HOME
DETAILS

ഒരു തിരിച്ചുപോക്കിന്റെ കഥ

  
backup
April 28 2018 | 18:04 PM

back-to-the-past-story-sunday-prabhaatham

സൂര്യന്‍ വെളിച്ചം വിരിച്ചുതുടങ്ങുന്ന സമയങ്ങളില്‍ പത്രവുമെടുത്ത് കോലായിലെ ചാരുകസേരയില്‍ പോയിരിക്കുന്നത് പതിവാണ്. നേരെ നോക്കിയാല്‍ മഞ്ഞിനിടയിലൂടെ അകലെ പച്ചയില്‍ കുതിര്‍ന്ന കുന്നിന്‍പുറങ്ങള്‍ കാണാം. നിരത്തിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. മതില്‍ക്കെട്ടുകള്‍ മറച്ച അയല്‍വീടുകളില്‍ നിന്ന് ശബ്ദമൊന്നും കേള്‍ക്കുന്നില്ല. രാത്രി വൈകിയുറങ്ങുന്ന കുട്ടികള്‍ പണ്ടത്തെപ്പോലെ നേരത്തെ ഉണരുകയില്ലല്ലോ. ഇന്നാണെങ്കില്‍ ഞായറാഴ്ചയും.
പത്രത്താളുകള്‍ മറിക്കുന്നതിനിടയിലാണ് ചായയുമായി ഭാര്യയുടെ വരവ്. ഇത് ചെറുപ്പം മുതലുള്ള ശീലമാണ്. വിവാഹശേഷം ആ ചുമതല ഭാര്യ ഏറ്റെടുത്തുവെന്നുമാത്രം. ആദ്യസമയത്ത് ചായയുമായി വരുമ്പോള്‍ മുഖത്തെ തൂമന്ദഹാസം കാണാന്‍ നല്ല അഴകായിരുന്നു. ഇന്നിപ്പോള്‍ അതൊന്നുമില്ല. ചായക്കും പഴയ രുചിയൊന്നുമില്ല. പത്രത്തിന്റെ സ്‌പെഷല്‍ പേജിലെ ഓര്‍മക്കോളത്തില്‍ കണ്ണോടിച്ചിരിക്കെ പോയകാലത്തിന്റെ വര്‍ത്തമാനങ്ങള്‍ അയാളുടെ ഓര്‍മയുടെ ഓലപ്പുരയിലേക്ക് കടന്നുകൂടി.
പഴയ സ്‌കൂള്‍കാലം. ഇഷ്ടമുള്ള വസ്ത്രം ധരിച്ച് സ്‌കൂളില്‍ പോയ സമയം (യൂനിഫോം അന്നില്ലല്ലോ). ബാല്യത്തിന്റെ കുസൃതികളുമായി മണ്‍നിരത്തിലൂടെ തുള്ളിക്കളിച്ച് കലാലയത്തിലേക്ക് പോകുമ്പോള്‍ ആയിശുമ്മുവും കൂടെയുണ്ടായിരുന്നു. പരസ്പരം കഥപറഞ്ഞും അടിപിടികൂടിയും മഴവെള്ളം തട്ടിത്തെറിപ്പിച്ചും... അങ്ങനെയൊക്കെയായിരുന്നു ബാല്യകാലം.
മഞ്ചാടിക്കുരു നിരത്തി ജാനകി ടീച്ചര്‍ 'അ, ആ, ഇ, ഈ' എന്നെഴുതിക്കുമ്പോള്‍ തൊട്ടുവലത്ത് വെള്ളക്കാച്ചിയുടുത്ത് തലയില്‍ തട്ടമിട്ട ആയിശുമ്മു, അവള്‍ മഞ്ചാടിക്കുരു പെറുക്കി കൊത്തുംകല്ല് കളിക്കുന്നതുകണ്ട ടീച്ചര്‍ പറഞ്ഞു. 'ആയിശു, അത് കൊത്തുംകല്ലാടാനുള്ളതല്ല. അക്ഷരമെഴുതി പഠിക്കാനുള്ളതാണ് '. ആയിശുമ്മു ടീച്ചറെ നോക്കി ചിരിക്കുന്നു. നല്ല വെളുത്ത പല്ലുകള്‍... തുടര്‍ന്നുള്ള അഞ്ചുവര്‍ഷവും ആയിശുമ്മു ഇരുന്നത് എന്റെയടുത്തായിരുന്നു. അതുകാരണം മറ്റു കുട്ടികളുടെ പരിഹാസത്തിനു കുറവില്ലായിരുന്നു. അധ്യാപകരും അവരോടൊത്ത് ചേര്‍ന്നു.
