കൊല്ലത്ത് 'ചെങ്കോട്ട' ഒരുങ്ങുന്നു
കൊല്ലം: പാര്‍ട്ടികോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ദിശാബോധം നല്‍കുമ്പോള്‍ അതിന്റെ പ്രഖ്യാപനത്തിന് ചെങ്കോട്ട ഒരുങ്ങുന്നു. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച റെഡ്‌ഫോര്‍ട്ടിനെ കലാസംവിധായകന്‍ സുരേഷ് കൊല്ലം പുനരാവിഷ്‌ക്കരിക്കുകയാണ് ആശ്രാമം മൈതാനിയിലെ സി.കെ ചന്ദ്രപ്പന്‍ നഗറില്‍. 55 അടി ഉയരമുള്ള കോട്ട പ്ലൈവുഡിലും തടിയിലുമാണ് നിര്‍മിച്ചിട്ടുള്ളത്. 35 തൊഴിലാളികളുടെ ഒരുമാസത്തെ പ്രയത്‌നഫലമാണിത്. 120 അടി നീളത്തിലും 50 അടി വീതിയിലുമുള്ള ഇതിന്റെ വേദിയില്‍ മുന്നൂറോളം പേര്‍ക്ക് ഇരിക്കാനാകും.
മൂന്ന് തട്ടുകളായാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക. പിന്നിലുള്ളവര്‍ക്ക് കാഴ്ചയ്ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ല. ചെങ്കോട്ടയിലേക്ക് രണ്ട് പ്രവേശനകവാടങ്ങളാണ് ഉള്ളത്. മൂന്ന് കുതിരകള്‍ താങ്ങിനിര്‍ത്തുന്ന ഗ്ലോബിന്റെ ഏറ്റവും മുകളില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്തവയാണിവ.
ചെങ്കോട്ടയ്ക്ക് അനുബന്ധമായി ചിന്നക്കട, ചാത്തന്നൂര്‍, പുനലൂര്‍, ഓച്ചിറ എന്നിവിടങ്ങളില്‍ കമാനങ്ങളും ഒരുക്കിയിട്ടുണ്ട്. ചിന്നക്കടയിലെ കമാനം ചീനക്കൊട്ടാരത്തെ ആസ്പദമാക്കിയുള്ളതാണ്.
പുനലൂരിലേത് തൂക്കുപാലത്തിന്റെ മാതൃകയും ഓച്ചിറയിലേത് നെടുംകുതിരയുടെ ആകൃതിയിലുമാണ് നിര്‍മിച്ചിട്ടുള്ളത്. ആശ്രാമം മൈതാനിക്ക് സമീപമുള്ള, പാര്‍ട്ടികോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം നടക്കുന്ന എ.ബി ബര്‍ധന്‍ നഗറിന്റെയും (യൂനുസ് കണ്‍വന്‍ഷന്‍ സെന്റര്‍) കവാടം സുരേഷാണ് ഒരുക്കിയിട്ടുള്ളത്. ഈ കവാടം പാര്‍ട്ടികോണ്‍ഗ്രസിന്റെ 23 എന്ന അക്കത്തെ ആസ്പദമാക്കിയുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."