പ്രവാസ ലോകത്തും പൂരാഘോഷം
മനാമ:തൃശൂരിന്റെ ഉത്സവാവേശത്തെ അതേ ചൂടില്‍ നിറച്ച് ബഹ്‌റൈനില്‍ നടന്ന പൂരാഘോഷം ആവേശമായി. സംസ്‌കാര തൃശൂര്‍ പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ കേരളീയ സമാജം ഹാളിലാണ് പൂരാഘോഷം സംഘടിപ്പിച്ചത്. പൂരം കാണാനെത്തിയ പ്രവാസികളെ കൊണ്ട് ഹാളിന്റെ അകവും പുറവും നിറഞ്ഞുകവിഞ്ഞു.
തൃശൂര്‍ പൂര നഗരിയുടെ മാതൃക പുന:സൃഷ്ടിച്ച് ആചാര ക്രമങ്ങളെല്ലാം പരമാവധി പാലിച്ചുകൊണ്ടാണ് പൂരം നടന്നത്. ആനകളുടെ രൂപങ്ങള്‍ നിര്‍മിച്ച് മുകളില്‍ ആളെ ഇരുത്തിയ കുടമാറ്റം, ശിങ്കാരിമേളം, പഞ്ചാരിമേളം, ഇലഞ്ഞിത്തറ മേളം തുടങ്ങിയവയെ തുടര്‍ന്നുള്ള ഡിജിറ്റല്‍ വെടിക്കെട്ടും നന്നായി ആസ്വദിച്ചു.മാസങ്ങളായുള്ള സംഘാടകരുടെ അധ്വാനവും അണിയറ ഒരുക്കങ്ങളുമാണ് ആയിരങ്ങളെ ആവേശത്തിലാക്കിയ പൂരംമാതൃകയെ വിജയത്തില്‍ എത്തിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം 4 മുതല്‍ കേളികൊട്ടോടെയാണ് കൊടിയേറ്റം തുടങ്ങിയത്. എഴുന്നള്ളിപ്പിന് പഞ്ചാരിമേളം അകമ്പടിയായി.
ശിങ്കാരിമേളത്തോടെ കാവടിയാട്ടം,നാടന്‍ കലാരൂപങ്ങള്‍ എന്നിവ അണിനിരന്ന ചെറുപൂരവും നടന്നു. ശേഷം ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഇലഞ്ഞിത്തറ മേളത്തില്‍ സന്തോഷ് കൈലാസിന്റെ നേതൃത്വത്തിലുള്ള 101 പേര്‍ അണിനിരന്നു.
അവസാനം കുടമാറ്റവും ഡിജിറ്റല്‍ വെടിക്കെട്ടും നടന്നു.
നാട്ടിലെ പൂര ചടങ്ങുകളോരോന്നും കണ്‍മുന്നില്‍ അരങ്ങേറിയപ്പോള്‍ തൃശൂരിലെ പൂരാങ്കണത്തില്‍ എത്തിചേര്‍ന്ന പ്രതീതിയിലായിരുന്നു പലരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."