അഞ്ചാംക്ലാസില്‍ ഒന്നിച്ചിരിക്കാന്‍ ഹെഡ്മാസ്റ്റര്‍ സമ്മതിക്കാതിരുന്നപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞത് ഇന്നും മനസിലുണ്ട്. അവസാനം അവളുടെ വാശിതന്നെ ജയിച്ചു. 'ഒരു കൊല്ലം കൂടിയല്ലേയുള്ളൂ, ചെറിയ കുട്ടികളല്ലേ, അവര്‍ ഒന്നിച്ചിരുന്നോട്ടെ' ഫാത്തിമ ടീച്ചര്‍ ഹെഡ്മാസ്റ്ററോട് കാര്യം ധരിപ്പിച്ചു. ഒന്നിച്ചിരിക്കാനുള്ള സമ്മതത്തിന്റെ മൂളല്‍ കുളിരേകുന്ന ഓര്‍മയാണിന്നും.
ആയിശുമ്മുവിന്റെ നിറം നല്ല കറുപ്പാണ്. മെലിഞ്ഞ ശരീരം, മുടി രണ്ടായി പിന്നി കഴുത്തിന്റെ ഇരുവശങ്ങളിലൂടെ മാറിലേക്കു തൂക്കിയിടും. വെളുത്ത പല്ലുകള്‍ കാട്ടിയുള്ള ചിരിയാണ് പലപ്പോഴും എന്നെ ആകര്‍ഷിക്കുന്നത്. പലദിവസങ്ങളിലും പുളിമരത്തില്‍ അവളെന്നെ കയറ്റിയിട്ടുണ്ട്. വാളന്‍പുളി അവളുടെ വീക്ക്‌നെസാണ്. അതു കിട്ടണമെന്ന വാശിക്കു മുന്നില്‍ തലയുയര്‍ത്തിയാണ് അന്നൊക്കെ പുളിമരത്തില്‍ കയറിയത്.
പൊടുന്നനെ ഒരുദിവസം. സന്തോഷങ്ങളെല്ലാം വഴിമാറി, ആഹ്ലാദം നിലച്ചു, ഹൃദയം ഏറെ വേദനിച്ചു. പ്രിയപ്പെട്ടവള്‍ വിട്ടകലുമ്പോഴുള്ള വേദന അന്നേ അനുഭവിച്ചിട്ടുണ്ട്. പതിനൊന്നാം വയസില്‍. അഞ്ചാംക്ലാസോടെ പഠനം നിറുത്തണമെന്ന അവളുടെ ഉപ്പയുടെ ഉറച്ച പ്രഖ്യാപനം നിരാശനാക്കിയെങ്കിലും അവള്‍ക്ക് ധൈര്യം പകര്‍ന്നു. 'ബാപ്പ തമാശ പറഞ്ഞതായിരിക്കും. നീ വെറുതെ കരയല്ലെ ആയിശു'. അന്നു വൈകിട്ട് വീട്ടില്‍ ചടഞ്ഞുകൂടി. പുറത്തു കളിക്കാന്‍ പോയില്ല, കുളത്തില്‍ കുളിക്കാനും. റൂമില്‍ നിരാശനായിരിക്കുമ്പോഴാണ് 'മീന്‍ വാങ്ങിച്ച് വാടാ'- ഉമ്മയുടെ ആജ്ഞ.
'എന്നും ഞാന്‍ തന്നെ പോണോ? ബാവാനെ പറഞ്ഞയച്ചോ, എനിക്ക് വയ്യ'. പതിവില്ലാത്ത സംസാരം കേട്ട് ഉമ്മ അടുത്തുവന്ന് ചോദിച്ചു 'എന്തുപറ്റി എന്റെ കുട്ടിക്ക്? ടീച്ചര്‍ മോനെ തല്ലിയോ?'
'ആയിശുമ്മൂനെ ആറാംക്ലാസില്‍ ചേര്‍ക്കൂലാന്നാണ് ഓളെ ബാപ്പ പറഞ്ഞത് '.
'ആയിക്കോട്ടെ, അതിനെന്തിനാണ് ഇയ്യ് മുണ്ടാതിരിക്കിണ്?'....
