വിശപ്പ്
ഹൈദരാബാദ് യാണ്ടത്രയില്‍ മണ്ടറണ്ടക്കാനാവാത്ത അനുഭവമാണ് ആ മനുഷ്യന്‍. ചാര്‍മിനാറും മക്കാ മസ്ജിദും കാണാന്‍ റോഡുപണി നടക്കുന്നതിനാല്‍ അടുത്ത ടൗണില്‍ ഞങ്ങളുടെ ബസ് നിറുത്തി നടക്കേണ്ടിയിരുന്നു. അല്‍പം നടന്നപ്പോഴാണ് അയാള്‍ ശ്രദ്ധയില്‍പെടുന്നത്. ചപ്പുകള്‍ കൂട്ടിയിട്ട റോഡരികില്‍ അലസമായി എന്തോ തിരയുന്ന അയാളുടെ രൂപഭാവങ്ങള്‍ അത്ര പരുക്കനല്ല. സാമാന്യം മാന്യനായ ഒരാള്‍.
മുഖത്ത് എന്തോ വല്ലായ്മയുണ്ടെന്നു കാണുന്ന ആര്‍ക്കും മനസിലാകും. ഞങ്ങളുടെ സംഘം കടന്നുപോകുന്നതു വരെ അയാള്‍ യാതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ തിരിഞ്ഞും മറിഞ്ഞും സമയം ചെലവഴിച്ചു. പക്ഷേ, പന്തികേടു തോന്നിയ എനിക്കു മാറിനിന്ന് അയാളെ വീക്ഷിക്കണമെന്ന താല്‍പര്യം കലശലായി.
ഗൈഡിന്റെ നിര്‍ദേശം അവഗണിച്ച് എന്റെ ചലനത്തിന്റെ വേഗം കുറച്ചു. ഞാന്‍ ആ മുനുഷ്യനെ തന്നെ നിരീക്ഷിച്ചു. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി തന്റെ പ്രവൃത്തിയിലേക്കു തിരിയുകയാണ് അയാള്‍. തൊട്ടുമുന്‍പു കൊണ്ടുവന്നു തട്ടിയ ഏതോ ഹോട്ടല്‍ ഭക്ഷണ അവശിഷ്ടത്തിലാണ് ആ മനുഷ്യന്‍ നില്‍ക്കുന്നത്. അല്‍പം മുന്നിലേക്കാഞ്ഞ് എന്തോ തിരയാന്‍ തുടങ്ങി. എന്റെ ജിജ്ഞാസ വര്‍ധിച്ചു. ചില ഇലകളും വേസ്റ്റ് പാത്രങ്ങളും തട്ടിമറിച്ചിട്ടു.
കാലുകൊണ്ട് ചിലത് നീക്കിമാറ്റി. ഞാനയാളില്‍ തന്നെ കണ്ണ് തറപ്പിച്ചുവച്ചിരിക്കുകയാണ്. ഒരു ഉള്‍വിളിപോലെ പെട്ടന്നയാള്‍ തലപൊക്കി. ഞാന്‍ നില്‍ക്കുന്ന ഭാഗത്തേക്കാണു നോക്കിയത്. പക്ഷേ, ക്ഷണനേരം കൊണ്ട് തിരിഞ്ഞുകളഞ്ഞതിനാല്‍ അയാള്‍ക്കെന്നെ സംശയമുണ്ടായില്ല.
രണ്ടാമത് ഞാന്‍ നോക്കുമ്പോള്‍ അയാളുടെ മുഖത്ത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷത്തിന്റെ പ്രകാശം വിരിയുന്നതു കണ്ടു. സന്തോഷാധിക്യത്താല്‍ അപ്പോളയാള്‍ പരിസരം മറന്നിരിക്കുന്നു. കൈയിലേക്കു നോക്കുകയും ആരോടെന്നില്ലാതെ എന്തോക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഞാനാ കൈകളിലേക്കു സൂക്ഷിച്ചു നോക്കി. ആ രംഗം എന്റെ നയനങ്ങളെ സജലങ്ങളാക്കി. എന്നെ സ്തബ്ധനാക്കി. ശരിക്കും വിറയലനുഭവപ്പെടുന്നു. ദൃഢഗാത്രനും സുമുഖനും അത്ര പഴകിയിട്ടില്ലാത്ത വാസ്ത്രധാരിയുമായ ആ മനുഷ്യന്‍ പട്ടിണിയുടെ തീച്ചൂളയില്‍ വെന്തുരുകുന്ന ജീവനാണെന്ന് പെട്ടെന്നു മനസിലായി.
ആരോ തിന്ന് ഉപേക്ഷിച്ച കോഴിക്കാലിന്റെ ബാക്കിവന്ന ഭാഗം കടിച്ചുവലിക്കുകയാണ് അയാള്‍, വിശപ്പിന്റെ കാഠിന്യത്താല്‍ പരിസരം മറന്ന്. ഞാന്‍ നടക്കാനൊരുങ്ങുമ്പോള്‍ മക്കാമസ്ജിദും ചാര്‍മിനാറും കണ്ട് സുഹൃത്തുക്കള്‍ മടങ്ങി വരാന്‍ തുടങ്ങിയിരിക്കുന്നു. മനസിലെവിടെയോ അറിയാതെ കടന്നുകൂടിയ വല്ലാതെ നോവുന്ന നൊമ്പരവുമായാണ് ആ യാത്ര അന്ന് അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."