സുല്‍ത്താന്‍ ബത്തേരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ ക്രമക്കേടുകള്‍: റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോ. രജിസ്ട്രാര്‍ നോട്ടിസ് നല്‍കി
സുല്‍ത്താന്‍ ബത്തേരി: ഒരു ഇടവേളക്ക് ശേഷം ബത്തേരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് വീണ്ടും ചര്‍ച്ചയാകുന്നു. ബാങ്കുമായി ബന്ധപെട്ട് പലവിധ ക്രമക്കേടുകള്‍ കണ്ടെത്തിയ അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരടക്കം 25 പേര്‍ക്ക്് ജോയിന്റ് രജിസ്ട്രാര്‍ നോട്ടിസ് നല്‍കി.
ഈ മാസം 30ന് ഹിയറിംഗിന് ഹാജരാകണമെന്നാവശ്യപെട്ടാണ് നോട്ടിസ്.വിവിധ ക്രമക്കേടുകള്‍ നടത്തിയതു മുഖേന ബാങ്കിന് നഷ്ടമായ രണ്ട് കോടി 34 ലക്ഷം രൂപ ഇവരില്‍നിന്നും തിരിച്ചുപിടിക്കണമെന്നാണ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.എസ് ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേണ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളവര്‍ക്ക് നോട്ടിസ് നല്‍കിയിരിക്കുന്നത്. എട്ടു വിഭാഗങ്ങളിലായി വന്‍ക്രമക്കേടുകള്‍ നടന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമവിരുദ്ധ നിയമനങ്ങള്‍, വാര്‍ഷിക പൊതുയോഗവുമായി ബന്ധപെട്ടുള്ള പരാതി, വാഹനങ്ങളുടെ ദുരുപയോഗവും അനുമതിയില്ലാതെ വാഹനം വാങ്ങലും, ഭരണസമിതിയില്‍ അനര്‍ഹര്‍ കടന്നുകൂടി ആനുകൂല്യങ്ങള്‍ കൈപ്പറ്റല്‍, വാടക കെട്ടിടത്തില്‍ അനാവശ്യ നിര്‍മാണ പ്രവൃത്തികള്‍ എന്നിവയാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ബാങ്കുമായി ബന്ധപെട്ട് പ്രവര്‍ത്തിച്ച സഹകരണ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുമാത്രം ഒരു കോടിയിലധികം രൂപ ഈടാക്കണമെന്നാണ് നിര്‍ദ്ദേശം. ബാങ്ക് മുന്‍ഭരണസമിതി പ്രസിഡന്റടക്കം ഭരണസമിതിയംഗങ്ങളില്‍ നിന്നും വന്‍തൂക ഈടാക്കണമെന്നും ഇതില്‍ മുന്‍ഭരണസമിതി അംഗമായിരുന്ന ഷാജി ചുള്ളിയോടിനെ നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒന്നേമുക്കാല്‍ ലക്ഷം മുതല്‍ നാലേ മുക്കാല്‍ ലക്ഷം രൂപ വരെ ജീവനക്കാരും അടക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറെ വിവദങ്ങള്‍ പിന്തുടരുന്ന ബാങ്ക് 2017 മെയ് മാസം മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് കീഴിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."