അന്നു രാത്രി ഉമ്മ, ഉപ്പയോട് 'ഇങ്ങളെ എളേ മോന്‍ ഇന്ന് ഒറങ്ങുംന്ന് തോന്നുന്നില്ല, ആയിശുമ്മു പഠിപ്പ് നിര്‍ത്തുകയാണെന്ന് ഓളെ ബാപ്പ പറഞ്ഞിക്കിണോലെ. ഇന്ന് ബൈന്നേരം കളിക്കാനും, കുളിക്കാനും ഒന്നും പോയിട്ടില്ല ഓന്‍'
ഉടനെത്തന്നെ ഉപ്പയുടെ പൊട്ടിച്ചിരി പടര്‍ന്നു. 'അവളെ ഓനെക്കൊണ്ട് കെട്ടിക്കാമെന്ന് പറഞ്ഞോ.. ഓള ബാപ്പനെ ഞാന്‍ പോയി കണ്ടോളാം'. ആ വാക്കുകളാണ് ബാപ്പയോട് കൂടുതല്‍ ഇഷ്ടം തോന്നാന്‍ ഇടയാക്കിയത്.
സ്‌കൂള്‍ പൂട്ടുന്ന ദിവസം. അവസാന ബെല്ലടിച്ച തിനു ശേഷം ഓടിവന്ന് കൈ പിടിച്ച് അവള്‍ പറഞ്ഞു 'ഈ ചെക്കനെ ഞാന്‍ ഇനി എന്നാ കാണ്വാ? എന്നെ മറക്ക്വാ?'
അവളുടെ കണ്ണുകളില്‍ ഈറനണിഞ്ഞു. എന്റെ നെഞ്ചിടിപ്പിന്റെ വേഗതകൂടി. ഞാന്‍ കുറച്ചുകൂടി ചേര്‍ന്നുനിന്ന് അവളുടെ ചെവിയില്‍ പതുക്കെ പറഞ്ഞു: 'അന്നെ ഇന്നെ കൊണ്ട് കെട്ടിക്കൂന്ന് ഇന്റെ ബാപ്പ ഉമ്മാനോട് പറീണത് ഞാന്‍ കേട്ട് '.
അവളുടെ കണ്ണുകളില്‍ തിളക്കത്തിന്റെ പൂത്തിരികള്‍ മിന്നിമറിഞ്ഞു. 'സത്യാ? അങ്ങനെ പറഞ്ഞോ?' 'സത്യം, ഞാന്‍ കേട്ടതാണ് ' പെട്ടെന്ന് കൈവിട്ട് നാണത്തോടെ അവള്‍ മറ്റു കുട്ടികള്‍ക്കൊപ്പം നടന്നുമറഞ്ഞു.
'ഇതെന്താ പത്രം വായിക്ക്വാണോ, അതോ സൊപ്‌നം കണ്ടിരിക്ക്വാണോ?' ഭാര്യയുടെ ശബ്ദം ഓര്‍മകളെ മുറിച്ചു. ധൃതിയില്‍ കുളിച്ചുവന്നു. 'ബാലാ, വണ്ടിയെടുക്ക്, ഒന്ന് പുറത്തുപോണം'. തിരൂരിലെത്താന്‍ ഇനി ഏഴു കിലോമീറ്റര്‍ കൂടിയുണ്ട്. അഞ്ചാംതരം വരെ പഠിച്ച സ്‌കുളിനടുത്തെത്തിയപ്പോള്‍ ഡ്രൈവറോട് പറഞ്ഞു: 'വണ്ടി സൈഡാക്ക്, ഇവിടെ ഒരാളെ കാണാനുണ്ട് '.
ഇറങ്ങി തൊട്ടുമുന്നിലുള്ള ചായക്കടക്കാരനോട് : 'ഇവിടെ പണ്ട് ചായക്കച്ചവടം ചെയ്തിരുന്ന കൊട്ടറക്കല്‍ വീരാന്‍കുട്ടി ഹാജി എന്നയാളുടെ വീട് ?'. ചായക്കടക്കാരന്‍ ഓര്‍മകള്‍ പരതി. മൊബൈല്‍ ഫോണെടുത്ത് കറക്കി ആരോടോ സംസാരിച്ച ശേഷം 'നിങ്ങള്‍ പറഞ്ഞയാള്‍ മരിച്ചിട്ട് ഒരുപാടായി. ഇപ്പോള്‍ അയാളുടെ മകനും കുടുംബവുമാണ് താമസം. ഈ റോഡിലൂടെ ഒന്നര കിലോമീറ്റര്‍ പോണം. ഇവിടെ ഓട്ടോ കിട്ടൂല. നടന്നു പോകേണ്ടിവരും'. 'കൊട്ടിറക്കല്‍ മൊയ്തുട്ടിയുടെ വീട് എവിടാന്ന് ചോദിച്ചാല്‍ മതി'. നേരിയ ചാറ്റല്‍ മഴയുണ്ട്. ചെറിയ തണുപ്പുള്ള കാറ്റും. കുറച്ചു മുന്നോട്ട് ചെന്നപ്പോള്‍ റോഡ് ഇടവഴിയായി. എതിരെ വന്നയാളോട് വീട് അന്വേഷിച്ചപ്പോള്‍ മനസിലായില്ല.
