കത്്‌വ കേസ്: അട്ടിമറിക്ക് സാധ്യതകളേറെ
ജമ്മു- കശ്മീരിലെ കത്്‌വയില്‍ എട്ടു വയസുകാരിയെ ക്ഷേത്രത്തനികത്ത് കുട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ സുപ്രിം കോടതി താല്‍കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസ് ജമ്മു- കശ്മീരിനു പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവു നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുട നടപടി. കേസില്‍ നീതിപൂര്‍വമായ വിചാരണ നടക്കാതിരിക്കാന്‍ നേരിയ സാധ്യതയെങ്കിലുമുണ്ടെങ്കില്‍ വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റുമെന്ന് ഹരജി പരിഗണിക്കവെ കഴിഞ്ഞ ദിവസം സുപ്രിം കോടതി വ്യക്തമാക്കയ്‌രുന്നു. കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് പരമോന്നത നീതിപീഠം പോലും സംശയിക്കുന്നു എന്ന സൂചനയാണ് ഇത നല്‍കുന്നത്. പെണ്‍കുട്ടിക്കും കുടുംബത്തിനു നീതി ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇരയുടെ അഭിഭാഷകര്‍ക്കു സംരക്ഷണം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.
കേസിന്റെ ഭാവി സംബന്ധിച്ച് കുട്ടിയുടെ കുടുംബത്തില്‍ മാത്രമല്ല, രാജ്യത്തെങ്ങുമുള്ള മനുഷ്യസ്‌നേഹികളിലും കടുത്ത ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് സുപ്രിം കോടതിയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. സംഭവം പുറത്തുവന്നതു മുതല്‍ തന്നെ പ്രതികളെ രക്ഷിക്കാന്‍ ഊര്‍ജിതമായ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്തെ ചില സംഘ് പരിവാര്‍ നേതാക്കള്‍ക്കു പുറമെ ജമ്മു ബാര്‍ അസോസിയേഷനും പ്രതികള്‍ക്കു വേണ്ടി പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന അഭിഭാഷകര്‍ കോടതി വളപ്പില്‍ അതിക്രമം നടത്തുക പോലുമുണ്ടായി. ഇങ്ങനെ സംസ്ഥാന സര്‍ക്കാരിലും പൊലിസിലുമൊക്കെ സ്വാധീനം ചെലുത്താന്‍ ത്രാണിയുള്ളവരാണ് അവിടെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത്.
മാത്രമല്ല, ക്രൂരമായ കാമാസക്തിക്കപ്പുറം വര്‍ഗീയ, വംശീയ രാഷ്ട്രീയ അജന്‍ഡയും ഈ മഹാപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടി ഉള്‍പെടുന്ന ബഖര്‍വാള്‍ സമുദായക്കാരായ കുടുംബങ്ങളെ ഭയപ്പെടുത്തി പ്രദേശത്തു നിന്ന് അകറ്റുക എന്ന ലക്ഷ്യം പ്രതികള്‍ക്കുണ്ടായിരുന്നെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. അത് ഈ കേസിലെ പ്രതികളുടെ മാത്രം രാഷ്ട്രീയമല്ല. രാജ്യം ഭരിക്കുന്ന സംഘ്പരിവാര്‍ പ്രസ്ഥാനത്തിന്റെ തന്നെ രാഷ്ട്രീയമാണ്. ന്യൂനപക്ഷ സമുദായങ്ങളെയും ദലിതരെയും ആക്രമിച്ചും ഭയചകിതരായക്കിയും അടിച്ചൊതുക്കി നിര്‍ത്തുക എന്നത് ആ രാഷ്ട്രീയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇത്തരം നീചമായ രാഷ്ട്രീയപ്രയോഗങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവരെ ആ പ്രസ്ഥാനം പരമാവധി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ ഒട്ടുമില്ല സംശയം. കേന്ദ്രം ഭരിക്കുകയും ജമ്മു- കശ്മീര്‍ ഭരണത്തില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്ന സംഘ്പരിവാറിന് പ്രതികളെ രക്ഷിച്ചെടുക്കാന്‍ സംവിധാനങ്ങളേറെയുണ്ട്. അവരതു ചെയ്തില്ലെങ്കിലാണ് അത്ഭുതം. കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്കു വേണ്ടി രംഗത്തുവന്ന ദീപിക സിങ് രജാവത്ത് എന്ന അഭിഭാഷകയ്‌ക്കെതിരേ സംഘ്പരിവാര്‍ കാട്ടിയ കൗര്യം അവരുടെ ഈ കേസിലെ നിലപാടിന്റെ പരസ്യ പ്രഖ്യാപനം തന്നെയാണ്.
രാഷ്ട്രീയ താല്‍പര്യങ്ങളുള്ള കേസുകള്‍ സ്വന്തക്കാര്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ എന്തും ചെയ്യാന്‍ മടിയില്ലെന്ന് സംഘ്പരിവാര്‍ തെളിയിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണവും അതുമായി ബന്ധപ്പെട്ട കേസും ഇതിനു മികച്ച ഉദാഹണമാണ്. ഏറ്റവുമൊടുവില്‍ സാധ്വി പ്രാചിയടക്കം രണ്ട് എം.പിമാര്‍ക്കും മൂന്ന് എം.എല്‍.എമാര്‍ക്കുമെതിരായ വിദ്വേഷപ്രസംഗ കേസും മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിച്ചുകൊണ്ട് യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അതു തുടരുകയുമാണ്.
പ്രതികളെ രക്ഷിക്കാന്‍ നിയമതലത്തിലും അവര്‍ ഏതറ്റം വരെയും പോകുമെന്നും വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. കേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്ന ജമ്മു ബാര്‍ അസോസിയേഷന്റെ പുതിയ ആവശ്യം അതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐയുടെ അന്വേഷണം പ്രതികള്‍ക്ക് അനുകൂലമാക്കിയെടുക്കാമെന്ന പ്രതീക്ഷ ഈ നിലപാടില്‍ വായിച്ചടുക്കുന്നവര്‍ രാജ്യത്ത് ഏറെയുണ്ട്. കൂടാതെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രതികള്‍ക്കു കവചമൊരുക്കാനുള്ള തിരക്കിലാണ്. കോടതി വളപ്പിലെ അതിക്രമങ്ങളെകക്കുറിച്ച് അന്വേഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം അഭിഭാഷകര്‍ക്കു ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്.
കേസ് സംസ്ഥാനത്തിനു പുറത്തേക്കു മാറ്റിയാലും കേസ് അട്ടിമറിക്കാനുള്ള സാധ്യത കുറയുന്നില്ലെന്നതാണ് സത്യം. മറ്റു രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം രാജ്യത്തിന്റെ നാനാഭാഗങ്ങളിലും നിയമപാലന, നീതിനിര്‍വഹണ സംവിധാനങ്ങളില്‍ ഇടപെടാനുള്ള കൈക്കരുത്തും ധനക്കരുത്തും സംഘ്പരിവാറിനുണ്ട്. അതെല്ലാം അവര്‍ എടുത്തു പ്രയോഗിക്കുമെന്നുമുറപ്പാണ്. അതുകൊണ്ടു തന്നെ ഈ കേസ് നീതിയുക്തമായി മുന്നോട്ടുപോകണമെങ്കില്‍ പരമോന്നത നീതിപീഠത്തിന്റെ സൂക്ഷ്മ നിരീക്ഷണവും പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും നിതാന്ത ജാഗ്രതയും ആവശ്യമാണെന്നാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."