വീട്ടമ്മമാരെ കബളിപ്പിച്ച് വായ്പാ തട്ടിപ്പ്: സംഭവം ഒത്തുതീര്‍ക്കാന്‍ ശ്രമമെന്ന് സൂചന
മണ്ണഞ്ചേരി: വായ്പയെടുത്ത് വീട്ടമ്മമാരെ കബളിപ്പിച്ച സംഭവത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നതായി സൂചന. മാരാരിക്കുളം പാതിരപ്പള്ളി പ്രശാന്തിയില്‍ ജയറാം എന്ന സുനിലാണ് മാരാരിക്കുളം തെക്ക്, ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ 18 വീട്ടമ്മമാരില്‍ നിന്നും രേഖകള്‍ കൈപ്പറ്റി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്.
ഇയാളേയും പരാതിക്കാരേയും കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലിസ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. മറ്റു പലകേസുകളിലും പ്രതിയായിട്ടുള്ള ജയറാമിനെതിരേ സംഭവത്തില്‍ ഒരു പെറ്റി കേസുപോലും പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.
ഭരണകക്ഷിയില്‍പ്പെട്ട ജനപ്രതിനിധിയായ ഒരു നേതാവാണ് സംഭവം ഒത്തുതീര്‍ക്കുന്നതിന് മുന്‍കൈയെടുത്തിട്ടുള്ളത്.
ഒത്തുതീര്‍പ്പ് സംബന്ധിച്ച് പരാതിക്കാരില്‍ ചിലര്‍ക്ക് ആശങ്കയുണ്ടെങ്കിലും ഈ നേതാവിന്റെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു. ഇയാള്‍ പരാതിക്കാരായ സ്ത്രീകളുടെ വീടുകളില്‍ പ്രശ്‌നപരിഹാരത്തിനായി എത്തിയിരുന്നു.
2014 ആണ് ജയറാം സ്ത്രീ കൂട്ടായ്മയുണ്ടാക്കി പണംതട്ടിയത്. കഴിഞ്ഞ ദിവസം വീട്ടമ്മമാരില്‍ ചിലര്‍ക്ക് ഹരിപ്പാട് യൂണിയന്‍ബാങ്കില്‍ നിന്നും കുടിശികയടക്കാനുള്ള നോട്ടീസ് വന്നതോടെയാണ് വെട്ടിപ്പ് വെളിച്ചത്താകുന്നത്.
കബളിപ്പിക്കപ്പെട്ടവരും കുടുംബാംഗങ്ങളും ജയറാമിന്റെ ബേക്കറിക്കുമുന്നില്‍ പ്രകോപിതരായതോടെ സംഘര്‍ഷാവസ്ഥയും ഉടലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."