പുതുപ്പാടിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സ്ഥിരീകരണം
സ്വന്തം ലേഖകന്‍
താമരശേരി: പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് എടുത്തുവെച്ചകല്ലില്‍ മാവോയിസ്റ്റുകള്‍ വന്നുപോയതായി സ്ഥിരീകരണം. ചൊവ്വാഴ്ച രാത്രി ഏഴോടെ പരപ്പനപ്പാറ പുകപ്പുരക്കല്‍ കുഞ്ഞുമോന്റെ വീട്ടിലാണ് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതെന്ന് പൊലിസ് പറഞ്ഞു.
വൈകിട്ട് ഏഴുമണിയോടെ പട്ടാള വേഷധാരികളായി പച്ചനിറത്തിലുള്ള യൂനിഫോം അണിഞ്ഞെത്തിയ സംഘം രാത്രി പത്തോടെയാണ് തിരിച്ചുപോയതെന്ന് വീട്ടുടമ കുഞ്ഞുമോന്‍ പറഞ്ഞു. ഇവരുടെ കൈവശം തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ലഘുലേഖകളും മാസികകളും ഉണ്ടായിരുന്നതായി പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തില്‍ മൂന്നു സ്ത്രീകളും ഒരു പുരുഷനുമാണുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടും ഇതേ സംഘം പ്രദേശത്ത് എത്തിയതായി പരിസരവാസികള്‍ പറഞ്ഞു.
ഞായറാഴ്ച കണ്ണപ്പന്‍കുണ്ടിലെ രാഘവന്റെ വീട്ടിലെത്തിയത് മൂന്നംഗ സംഘമായിരുന്നു. രാഘവന്റെ വീട്ടിലെത്തിയ സംഘം കപ്പയും മറ്റും കഴിച്ചതിനു ശേഷം വെളിച്ചെണ്ണയും ഉള്ളിയും ആവശ്യപ്പെടുകയും ചെയ്തു. രാഘവന്റെ വീട്ടില്‍ നിന്നു നാന്നൂറ് മീറ്റര്‍ മാറിയാണ് കഴിഞ്ഞദിവസം മാവോയിസ്റ്റുകളെത്തിയ കുഞ്ഞുമോന്റെ വീട് സ്ഥിതിചെയ്യുന്നത്. താമരശേരി ചുരത്തിനോടു ചേര്‍ന്ന വനമേഖലയിലെ ഈ പ്രദേശത്ത് ആള്‍ത്താമസം കുറവാണ്. കുഞ്ഞുമോന്റെ വീട്ടിലെത്തിയ സംഘം ഭക്ഷണം കഴിച്ചതിനു ശേഷമാണ് തിരിച്ചതെന്നു വ്യക്തമായിട്ടുണ്ട്.
നേരത്തെയും പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിരുന്നു. വനപ്രദേശത്തെ വീടുകളിലെത്തുന്ന മാവോയിസ്റ്റ് സംഘങ്ങള്‍ മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും തീപ്പന്തം അടക്കമുള്ള മാസികകളും ലഘുലേഖകളും വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
തങ്ങള്‍ വന്ന വിവരം പുറത്തറിയിക്കരുതെന്നും ഇങ്ങനെ വന്നാലുള്ള തിക്തഫലങ്ങളെ കുറിച്ചുള്ള ഭീഷണിപ്പെടുത്തുകയുമാണ് സംഘം ചെയ്യുന്നതെന്ന് പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രദേശത്ത് താമരശേരി ഡിവൈ.എസ്.പി പി.സി സജീവന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കൂടുതല്‍ മാവോയിസ്റ്റുകള്‍ വനപ്രദേശത്ത് തങ്ങിയിട്ടുണ്ടോ എന്നതു സംബന്ധിച്ച് വരുംദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."