സി.പി.ഐ കൗണ്‍സിലര്‍ക്കെതിരേ ചെയര്‍മാന്‍
നീലേശ്വരം: നഗരസഭയിലെ ഭരണകക്ഷിയില്‍പെട്ട സി.പി.ഐ കൗണ്‍സിലര്‍ പി. ഭാര്‍ഗവിക്കെതിരേ ചെയര്‍മാന്‍. നഗരസഭാ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനവും ചിറപ്പുറം ഖരമാലിന്യ സംസ്‌കരണ പ്ലാന്റു പോലെ ഫണ്ട് ചെലവഴിക്കാനുള്ള ഉപാധിയാക്കരുതെന്ന സി.പി.ഐ കൗണ്‍സിലറുടെ വിമര്‍ശനമാണ് ചെയര്‍മാനെ ചൊടിപ്പിച്ചത്.
ചിറപ്പുറം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനമെടുത്ത ആദ്യ കൗണ്‍സിലില്‍ അംഗമായ ഭാര്‍ഗവിയുടെ വിമര്‍ശനം ഗോളിയില്ലാത്ത പോസ്റ്റിലേക്കടിച്ച ഗോളാണെന്നു ചെയര്‍മാന്‍ കെ.പി ജയരാജന്‍ മറുപടി പറഞ്ഞു. ഒന്നാം കൗണ്‍സിലിന്റെ തീരുമാനത്തിന്റെ പാപഭാരമാണ് ഈ കൗണ്‍സില്‍ പേറുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചു. അതേ സമയം ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ നഗരസഭാ ആരോഗ്യ വിഭാഗം തികഞ്ഞ പരാജയമാണെന്ന വിമര്‍ശനമുയര്‍ന്നു. ഇതു പരിശോധിക്കാന്‍ കൗണ്‍സിലര്‍മാരായ എ.വി സുരേന്ദ്രന്‍, പി.കെ രതീഷ്, പി.വി രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വസ്തുതാന്വേഷണ സമിതിക്കും രൂപം നല്‍കി.
അതേസമയം, കൗണ്‍സില്‍ യോഗത്തില്‍ കൃത്യസമയത്തെത്തുന്നതില്‍ കൗണ്‍സിലര്‍മാര്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നുവെന്നും ആരോപണമുണ്ട്. ഇന്നലെ രാവിലെ 10.30 നായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. കൃത്യ സമയത്തു തന്നെ അധ്യക്ഷന്‍ കൂടിയായ ചെയര്‍മാന്‍ യോഗം ആരംഭിച്ച് ബെല്ലും മുഴക്കി ഒന്നാമത്തെ അജന്‍ഡ ചര്‍ച്ചയ്‌ക്കെടുക്കുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് ചെയര്‍മാനുള്‍പ്പെടെ 15 കൗണ്‍സിലര്‍മാര്‍ മാത്രമേ ഹാജരുണ്ടായിരുന്നുള്ളൂ. ആകെ 32 കൗണ്‍സിലര്‍മാരാണ് നഗരസഭയിലുള്ളത്. സ്ഥിരം സമിതി അധ്യക്ഷരുള്‍പ്പെടെയുള്ള പലരും പത്തു മിനുട്ടോളം വൈകിയാണ് യോഗത്തിനെത്തിയത്.
എത്തിയ കൗണ്‍സിലര്‍മാരാകട്ടെ പരസ്പരം വിശേഷങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ട ചെയര്‍മാന്‍ കെ.പി ജയരാജന്‍ ക്ഷുഭിതനായി റൂളിങ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."