സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ്
കാക്കനാട്: കലക്ടറേറ്റ് കോമ്പൗണ്ടില്‍ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചിന് കുടിയൊഴിപ്പിക്കല്‍ നോട്ടീസ്. ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയിട്ടുള്ളത്. പുറത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് സൗകര്യം ഒരുക്കണമെന്ന ന്യായം പറഞ്ഞാണ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇതുകൊണ്ട് ബുദ്ധിമുട്ടുക ഈ ബാങ്കില്‍ അക്കൗണ്ടുള്ള ആയിരക്കണക്കിന് നാട്ടുകാരും പൊതുജനങ്ങളും ജോലിക്കാരുമാണ്.
സിവില്‍ സ്റ്റേഷന്‍ കാക്കനാട് ആരംഭിച്ചപ്പോള്‍ അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും നാട്ടുകാര്‍ക്ക് ഉപകരിക്കണമെന്നുമുള്ള ഉദ്ദേശത്തോടെയാണ് അന്നത്തെ ഭരണാധികാരികള്‍ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ സൗജന്യമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് സ്ഥലം അനുവദിച്ചത്. ഈ പ്രദേശത്തെ 90ശതമാനം ആളുകളും കച്ചവടക്കാരും ഇവിടെയാണ് അക്കൗണ്ട് ചേര്‍ന്നിട്ടുള്ളത്. മറ്റ് ബാങ്ക് ശാഖകള്‍ അടുത്ത കാലത്താണ് വന്നിട്ടുള്ളത്. ഈ ബാങ്കുകളെല്ലാം കൂടി ചേര്‍ന്നാലും 30 ശതമാനം അക്കൗണ്ട് ഹോള്‍ഡര്‍മാരെ ഇപ്പോള്‍ ഉണ്ടാവുകയുള്ളൂ. ഏറ്റവും കൂടുതല്‍ നിക്ഷേപവും ഏറ്റവും കൂടുതല്‍ ഇടപാടുകാരുമുള്ളത് സ്റ്റേറ്റ് ബാങ്കിന്റെ ഈ ശാഖയില്‍ തന്നെയാണ്. സിവില്‍ സ്റ്റേഷന്റെ പ്രാരംഭകാലം മുതല്‍ 40 വര്‍ഷക്കാലമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. ബാങ്ക് ഇവിടെ നിന്നു മാറ്റിയാല്‍ ഈ പ്രദേശത്തെ ഭൂരിപക്ഷം ആളുകളും ഈ ബാങ്കിന്റെ ഇടപാടുകള്‍ക്കായി ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടിവരും.
ഓരോ വ്യക്തിയുടെയും സഹായധന വിതരണം ഉള്‍പ്പെടെയുള്ള എല്ലാ ആവശ്യങ്ങളും ഇപ്പോള്‍ ബാങ്ക് വഴിയാണ് നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ബാങ്ക് മാറ്റേണ്ടിവന്നാല്‍ ബുദ്ധിമുട്ടുക പെന്‍ഷന്‍ ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ കയറേണ്ടിവരുന്ന മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ള ആളുകളായിരിക്കും. സ്ഥാപനം മാറ്റുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിക്കാനാണോ എന്നാണ് കാര്യമറിഞ്ഞ പലരും ഇപ്പോള്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."