തൊഴിലാളികള്‍ സഹകരിച്ചാല്‍ എല്ലാ മാസവും 30ന് ശമ്പളം: തച്ചങ്കരി
കണ്ണൂര്‍: തൊഴിലാളികള്‍ സഹകരിച്ചാല്‍ ഓരോ മാസവും 30നുള്ളില്‍ കെ.എസ്.ആര്‍.ടി.സി ശമ്പളം തരുമെന്നും വരുമാനം കൂട്ടുക എന്നതാണ് ലക്ഷ്യമെന്നും എം.ഡി ടോമിന്‍ ജെ. തച്ചങ്കരി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ കണ്ണൂര്‍ ഡിപ്പോയില്‍ ഏര്‍പ്പെടുത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനാണ് ശ്രമം. യാത്രക്കാരനാണ് ഒന്നാമന്‍. പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ ആശ്രയിക്കുന്ന സ്ഥാപനമാണിത്. മലബാറില്‍ പൊതുവേ വരുമാനം കൂടുതലുണ്ട്. പക്ഷെ ഇവിടെ ജോലി ചെയ്യാന്‍ ആളുകള്‍ കുറവാണ്. കൂടുതലും തിരുവനന്തപുരം, കൊല്ലം ഭാഗത്തുനിന്നുള്ള സ്ത്രീകളാണ്. ഇവരാരും കൃത്യമായി ജോലിക്കെത്താറില്ല. ലീവ് ഉള്‍പ്പെടെ മാസത്തില്‍ 20 ദിവസമാണ് ഒരു തൊഴിലാളി ജോലിയെടുക്കുന്നത്. തുടര്‍ച്ചയായി ജോലിയെടുക്കുന്ന രീതിയോട് എതിര്‍പ്പില്ല. നമ്മുടെ സ്ഥാപനമാണെന്ന തോന്നല്‍ എല്ലാവര്‍ക്കും ഉണ്ടാവണം. 24 മണിക്കൂര്‍ ജോലിയെടുത്ത് മൂന്ന് ദിവസം തുടര്‍ച്ചയായി ലീവെടുക്കുന്നത് ശരിയല്ല. കെ.എസ്.ആര്‍.ടി.സിയുടെ നിലവിലുള്ള സ്ഥിതി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ജയ് കേരള ജയ് കെ.എസ്.ആര്‍.ടി.സി മുദ്രാവാക്യം മുഴക്കിയും തൊഴിലാളികള്‍ ഏറ്റുചൊല്ലിയുമാണ് സംവാദം അവസാനിച്ചത്. കണ്ണൂര്‍ ഡിപ്പോയിലെ സൗകര്യങ്ങളും അദ്ദേഹം പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."