കുടുംബശ്രീ മിഷനിലെ അഴിമതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
സ്വന്തം ലേഖകന്‍
അഗളി : അട്ടപ്പാടിയില്‍ നടപ്പിലാക്കി വരുന്ന കുടുംബശ്രീ മിഷന്‍ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രഫണ്ട് ഉപയോഗിച്ച് അട്ടപ്പാടിയില്‍ നടപ്പാക്കി വരുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.
2014ല്‍ അട്ടപ്പാടിയില്‍ ഉണ്ടായ ആദിവാസി ശിശുമരണങ്ങളെ തുടര്‍ന്നാണ് ആദിവാസികള്‍ക്ക് മാത്രമായി കുടുംബശ്രീ മിഷന്‍ 93 കോടി രൂപ ചെലവില്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ അട്ടപ്പാടിയിലെ തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് മിഷന്‍ അട്ടപ്പാടിയില്‍ നടത്തിവന്നത്.
ആദിവാസി ഊരുകളില്‍ കമ്യൂണിറ്റി കിച്ചനുകള്‍ക്ക് പുറമെ സ്ത്രീ സംഘങ്ങള്‍ക്ക് മാത്രമായി ഊരുകളില്‍ ലക്ഷക്കണക്കിന് രൂപയാണ് നല്‍കിയത്.
സ്വന്തം ഇഷ്ടത്തിനനുസരിച്ച് കോടികള്‍ ചെലവഴിച്ച് പദ്ധതി നടത്തുന്നതിനെക്കുറിച്ച് ആദിവാസി സംഘടനകള്‍ മുമ്പും അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിമാരോ, ഉയര്‍ന്ന ഉദ്യോഗസ്ഥരോ ഈ പരാതികള്‍ മുഖവിലക്കെടുക്കാനോ കേള്‍ക്കാനോ തയ്യാറായിരുന്നില്ല. ഇപ്പോള്‍ അടുത്തകാലത്ത് നടന്ന സാമ്പത്തിക തട്ടിപ്പുകള്‍ ആദിവാസി സംഘടനകള്‍ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറായത്.
ഇതേക്കുറിച്ച് സുപ്രഭാതം പ്രസിദ്ധീകരിച്ച വിശദമായ വാര്‍ത്തകള്‍ സര്‍ക്കാര്‍ ഗൗരവമായി മുഖവിലക്കെടുത്തതും പുതിയ തീരുമാനത്തിന് വേഗം കൂട്ടി. 93 കോടി രൂപയില്‍ ഇതിനകം 25 കോടി രൂപ ചെലവഴിച്ചിട്ടും അതിനനുസരിച്ചുള്ള ഒരു മാറ്റവും സ്ത്രീശാക്തീകരണ രംഗത്ത് അട്ടപ്പാടിയില്‍ കാണുന്നില്ല. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആദിവാസികളേയും മറ്റുള്ളവരേയും തമ്മിലടിപ്പിക്കുകയാണെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് ആദിവാസി യുവതികള്‍ക്ക് ശമ്പളം തീരുമാനിക്കുന്നതെന്നും ആദിവാസികള്‍ പരാതിപ്പെട്ടിരുന്നു. ഓഫിസ് പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതകളുണ്ട്. അട്ടപ്പാടിയില്‍ അടുത്ത സമയങ്ങളിലുണ്ടായ സമരങ്ങളില്‍ ഇവരുടെ ഇവരുടെ ഇടപെടലുകള്‍ സര്‍ക്കാര്‍ വിരുദ്ധമായെന്നും ആദിവാസികള്‍ സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഓഫിസ് കേന്ദ്രീകരിച്ചുള്ള സമൂഹമാധ്യമങ്ങളിലൂടെയുള്ള ചില ക്യാംപയിന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘടനകള്‍ അന്വേഷണം ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വി.മോഹന്‍ദാസ്, അണ്ടര്‍ സെക്രട്ടറി വി.എസ് സന്തോഷ്, ഓഫീസര്‍ ബിനോയ് എന്നിവരാണ് അട്ടപ്പാടിയിലെത്തി പരാതികള്‍ പരിശോധിക്കുക. രണ്ട് ആഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."