ലൈഫ് മിഷന്‍: പട്ടികവര്‍ഗ കോളനികളിലെ 700 വീടുകള്‍ ഒരുങ്ങി
പാലക്കാട്: ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ നിന്നും ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയ 900 വീടുകളില്‍ 700 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ വി.കെ.സുരേഷ്‌കുമാര്‍ അറിയിച്ചു. പട്ടികവര്‍ഗ വിഭാഗത്തിന്റെ വികസനത്തിനായി മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലാ പട്ടികവര്‍ഗ വികസനവകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ നടപ്പിലാക്കിയിരിക്കുന്നത്.
പലയിടത്തായി താമസിക്കുന്ന ഗോത്രവിഭാഗക്കാരുടെ വികസനത്തിനായി ആവിഷ്‌കരിച്ചിട്ടുള്ള പി.കെ.കാളന്‍ കുടുംബക്ഷേമ പദ്ധതിയില്‍ ജില്ലയിലെ 33 പഞ്ചായത്തുകളില്‍ നിന്നും 301 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഊരുകൂട്ടങ്ങളുടെ പങ്കാളിത്തത്തോടെ മൈക്രോപ്ലാന്‍ തയ്യാറാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുതുപ്പരിയാരം, മലമ്പുഴ, പുതുശ്ശേരി, പെരുമാട്ടി, മുതലമട, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ ഏഴ് കോളനികളെ ഒരുകോടി വീതം ചെലവഴിച്ച് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
അടിസ്ഥാന സൗകര്യമുള്‍പ്പെടെ സമഗ്രവികസനം ലക്ഷ്യം വെച്ചുള്ള പദ്ധതിയാണിത്. സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങള്‍, വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള അടിസ്ഥാന ആവശ്യങ്ങള്‍, ഭവനനിര്‍മാണം, കുടിവെള്ളം, ശുചിത്വം, ദുര്‍ഘടപ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാരുടെ പുനരധിവാസം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
പട്ടികവര്‍ഗക്കാരുടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിനായി ജില്ലയിലെ ഏഴു കോളനികളില്‍ പുതുതായി സാമൂഹിക പഠനമുറികള്‍ നിര്‍മിച്ചു.
കോളനികളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ ട്യൂട്ടര്‍മാരായി നിയമിച്ച് വിദ്യാര്‍ഥികളെ പഠനകാര്യത്തില്‍ സഹായിക്കുക, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ട്യൂഷന്‍ എടുക്കുന്ന അധ്യാപകര്‍ക്ക് പ്രതിമാസം 15000 രൂപ ഓണറേറിയം നല്‍കുന്നുണ്ട്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കൂടിയാണ് പദ്ധതി.
മലമ്പുഴ ആശ്രമം സ്‌കൂളിലെ പ്ലസ് ടു കെട്ടിടം, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നടുപ്പതി കോളനിയിലെ കിണര്‍ നവീകരണം എന്നിവയുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്.
കൂടാതെ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരം ചിണ്ടക്കി, കാവുണ്ടിക്കല്‍, ഭൂതിവഴി, മുത്തികുളം, കള്ളക്കര, വീട്ടിക്കുണ്ട് കോളനികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അട്ടപ്പാടിയിലെ പട്ടികവര്‍ഗ യുവതികള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ടെക്‌സ്റ്റൈല്‍ ഡിസൈനിങിന്റെ നേതൃത്വത്തില്‍ പരിശീലന പദ്ധതികള്‍ സംഘടിപ്പിച്ച് തുടര്‍ന്ന് അപ്പാരല്‍ പാര്‍ക്ക് സ്ഥാപിക്കാനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."