കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍: അപകടാവസ്ഥയിലുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റാന്‍ തീരുമാനം
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് ദുരിതം വിതച്ച സാഹചര്യത്തില്‍ മഴക്കാലത്തിനു മുന്‍പ് മരങ്ങളുടെ അപകടാവസ്ഥയിലുള്ള ചില്ലകള്‍ മുറിച്ചുമാറ്റാന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം. മരം പൂര്‍ണമായും മുറിച്ചു മാറ്റുന്നതിനു നിയമ തടസങ്ങള്‍ ഏറെയുള്ളതിനാലാണ് കാലപ്പഴക്കത്തില്‍ ക്ഷയിച്ച് ഒടിഞ്ഞുവീഴാറായി നില്‍ക്കുന്ന ചില്ലകള്‍ മാത്രം മുറിച്ചുമാറ്റാന്‍ തീരുമാനമെടുത്തത്.
ഇതു സംബന്ധിച്ച് കോര്‍പറേഷന്റെ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ കണ്ടെത്തി അടിയന്തിര നടപടി സ്വീകരിക്കാന്‍ ആരോഗ്യകാര്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണിന് മേയര്‍ സൗമിനി ജെയിന്‍ നിര്‍ദേശം നല്‍കി.
ഫോര്‍ട്ട്‌കൊച്ചി ഉള്‍പ്പെടുന്ന നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങളാണ് ഒടിഞ്ഞു വീണ് നശനഷ്ടം സൃഷ്ടിച്ചത്. മരം വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയെന്നും ദിവസങ്ങളോളം വൈദ്യുതി ബന്ധം തടസപ്പെടുത്തിയെന്നും കൗണ്‍സിലര്‍മാര്‍ മേയറുടെ ശ്രദ്ധയില്‍പ്പെടുത്തി. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതോടെയാണ് മരച്ചില്ലകള്‍ മുറിച്ചുമാറ്റാനുള്ള തീരുമാനം മേയര്‍ കൈക്കൊണ്ടത്.
അതേസമയം, നിരന്തരമായ വൈദ്യുതി തടസം അനുഭവപ്പെടുന്ന ഡിവിഷനുകളിലെ പ്രശ്‌നം പരിഹരിക്കാന്‍ അതാത് സ്ഥലത്തെ ചുമതലയുള്ള വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചര്‍ച്ച ചെയ്യാമെന്ന് മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. സ്വാകാര്യ സ്ഥാപനങ്ങളില്‍ നിന്നും വലിയ തോതില്‍ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്ന ആഘോഷ പരിപാടികളുടെ സംഘാടകരില്‍ നിന്നും നിശ്ചിത ഫീസ് ഈടാക്കി മാലിന്യ നീക്കം കാര്യക്ഷമമാക്കാന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.
ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നതില്‍ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് കൗണ്‍സിലില്‍ ഉണ്ടായത്. പലതവണ ഓഫിസില്‍ കയറിയിറങ്ങിയാലും കാര്യം നടക്കുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. കൗണ്‍സിലര്‍മാരോടു പോലും ഉദ്യോഗസ്ഥര്‍ മോശമായാണ് പെരുമാറുന്നത്. ഫയലുകള്‍ യഥാസമയം തീര്‍പ്പാക്കാതെ ഉദ്യോഗസ്ഥര്‍ തട്ടിക്കളിക്കുകയാണെന്നും കൗണ്‍സിലര്‍മാര്‍ ആക്ഷേപം ഉന്നയിച്ചു.
കൗണ്‍സില്‍ യോഗത്തിനിടയിലും അവസാനവും ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച മേയര്‍, ഉത്തരവാദിത്തത്തില്‍ അലംഭാവം കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്‍കി. കൗണ്‍സില്‍ തീരുമാനങ്ങളില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അതാത് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണമെന്നും മേയര്‍ നിര്‍ദേശിച്ചു.
കലൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടത്തിന്റെ തുടര്‍നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലക്ടര്‍ നിയമിച്ച ഉന്നതതല സമിതിയുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇതു സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."