കള്ളിച്ചിത്ര ആദിവാസി കോളനി നിവാസികള്‍ വീണ്ടും അനിശ്ചിതകാല സമരമാരംഭിച്ചു
പാലപ്പിള്ളി: കള്ളിച്ചിത്ര ആദിവാസി കോളനിനിവാസികള്‍ പാലപ്പിള്ളി റെയ്ഞ്ച് ഓഫിസിനു മുന്നില്‍ വീണ്ടും അനിശ്ചിതകാല സമരമാരംഭിച്ചു. ചിമ്മിനി ഡാം നിര്‍മാണത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികള്‍ക്കു ഭൂമി അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനവും കോടതി ഉത്തരവുകളും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ആദിവാസികള്‍ക്ക് ഭൂമി നല്കാന് കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തുക നീക്കിവച്ചു. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും നടപടികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരസമിതി സമരം പുനരാരംഭിച്ചത്.
17 ആദിവാസി കുടുംബങ്ങള്‍ക്കു 20 ഏക്കര്‍ ഭൂമി അനുവദിച്ചെങ്കിലും ലഭിച്ചതു 12.5 ഏക്കര്‍ മാത്രമാണ്. ചിമ്മിനി ഡാമിന്റെ നിര്‍മാണ സമയത്ത് ഡാമിന്റെ സംഭരണ പ്രദേശത്തു നൂറ്റാണ്ടുകളായി താമസിക്കുന്ന കള്ളിച്ചിത്ര ഊരുവാസികള്‍ക്കു പുനരധിവാസവും കൃഷിഭൂമിയും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
അന്നത്തെ ധാരണ പ്രകാരം കള്ളിച്ചിത്രക്കാരെ പുലിക്കണ്ണി നടാമ്പാടത്തേക്കു മാറ്റി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു വാഗ്ദാനങ്ങളൊന്നും പാലിച്ചിരുന്നില്ല. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ജി മോഹനന് ഉദ്ഘാടനം ചെയ്തു. സമരസമിതി നേതാവ് എം.എന്‍ പുഷ്പന്, ജില്ലാ പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."