ഐ.ജി ജയരാജിനെതിരേ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ
തിരുവനന്തപുരം: മദ്യപിച്ചു ലക്കുകെട്ട് ഔദ്യോഗിക വാഹനത്തില്‍ വഴിയില്‍ കിടന്ന മുന്‍ ക്രൈംബ്രാഞ്ച് ഐ.ജി ഇ.ജെ.ജയരാജിനെതിരെ അച്ചടക്ക നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇദ്ദേഹം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെ ന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി പോള്‍ ആന്റണി തള്ളി. അച്ചടക്ക നടപടി സ്വീകരിക്കാന്‍ ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിനെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു.
മെയ് 12നു മുന്‍പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ1969ലെ ഓള്‍ ഇന്ത്യാ സര്‍വിസസ് നിയമത്തിലെ എട്ട് (2)വകുപ്പനുസരിച്ച് അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ശങ്കര്‍റെഡ്ഡിക്കായിരുന്നു ചുമതല. ജയരാജ് നല്‍കിയ വിശദീകരണം ശങ്കര്‍റെഡ്ഡി ചീഫ് സെക്രട്ടറിയ്ക്ക് കൈമാറിയിരുന്നു. പൊലിസ് സേനയ്ക്കും സര്‍ക്കാരിനും മാനക്കേടുണ്ടാക്കിയ ഐ.ജിയെ സര്‍വിസില്‍ നിന്ന് ഒഴിവാക്കണമെന്നു സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26നാണ് അമിതമായി മദ്യപിച്ച നിലയില്‍ ഐ.ജിയേയും ഡ്രൈവറേയും കൊല്ലത്തുനിന്ന് പൊലിസ് പിടികൂടിയത്. ഐ.ജിയുടെ ഔദ്യോഗിക വാഹനം എം.സി. റോഡിലൂടെ ചീറിപ്പാഞ്ഞുപോകുന്ന വിവരം രഹസ്യ പൊലിസ് ജില്ലാ പൊലിസ് മേധാവിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരം അഞ്ചല്‍ വഴി വരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് പൊലിസ് സ്റ്റേഷനുസമീപം വാഹനം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്.
കാറില്‍നിന്നിറങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു ഐ.ജിയും ഡ്രൈവറുമെന്ന വിവരം ഇതിനകം പൊലിസ് ആസ്ഥാനത്തെത്തി. ഇരുവരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കാന്‍ ഡി.ജി.പി കൊല്ലം റൂറല്‍ എസ്.പിയോടു നിര്‍ദേശിച്ചു. പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ച ഇവര്‍ അമിതമായ നിലയില്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.
ആരോപണങ്ങള്‍ നിഷേധിച്ചുള്ള മറുപടിയാണ് ഐ.ജി നല്‍കിയത്. വിശദീകരണം അംഗീകരിച്ച് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറുപടി തൃപ്തികരമല്ലെന്നു പറഞ്ഞ് ചീഫ് സെക്രട്ടറി തള്ളിയതിനു ശേഷമാണ് നടപടി സ്വീകരിക്കാന്‍ ഐ.ജി ശ്രീജിത്തിനെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്. 2011ല്‍ അളവുതൂക്ക വകുപ്പ് ഡയറക്ടറായിരിക്കെ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രചെയ്യവെ സ്ത്രീകളുള്‍പ്പെടെയുള്ളവരോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ജയരാജിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു. ട്രെയിനില്‍ ബഹളംവച്ചത് ചോദ്യം ചെയ്ത യാത്രക്കാരിയുടെ ലാപ്‌ടോപ്പ് പുറത്തേക്കെറിയാന്‍ ജയരാജ് ശ്രമിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."