എങ്ങോട്ടാണ് പോകുന്നത്? അറുപത് വര്‍ഷം മുന്‍പ് ഒന്നും പറയാതെ പിരിഞ്ഞുപോയ പെണ്‍കുട്ടി. ഇന്നവള്‍ ജീവിച്ചിരിപ്പുണ്ടോ? ആര്‍ക്കറിയാം! ഒരുപക്ഷേ കുട്ടികളും പേരക്കുട്ടികളുമായി രണ്ടാമത്തെയോ മൂന്നാമത്തേയോ തലമുറയോടൊത്ത് അമ്മൂമ്മയായി കഴിയുന്ന അവളെ എന്തിനാണ് ഞാന്‍ ഇത്ര പാടുപെട്ട് കാണാന്‍ പോകുന്നത്? ഇത് ഭ്രാന്തല്ല, എന്റെ മനസില്‍ എന്നും അവളുണ്ടായിരുന്നു. ഉള്ളിന്റെയുള്ളില്‍... അയാളുടെ മനസു മന്ത്രിച്ചുകൊണ്ടേയിരുന്നു.
എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി എന്‍ജിനീയറിങ് ഡിപ്ലോമയും കഴിഞ്ഞ് മഹാരാഷ്ട്രയില്‍ ആദ്യത്തെ നിയമനം കിട്ടി പോകുമ്പോഴും എട്ടൊന്‍പത് വര്‍ഷം അവിടെ ജീവിച്ചപ്പോഴും അവളുണ്ടായിരുന്നു കൂടെ. ഇരുപത്തേഴാമത്തെ വയസില്‍ വിവാഹം നടന്നപ്പോഴും കൂടെയുണ്ട്. അവിടുത്തെ ജോലി രാജിവച്ച് ഗള്‍ഫില്‍ പോയപ്പോഴും അവള്‍ ഉറങ്ങിയും ഉണര്‍ന്നും ആത്മാവിന്റെ തോഴിയായി മനസിലുണ്ടായിരുന്നു. ഇതെന്താ ഇങ്ങനെ? ആ ചോദ്യത്തിനു മാത്രം ഉത്തരമുണ്ടായിരുന്നില്ല. അവളെന്റെ ആരോ ആണ്.
എന്‍ജിനീയറിങ് ഡിപ്ലോമ അവസാനവര്‍ഷം പഠിക്കുമ്പോഴാണ് അഞ്ചാംക്ലാസില്‍ കൂടെ പഠിച്ച നബീസയെ യാദൃച്ഛികമായി കല്യാണവീട്ടില്‍ വച്ച് കണ്ടത്. അവള്‍ പറഞ്ഞതാണ്. അഞ്ചാംതരം പാസായ ശേഷം മൂന്നുവര്‍ഷം കഴിഞ്ഞ് ആയിശുമ്മുന്റെ വിവാഹം നടന്നെന്ന്. എങ്ങോട്ടാണ്. ആരാണ് എന്നൊന്നും നബീസക്ക് ഓര്‍മയില്ല.
'നിങ്ങളാരാ'-വഴിപോക്കനായ ചെറുപ്പക്കാരന്റെ ചോദ്യം- 'എങ്ങോട്ടാ പോണ് '.
'കൊട്ടിറക്കല്‍ മൊയ്തുട്ടി എന്ന ആളുടെ വീട്ടിലേക്കാണ്.'
'വീടറിയില്ലേ?' 'ഇല്ല'. 'ഒരു നൂറുമീറ്റര്‍ കൂടി മുന്നോട്ട് പോയാല്‍ ഇടത്തോട്ടും വലത്തോട്ടും ഓരോ വഴിയുണ്ട്. ഇടത്തോട്ടുള്ള വഴിയേ കുറച്ചു നടന്നാല്‍ വലതുവശത്ത് ഓടിട്ട പഴയ വീടാണ്, ഓടിട്ട വീട് അത് മാത്രമേ അവിടെയുള്ളൂ. അതുകൊണ്ട് വഴിതെറ്റൂല'.
