സാമൂഹ്യ വനവത്കരണ പദ്ധതി പ്രകാരം നട്ട തൈകള്‍ കാടുകയറി നശിക്കുന്നു
അടിമാലി: സാമൂഹ്യവനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ നട്ടവൃക്ഷത്തൈകള്‍ സംരക്ഷിക്കാന്‍ ആളില്ലാതെ നശിക്കുന്നു. വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകള്‍ വിവിധ കാലങ്ങളില്‍ വനം വകുപ്പില്‍ നിന്നും സൗജന്യ രീതിയില്‍ വാങ്ങി റോഡരുകുകളിലും ടൗണ്‍ പ്രദേശങ്ങളിലും നട്ടിരിക്കുന്ന വൃക്ഷ തൈകളാണ് സംരക്ഷിക്കുവാന്‍ ആളില്ലാതെ നശിക്കുന്നത്. ഇതില്‍ ഫലവൃക്ഷങ്ങളും തണല്‍ മരങ്ങളും ഉള്‍പ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് തൈകളാണ് മുന്‍ വര്‍ഷങ്ങളില്‍ വനം വകുപ്പ് വിതരണം നടത്തിയത്. ഭൂരിപക്ഷം തൈകളും പൊതുനിരത്തുകളിലും പൊതു സ്ഥാപനങ്ങളുടെ വളപ്പുകളിലുമാണ് നട്ടിട്ടുള്ളത്. കൊച്ചി -മധുര ദേശീയപാതയുടെ വാളറ മുതലുള്ള റോഡരുകില്‍ നിരവധി തണല്‍ മരങ്ങള്‍ നട്ടിരുന്നു. അടിമാലി ടൗണ്‍ മുതല്‍ കല്ലാര്‍കുട്ടി റോഡിലും നൂറു കണക്കിന് തൈകളാണ് നട്ടത്.
പൊതു സ്ഥലങ്ങളില്‍ സാമൂഹ്യ സംഘടനകള്‍ നടുന്ന വൃക്ഷതൈകള്‍ മൂന്നു വര്‍ഷം അവര്‍ തന്നെ സംരക്ഷിക്കണം എന്ന വ്യവസ്ഥയോടെയാണ് നല്‍കുന്നതെന്ന് വനം വകുപ്പ് പറയുന്നു. ചില ഇടങ്ങളില്‍ വനം വകുപ്പും തൈകള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നട്ടിട്ടുണ്ട്. നേരത്തെ ഇവയെ കമ്പി വല കൊണ്ട് 'ട്രീഗാര്‍ഡുകള്‍' നിര്‍മിച്ച് സംരക്ഷിച്ചിരുന്നു. ഇത് മാറ്റി ഈറ്റ കൊണ്ടുള്ള സുരക്ഷാവേലികള്‍ സ്ഥാപിക്കാന്‍ പിന്നീട് നിര്‍ദ്ദേശം വന്നു. വേലികളില്‍ കേരളാ വനം വകുപ്പ് എന്ന് മലയാളത്തിലും ഇംഗ്ലീഷിലും ബോര്‍ഡുകളും തൂക്കി. ഇതിനു ശേഷം ഇവ സംരക്ഷിക്കാനോ തിരിഞ്ഞു നോക്കാനോ ബന്ധപ്പെട്ടവര്‍ കൂട്ടാക്കിയിട്ടില്ല.മഹാഗണി, തേക്ക്, കണിക്കൊന്ന, ഞാവല്‍, ഇലഞ്ഞി തുടങ്ങി നിരവധി മരങ്ങളും പ്ലാവ്, പേര, മാവ് തുടങ്ങിയ ഫവലൃക്ഷ തൈകളും വനം വകുപ്പ് തന്നെയാണ് തയ്യാറാക്കുന്നത്. ഇതിനായി വകുപ്പിന് കീഴില്‍ ജില്ലയില്‍ നാലു നേഴ്‌സറികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വെമണി, മുട്ടം, മണിയാറന്‍കുടി, ഇരുമ്പുപാലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേഴ്‌സറികളില്‍ വിത്ത് പാകി മുളപ്പിച്ചാണ് തൈകള്‍ വിതരണത്തിന് നല്‍കുന്നത്.സോഷ്യല്‍ ഫോറസ്ട്രിയുടെ ജില്ലാ ഡിവിഷന്‍ പരിധിയിലുള്ള മൂന്നാര്‍, കട്ടപ്പന, തൊടുപുഴ, പീരുമേട് എന്നിവിടങ്ങളിലുള്ള റെയ്ഞ്ച് ഓഫീസുകള്‍ക്ക് കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. സന്നദ്ധ സംഘടനകള്‍ക്ക് നല്‍കുന്ന തൈകള്‍ നടീല്‍ മാമാങ്കം നടത്തുന്നതല്ലാതെ പിന്നീട് ഇവ സംരക്ഷിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."