ജപ്പാന്‍ കുടിവെള്ള പദ്ധതി: പുനലൂരില്‍ പൈപ്പ്‌ലൈന്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു
പുനലൂര്‍: പുനലൂരില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. പുനലൂരിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പുനലൂര്‍ മുന്‍സിപല്‍ മേഖലയില്‍ രണ്ടു മാസത്തിനകം മീനാട് പദ്ധതിയില്‍ നിന്ന് നിത്യേന അഞ്ച് എം.എല്‍.ഡി ജലം ലഭ്യമാകും.
ജപ്പാന്‍ പദ്ധതിയില്‍ നിന്ന് പുനലൂരിനും ശുദ്ധജലം ലഭിക്കാന്‍ നഗരസഭ ഇതിനകം വാട്ടര്‍ അതോറിറ്റിയില്‍ 3.10 കോടി അടച്ചു . ജലസംഭരണിയില്‍ നിന്ന് തിരികെ പുനലൂര്‍ മേഖലയിലേക്ക് വെള്ളം ലഭ്യമാക്കാന്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് മാറ്റാന്‍ 1.31 കോടി രൂപ കൂടി നഗരസഭ വാട്ടര്‍ അതോറിറ്റിക്ക് നല്‍കും.
ജലസംഭരണിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ പഴയ ജലവിതരണ പൈപ്പും മാറ്റുന്നുണ്ട്. തൊളിക്കോട് പുനലൂര്‍ വാട്ടര്‍ സപ്ലൈ സ്‌കീമിന്റെ ലൈനിലേക്ക് ജപ്പാന്‍ പദ്ധതിയുടെ പൈപ്പ് ബന്ധിപ്പിച്ച് വെള്ളം ലഭ്യമാക്കാന്‍ നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ 35 വര്‍ഷം പഴക്കമുള്ള പൈപ്പുകളായതിനാല്‍ ജലവിതരണ ഘട്ടത്തില്‍ പൈപ്പുപൊട്ടല്‍ പതിവായി. ഇതൊഴിവാക്കാനാണ് പ്രധാന പൈപ്പ് ലൈന്‍ മാറ്റി ഡക്ട് അയണ്‍ പൈപ്പിടുന്നത്.
തൊളിക്കോടു മുതല്‍ പുനലൂര്‍ ജലസംഭരണി ഭാഗം വരെ പൈപ്പിടുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം തൊളിക്കോട് പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.എ രാജഗോപാല്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. പ്രഭ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ലളിതമ്മ, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് നെല്‍സണ്‍ സെബാസ്റ്റ്യന്‍, കെ. രാജശേഖരന്‍, ജി. ജയപ്രകാശ്, അര്‍ച്ചന, എസ്, ജലജകുമാരി, ഓവര്‍സീയര്‍ പ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."