ചെറിയ ചാറ്റല്‍മഴ അപ്പോഴും തുടരുന്നുണ്ടായിരുന്നു. അല്‍പമകലെയായി ഓടിട്ട വീട് കണ്ടു. ഇവിടെ അവളുണ്ടാകുമോ.. അവളെന്നെ തിരിച്ചറിയുമോ... തിരിച്ചറിയുമെന്ന് തീര്‍ച്ചായാണ്. അതുറപ്പാണ്. ക്വാളിങ് ബെല്‍ ഇല്ലാത്തതിനാല്‍ അല്‍പം ഉയര്‍ന്ന ശബ്ദത്തില്‍ ചോദിക്കേണ്ടി വന്നു. 'ഇവിടെ ആളില്ലേ ?'
'ഉണ്ടല്ലോ, ആരാ'
പ്രായംചെന്ന ഒരാള്‍ പുറത്തുവന്നു. 'ഇതാണോ കൊട്ടിറക്കല്‍ മൊയ്തുട്ടിയുടെ വീട് ?' 'ഉം.. ഞാനാണ് മൊയ്തുട്ടി, കയറിയിരിക്കിന്‍, ബീവാത്തൂ, കുടിക്കാന്‍ വെള്ളം കൊണ്ടുവാ'
പറഞ്ഞത് എന്റെ കിതപ്പു കണ്ടിട്ടാണെന്ന് മനസിലായി. മധ്യവയസ്‌കയായ സ്ത്രീ കൊണ്ടുവന്ന വെള്ളം രണ്ടു ഗ്ലാസ് കുടിച്ചു.
'അധികം നടന്ന് ശീലമില്ല. കിതച്ചുപോയി'. 'അതു സാരമില്ല,എന്താ കാര്യം?'
'ഒന്നുല്ല്യ. ഞാന്‍ നിങ്ങളെ പെങ്ങള്‍ ആയിശുമ്മു ഇപ്പോ എവിടെയാണ് എന്നറിയാന്‍ വന്നതാ. ഞങ്ങള്‍ അഞ്ചാംക്ലാസു വരെ ഒന്നിച്ചു പഠിച്ചവരാണ്. പിന്നീട് ഇന്നേവരെ പരസ്പരം കണ്ടിട്ടില്ല. ഇപ്പോള്‍ അറുപത് വര്‍ഷമായി, വെറുതെ അവളെ കാണാനൊരു പൂതി'.
'നിങ്ങള്‍ ആരാ, എവിടെയാണ് വീട് ?'
വിശദമായി പറഞ്ഞുകൊടുത്തു. പക്ഷേ മൊയ്തുട്ടി പൂര്‍ണമായും ഉള്‍ക്കൊള്ളാത്തപോലെ. 'മച്ചിങ്ങല്‍ ഖാദറിനെ കേട്ടിട്ടുണ്ടോ'- ഞാന്‍ ചോദിച്ചു. 'ആ കവിതയും പാട്ടുമൊക്കെ എഴുതുന്ന ആളല്ലേ? കേട്ടിട്ടുണ്ട് '
'അതെ ഞാന്‍ അദ്ദേഹത്തിന്റെ അനുജനാണ് '
'അയാളെ നേരിട്ടു പരിചയമില്ല . പക്ഷേ കണ്ടിട്ടുണ്ട്. ഇടയ്‌ക്കൊക്കെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് റോട്ടിലൂടെ പോകുന്നതു കാണാം.'
'അപ്പോ, ആയിശുമ്മു ഇവിടെയുണ്ടോ?'എന്റെ ആകാംക്ഷ പെട്ടന്ന് പുറത്തുചാടി. 'ആയിശുമ്മുതാത്ത ഇവിടെയില്ല. കെട്ടിച്ചയച്ച വീട്ടിന്റെ അടുത്ത് വീടുണ്ടാക്കി അവിടെയാണ് താമസം. താത്തയും അളിയാക്കയും പേരക്കുട്ടികളുമൊക്കെയായി തിരക്കാണ്. ഇങ്ങോട്ടൊന്നും ഇപ്പോള്‍ അധികം വരാറില്ല.'
'ഓളെ അഡ്രസൊന്ന് തരുമോ? അവിടെ പോയി കാണാനാ?'
