കണ്‍സ്യൂമര്‍ഫെഡ് വികസനത്തിന്റെ പാതയില്‍: മുഖ്യമന്ത്രി
കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് വികസനത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലക്ക് ചേരാത്ത സ്വഭാവം ഒരുഘട്ടത്തില്‍ കണ്‍സ്യൂമര്‍ഫെഡില്‍ വന്നുചേര്‍ന്നിരുന്നുവെന്നും ഇപ്പോള്‍ ആ ദുഷ്‌പേരില്ലെന്നും സാമൂഹ്യപ്രതിബദ്ധതയോടു കൂടിയ ഇടപെടലുകളാണ് കണ്‍സ്യൂമര്‍ഫെഡ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സപ്ലൈസ് പോലെ പൊതുവിതരണ രംഗത്ത് നല്ലരീതിയില്‍ ഇടപെടാന്‍ കഴിയുന്ന സ്ഥാപനമായി കണ്‍സ്യൂമര്‍ഫെഡ് മാറി. ഉത്സവം, വിശേഷ ദിവസങ്ങള്‍ തുടങ്ങി ഓരോ ഘട്ടത്തിലും സമൂഹത്തില്‍ വേണ്ടകാര്യങ്ങള്‍ ഒരുക്കികൊടുക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് കഴിയുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സ്റ്റുഡന്റ് മാര്‍ക്കറ്റ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
കണ്‍സ്യൂമര്‍ ഫെഡില്‍ നേരത്തെയുണ്ടാക്കി വച്ചിട്ടുള്ള നഷ്ടം ഒറ്റയടിക്ക് പരിഹരിക്കാവുന്നതല്ല. തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിച്ചവരെ വച്ചുതന്നെയായിരുന്നു ഫെഡിന് മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നത്. ഇതിനിടെ വേണ്ടാത്ത സ്വഭാവം ഉപേക്ഷിക്കാനും നല്ലശീലങ്ങള്‍ സ്വായത്തമാക്കാനും സന്നദ്ധരായവരെ പുതിയ ഭരണസമതി പ്രോത്സാഹിപ്പിച്ചു.
ഇത്തരം രീതികള്‍ അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് നേരെ നടപടി സ്വീകരിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഉയര്‍ന്നുവന്നതോടെ വലിയ മാറ്റങ്ങളുണ്ടായി. അതാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ഇന്നത്തെ മുന്നേറ്റത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആദ്യവില്‍പന നടത്തി. എം. ഭാസ്‌കരന്‍, സഹദേവന്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."