജേഷ്, ബൈജു, ശ്രീകാന്ത്, സലീല്‍ബാബു എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."