അയാള്‍ ഉറക്കെ ചിരിച്ചു 'ഇതിപ്പോ നല്ല രസാണല്ലോ. അറുപത് കൊല്ലം കഴിഞ്ഞിട്ട് ഇപ്പളെന്താ ഓളെ കാണാനൊരു പൂതി. ഇങ്ങളും ഇങ്ങളെ ഇക്കാക്കനെ പോലെ എഴുത്തുകാരനാണോ ? '
ഉത്തരം ഞാനൊരു പുഞ്ചിരിയില്‍ ഒതുക്കി. 'ഇന്നിപ്പോ പോയിട്ട് ഓളെ കാണാന്‍ പറ്റ്വോന്ന് അറിയൂല. നേരം വൈകീല്ലേ?
'അത് സാരല്യ. ഇങ്ങള് വഴി പറഞ്ഞുതന്നാല്‍ ഞാന്‍ പിടിച്ചോളാം.' മൊയ്തുട്ടി അഡ്രസ് കൈമാറി. അവിടെനിന്ന് പത്തു കിലോമീറ്ററോളമേ ദൂരമുള്ളൂ. പക്ഷേ, അവസാനം ഒന്നര കിലോമീറ്റര്‍ നടക്കണം. തിരിച്ചു നടക്കുമ്പോള്‍ ദൂരം കുറഞ്ഞതുപോലെ. വീണ്ടും വാഹനത്തില്‍ ഓര്‍മയില്‍ കൊണ്ടുനടക്കുന്ന ആ ബാല്യകൂട്ടുകാരിയെ തേടി പുറപ്പെട്ടു. പത്തു കിലോമീറ്ററില്‍ എട്ടും പിന്നിട്ട് ഒരു അങ്ങാടിയിലെത്തി. കാറില്‍ നിന്നിറങ്ങി അടുത്ത കടക്കാരന് അഡ്രസ് കാണിച്ചു.
'ഈ സ്ഥലത്തെത്താന്‍ നിങ്ങള്‍ വണ്ടി തിരിച്ച് അര കിലോമീറ്റര്‍ പിറകോട്ടു പോണം. കണ്ടംതോട് എന്ന അങ്ങാടിയിലെത്തും. അവിടെ നിന്ന് ഒരു ചെറിയ റോഡ് വലത്തോട്ട് പോകുന്നുണ്ട്. ആ റോഡില്‍ അരകിലോമീറ്റര്‍ ചെന്നാല്‍ ഇടത്തോട്ട് തിരിയണം. പൂളക്കണ്ടം എന്ന സ്ഥലത്ത് നിര്‍ത്തി ആരോട് ചോദിച്ചാലും വീട് പറഞ്ഞുതരും'.
ആയുശുമ്മുവിന്റെ വീട്ടില്‍ എത്തിയപ്പോഴേക്കും തളര്‍ന്നിരുന്നു. ഇളം തെന്നല്‍ കുളിരുനല്‍കിയില്ല. വിയര്‍ത്തൊലിച്ച ശരീരവും ക്ഷീണച്ച മുഖവുമായി ക്വാളിങ് ബെല്ലില്‍ വിറയാര്‍ന്ന വിരലമര്‍ന്നു. ചുവന്ന കള്ളിത്തുണിയും നീല ഷര്‍ട്ടും ചുമലില്‍ വെള്ള മുണ്ടുമായി പ്രായക്കൂടുതല്‍ തോന്നിക്കുന്ന മെലിഞ്ഞു നീണ്ട മനുഷ്യന്‍ പുറത്തേക്കുവന്നു.
'ആരാ, എന്താ വേണ്ടത്?'
ഹൃദയമിടിപ്പ് കൂടുന്നത് നന്നായി അറിഞ്ഞു. ധൈര്യം സംഭരിച്ചു ചോദിച്ചു: 'ഇത് ആയിശുമ്മൂന്റെ വീടല്ലേ?'
'അല്ല, എന്റെ വീടാണ്. ആയിശുമ്മു എന്റെ ഭാര്യയാണ്.'-ഞൊടിയിടയില്‍ ഉത്തരം.
ഞാനൊന്നു വിരണ്ടു . ചമ്മല്‍ കാണിക്കാതെ പുഞ്ചിരിച്ചു. അയാള്‍ ഗൗരവത്തില്‍ തന്നെ. 'ഞാന്‍ ആയുശുമ്മുവിന്റെ തറവാട്ടില്‍ പോയി ആങ്ങള മൊയ്തുട്ടിയെ കണ്ടിട്ടാണ് വരുന്നത്. അളിയനാണ് എനിക്ക് നിങ്ങളുടെ അഡ്രസ് തന്നത്.'
'മൊയ്തുട്ടി നിങ്ങളുടെ അളിയാനാണോ?' ഗൗരവം ഒട്ടും കുറഞ്ഞിട്ടില്ല. വീണ്ടും ചമ്മി!. 'അല്ല, നിങ്ങളുടെ അളിയന്‍ എന്നാണു പറഞ്ഞത് '.
'ശരി കയറിയിരിക്കിന്‍'. ഗൗരവം അല്‍പം കുറഞ്ഞിട്ടുണ്ട്.
'ഞാനും ആയിശുമ്മുവും ഒന്നാംക്ലാസു മുതല്‍ അഞ്ചാം ക്ലാസു വരെ ഒന്നിച്ച് പഠിച്ചതാണ്. പിന്നെ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ അറുപതു വര്‍ഷമായി. വെറുതെ ഒന്ന് കാണാന്‍ ഒരാഗ്രഹം. അത്രയെയുള്ളൂ.'
'ആയിശുമ്മോ, അന്നെ കാണാന്‍ ഒരാള് വന്നിട്ടുണ്ട്. ഒന്നിങ്ങട്ട് വന്നേ'.
'ചായക്ക് വെള്ളം വച്ചിട്ട് പോന്നാ മതി.' ഞാന്‍ ആകാംക്ഷയോടെ വാതില്‍ക്കല്‍ നോക്കിയിരുന്നു. നെഞ്ചിടിപ്പിന്റെ വേഗത ഇപ്പോള്‍ കൃത്യമായി അളക്കാം. എങ്ങനെയുണ്ടാകും ആ പഴയ തൊട്ടാവാടി? പിടിവാശി ഇപ്പോഴും ഉണ്ടാകുമോ? ഞാവല്‍ മരത്തില്‍ കയറി കുലുക്കിയപ്പോള്‍ കൊമ്പൊടിഞ്ഞു താഴെ വീഴുന്നതും നോക്കി പൊട്ടിച്ചിരിച്ചത് ഒരുവേള മനസില്‍ മിന്നി. ആ നിഷ്‌കളങ്കത ഇപ്പോളുമുണ്ടാകുമോ? ...
വാതിലിന്റെ മറവില്‍ നിന്ന്, കറുത്ത കാച്ചിത്തുണി, അരക്കു താഴെ വരെ നീളുന്ന കുപ്പായം, തലയില്‍ തട്ടം, കാതില്‍ സ്വര്‍ണക്കമ്മല്‍, നേര്‍ത്ത സ്വര്‍ണച്ചെയിന്‍... പ്രായംചെന്ന സ്ത്രീ പുറത്തേക്ക് വന്നു. മുഖത്തെ പ്രസന്നത മങ്ങിയിട്ടുണ്ട്. എന്നാലും കണ്ണുകളില്‍ പഴയ ദീപ്തി ഇപ്പോഴുമുണ്ട്. പഴയ മുല്ലപ്പൂ നിറമുള്ള പല്ലുകളില്‍ അധികം ബാക്കിയില്ലെന്ന് തോന്നുന്നു. തട്ടം തെന്നിമാറുമ്പോള്‍ വെളുത്ത മുടി പുറത്തു കാണാം.
പെട്ടന്നാണ് ഭര്‍ത്താവിന്റെ ചോദ്യമുയര്‍ന്നത്. 'ഈ ആളെ നീ അറിയോ'
ഒരു നിമിഷം മൗനിയായി ആയുശുമ്മു പറഞ്ഞു
'ഇല്ലല്ലോ, ഇതാരാ?'. 'ഇന്നു കാലത്തു മുതല്‍ ഇയാള്‍ നിന്നെ അന്വേഷിച്ച് കറങ്ങുകയാണെന്നാണ് പറഞ്ഞത്. വീട്ടില്‍പോയി നിന്റെ ആങ്ങള മൊയ്തുട്ടിയെ കണ്ട് അഡ്രസ് വാങ്ങിയുള്ള വരവാ.'
പെട്ടെന്ന് ഞാന്‍ ചോദിച്ചു: 'ആയിശുമ്മൂന് എന്നെ മനസിലായില്ലേ ? അഞ്ചു കൊല്ലം നമ്മള്‍ ഒരുമിച്ച് പഠിച്ചതല്ലേ ? ഒന്നുതൊട്ട് അഞ്ചുവരെ. ഒക്കെ മറന്നു പോയോ?'
അവള്‍ ഒന്നും മിണ്ടാതെ എന്തോ ആലോചിച്ച് തലതാഴ്ത്തി. 'എന്താടി ഓര്‍മയില്ലേ നിനക്ക്?'- ഭര്‍ത്താവ്. 'നിങ്ങളുടെ സ്ഥലം എവിടെയാ?'-ആയിശുമ്മു.
'വെട്ടിച്ചിറ, ഇപ്പോ ഓര്‍മയായോ?. നീ വാളന്‍പുളി വേണമെന്ന് പറഞ്ഞ് കരഞ്ഞപ്പോള്‍ മരത്തില്‍ കയറി പുളി പറിച്ചുതന്നിരുന്ന ഖാലിദ് എന്ന കുട്ടിയെ ഓര്‍മയില്ലേ?'
'ഇപ്പറഞ്ഞതൊന്നും എന്റെ ഓര്‍മയിലില്ല'. ഉടനെ ഭര്‍ത്താവ്: 'ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ. അറുപതു കൊല്ലം നിങ്ങള്‍ എവിടെയായിരുന്നു? ഇപ്പോ മരിക്കാന്‍ കാലത്ത് കാണണമെന്ന് തോന്നാനെന്താ കാരണം? ആദ്യം കാണുമ്പോള്‍ രണ്ടാളും ആറുവയസുള്ള കുട്ടികളല്ലേ. പിരിയുമ്പോള്‍ രണ്ടാള്‍ക്കും പതിനൊന്ന്. പിന്നെ കാണാന്‍ വരുന്നത് എഴുപത്തിയൊന്നാമത്തെ വയസിലും. പിന്നെയെങ്ങനെ ഓര്‍ത്തെടുക്കാന്‍ കഴിയും'...
രംഗം നിശബ്ദമായി നീളുന്നതിനിടെ 'ഇരുട്ടായാല്‍ ഇവിടുന്ന് റോട്ടിലെത്താന്‍ ബുദ്ധിമുട്ടാകും'.
ഞാന്‍ ഉടനെ എഴുന്നേറ്റു. ' എന്നാല്‍ ഞാനിറങ്ങട്ടെ' - പറഞ്ഞുതീരും മുന്‍പ് അവളുടെ വാക്കുകള്‍ 'ഇരിക്കിന്‍ ഞാന്‍ ചായ കൊണ്ടരാം'. നിരാശനായി അവളെ നോക്കിയിരുന്നു.
ചായയും പലഹാരവുമായി ആയിശുമ്മു തിരിച്ചുവന്നു. ചായ കുടിച്ച് തീരുന്നതുവരെ വാതിലില്‍ ചാരി അവള്‍ അലക്ഷ്യമായി ദൂരെ നോക്കിനിന്നു. മുഖത്ത് നിസ്സംഗത മാത്രം. സന്തോഷമോ സന്താപമോ എന്ന് തിരിച്ചറിയാനാകുന്നില്ല.
അവളുടെ ഭര്‍ത്താവ് കൈപിടിച്ചു കുലുക്കി. ഞാന്‍ അവള്‍ക്കുനേരെ കണ്ണുകൊടുത്തു. അവളോട് യാത്ര ചോദിക്കാന്‍.. ഒന്നുകൂടി മുഖത്ത് നോക്കിയെങ്കിലും ആ തിളങ്ങുന്ന കണ്ണുകള്‍ എന്റെ നേരെ തിരിഞ്ഞില്ല.
ഒരുപാട് കാണാന്‍ ആഗ്രഹിച്ച പുഞ്ചിരി ചുണ്ടില്‍ വിരിഞ്ഞില്ല. ഒന്നും മിണ്ടാതെ പുറത്ത് ഊരിവച്ച ചെരുപ്പിട്ട് മുറ്റത്തേക്കിറങ്ങി. വന്ന വഴിയെ തിരിച്ചുനടന്നു. കാറ്റിലാടുന്ന നെല്‍വയലിനിടയില്‍ ചളിയില്ലാത്ത വരമ്പിലൂടെ ഞാന്‍ ധൃതിയില്‍ നടന്നു. മനസിലും പരിസരത്തും ഇരുട്ട് പടര്‍ന്നു. ചുവടുകള്‍ക്ക് വേഗം കൂടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  12 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  12 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  12 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  12 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  12 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  12 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  12 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  12 days ago